എന്റെ ബിന്ദൂ
കാളവണ്ടി എഴുതാന്‍ തുടങ്ങുമ്പോള്‍ മറ്റു പല കഥകളും ബാക്കി വെച്ചിട്ടായിരുന്നു... ഇതെല്ലാം ഇനി എഴുതി മുഴുമിപ്പിക്കണം.
അതിനു മുന്‍പേ പല പുതിയ കഥകളും എന്റെ മുന്നില്‍ കിടന്ന് കളിക്കുന്നു.
ഇന്ന് കാലത്ത് ഉമ്മറത്തിരുന്ന് ചായ കുടിക്കുമ്പോള്‍ കാക്കകള്‍ ഒരേ കരച്ചില്‍.......... ആദ്യം കാക്കകളെ എറിഞ്ഞോടിക്കാന്‍ തോന്നി....
പിന്നെ അത് വേണ്ടെന്ന് വെച്ചു..
ആ കാക്കകളൊക്കെ മരിച്ചു പോയ അച്ചനമ്മമാരുടെ പ്രേതങ്ങളായാണെനിക്ക് തോന്നിയത്. ഇനി നാളെ മുതല്‍ അവയെ തീറ്റണം ഞാന്‍ എന്തെങ്കിലും ആഹരിക്കുന്നതിനു മുന്‍പ്.
എന്റെ മനസ്സില്‍ ഇതൊരു കഥയായി രൂപപ്പെട്ട് കഴിഞ്ഞു. ഇനി ഇപ്പൊ എന്താ ചെയ്യാ ബിന്ദു. മോളിങ്ങോട്ട് വാ അങ്കിളിനെ സഹായിക്കാന്‍. പഴയത് പൂര്‍ത്തീകരിക്കാതെ, പുതിയതിലേക്ക് കടക്കുന്നു. അങ്കിളിനാണെങ്കില്‍ ശാരീരികമായി അസ്വഥ്യങ്ങളും. തല വേദന, കഴുത്ത് വേദന, ബേട് സ്റ്റൊമക്ക്അങ്ങിനെ പലതും.
വയസ്സ് അറുപതേ കഴിഞ്ഞുള്ളുവെങ്കിലും, 90 ന്റെ പ്രതീതി. കാര്‍ന്നവന്മാരെയെല്ലാം, കാലാ കാലങ്ങളില്‍ അറുപതിനോടടുക്കുമ്പോള്‍ ദൈവം തമ്പുരാന്‍ കൊണ്ടോയി..
ഈ എന്നെ മാത്രം ആര്‍ക്കും വേണ്ട, എനിക്ക് തീരെ വയ്യാണ്ടായി..
ഒരു ഉഷാറും ഇല്ല.
ഓരേ ദിവസവും കിടക്കുമ്പോള്‍ ഞാന്‍ വിചാരിക്കും, പിറ്റെ ദിവസം എഴുന്നേല്‍ക്കില്ലാ എന്ന്. ഈ കത്തെഴുതുമ്പോഴും എനിക്ക് വയ്യാ എന്റെ ബിന്ദുക്കുട്ടീ.
എന്റെ മോളെ, നിന്റെ സ്നേഹമാണെന്നെ പിടിച്ചു നിര്‍ത്തുന്നത്. മോളയച്ച പുതിയ ഹെഡ്ഡറുകള്‍ കിട്ടി. അങ്കിളിന് വളരെ സന്തോഷമായി..
എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ ബിന്ദു മോള്‍ക്ക് ഞാനെന്താ പ്രത്യുപകാരമായി തരിക. മോളുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി അങ്കിള്‍ അച്ചന്‍ തേവരോട് എന്നും പ്രാര്‍ത്ഥിക്കാറുണ്ട് . അങ്കിളിനിപ്പോള്‍ അത്രയല്ലെ ചെയ്യാനൊക്കൂ...
മോള് പേടിക്കേണ്ട. എല്ലാം ദൈവ നിശ്ചയമാണ്. ഒരു സുദിനം വരും മോളെ, സമാധാനിക്കുക. അങ്കിളിന് ഇവിടുത്തെ കുട്ടിക്കും അവിടെത്തെ കുട്ടിക്കുമുണ്ടാകുന്ന സന്തതികളെ കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്തോ..
കാക്കളുടെ കരച്ചില്‍ നിര്‍ത്തണം. തറവാട്ടില്‍ ചേച്ചി വീട്ടിലാരും ഭക്ഷിക്കുന്നതിന് മുന്‍പ് കാക്കളെ ഊട്ടാറുണ്ട്. ശ്രീരാമന്‍ അവന്റെ ഭാര്യയുടെ അമ്മ മരിച്ചതിനാല്‍ വധൂഗൃഹത്തിലായിരിക്കാം. അപ്പോള്‍ കാക്കകള്‍ക്ക് അന്നം കിട്ടിയിട്ടുണ്ടാവില്ല..
ചേച്ചിയുടെ മരണ ശേഷവും, കാക്കകളെ ഊട്ടാന്‍ ശ്രീരാമന്‍ മറക്കാറില്ല.
പാവം കാക്കകള്‍ ചെറുവത്താനിയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ പറന്ന് വന്നതാകാം. എന്റെ തറവാട്ടിലെ പ്രേതങ്ങളൊന്നും ഇതു വരെ എന്നെ തേടി വന്നിട്ടില്ല. ആരായിരിക്കും.??
ഈ രണ്ട് പ്രേതങ്ങള്‍ കാക്കയുടെ രൂപത്തില്‍...
ചേച്ചിയോ, അതോ അച്ചനോ.??
മണ്മറഞ്ഞവര്‍ അനവധിയുണ്ട്...
അച്ചാച്ചന്മാരും, അച്ചമ്മയും, പാപ്പനും, മറ്റു കാര്‍ന്നന്മാരും...
പക്ഷെ അവര്‍ക്കൊന്നും ഈ ഉണ്ണിയോട് വാത്സല്യം ഉണ്ടായിരുന്നില്ല...
എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ എന്റെ ചേച്ചിയും, അച്ചനും തന്നെ...
ചേച്ചിക്ക് വയസ്സുകാലത്ത് എന്നോടിഷ്ടം കുറവായിരുന്നു...
ഞാന്‍ കുട്ട്യോള്‍ടെ പഠിപ്പ് കാരണം നേരത്തെ തന്നെ തൃശ്ശൂര്‍ക്ക് മാറി...
അപ്പോ തറവാട്ടില്‍ ശ്രീരാമന്‍ മാത്രമായി ചേച്ചിക്ക് കൂട്ട്.. പിന്നീട് അമ്മയി അമ്മപ്പോരുണ്ടായിരുന്നതിനാല്‍ ശ്രീമതിക്ക് സ്വഗൃഹം തടവറ പോലെ തോന്നിയത് സ്വാഭാവികം..
അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ...
കാര്യങ്ങളൊക്കെ എങ്ങിനെയായിരുന്നാലും, പെറ്റമക്കളെ ഒരമ്മയും വെറുക്കില്ല...
“എന്താ ഉണ്ണ്യേ....... നീ ഇവിടെക്കൊന്നും വരാറില്ലല്ലോ“........
ചേച്ചി എപ്പോഴും ചോദിക്കുക പതിവാ...
“ഞാന്‍ ഇടക്കൊക്കെ വരാറുണ്ടല്ലോ” .....
അങ്ങിനെ ഇടക്കൊക്കെ മാത്രം വന്നാല്‍ മതിയോ.?"
എപ്പോഴുമെപ്പോഴും വരേണ്ടേ ഉണ്ണ്യേ നീ....
നീ ഈ തറവാട്ടു കാരണവരാണ് അതു മറക്കേണ്ട ....
മരിച്ചു പോയ കാരണവന്മാരുണ്ടിവിടെ...
അവരെയൊക്കെ ആരാ ധിക്കണം...
കാലാ കാലങ്ങളില്‍ ബലിയിടണം.
നമ്മുടെ കുലദേവതകളെ മനസ്സില്‍ ധ്യാനിക്കണം..
കുടുംബക്ഷേത്രത്തില്‍ പോകണം.
“നീയെന്താ ഇത് വരെ കുടുംബക്ഷേത്രത്തില്‍ വിശേഷങ്ങള്‍ക്കൊന്നും വരാഞ്ഞെ എന്റെ മോനെ”
അതിനു നമ്മുടെ ഷേത്രമെവിടെ ഇപ്പോള്‍...
എല്ലാം അന്യാധീനപ്പെട്ടില്ലേ..? തറവാട് പാപ്പന്‍ ചതിയിലൂടെ കരസ്ഥമാക്കി... അച്ചമ്മയും അതിന് കൂട്ടുനിന്നു...
അന്തിത്തിരി കൊളുത്താതെ കുടുംബ ക്ഷേത്രവും, പാമ്പിന്‍ കാവും, രക്ഷസ്സും എല്ലാം പോയില്ലേ...
ഇനി ഇപ്പോ എവിടെയാ എന്റെ ആരാധനാമൂര്‍ത്തി...
ഞാനെന്നും കുളി കഴിഞ്ഞാല്‍ ആദ്യം നമിക്കുന്നത് എന്റെ പരദേവതകളെയാ...
അവര്‍ എന്നും എന്റെ മനസ്സിലുണ്ട് എന്റെ ചേച്ചിയേ.
ഈ ഉണ്ണി അവരെ മറക്കുകയില്ല...
കടത്തനാട്ട് മണ്ണില്‍ പിറന്ന നമ്മുടെ കാരണവന്മാര്‍ക്കുണ്ടായിരുന്ന ആയുധാഭ്യാസം മാത്രം ഈ ഉണ്ണിക്ക് കിട്ടിയില്ല...
എന്നാലും ആ ശൌര്യം ഈ ഉണ്ണിക്കുണ്ട്...
ഉണ്ണ്യേ..? "എന്താ ചേച്ച്യേ..?"
ഞാന്‍ പറഞ്ഞത്..... "നമ്മുടെ പുതിയ അംബലപ്പുരയിലേക്ക് നീ
വന്നില്ലല്ലോ എന്നാ.... "
“ആ അംബലപ്പുര ഈ ഉണ്ണി ഇതെ വരെ അംഗീകരിച്ചിട്ടില്ല..........”
പഴയ അംബലം ഇടിഞ്ഞ് വീണു എന്ന് വെച്ചു അവിടുത്തെ ദൈവങ്ങള്‍ അവിടെ ഇല്ലാ എന്നാണോ ചേച്ചിയുടെ വിശ്വാസം.
“അവര്‍ അവിടെ തന്നെ ഉണ്ട്“ .