Monday, January 25, 2010

അങ്ങിനെയായാല്‍ മതിയോ മാഷേ ?

ഇവിടെ കുറച്ച് നാളായി ഒന്നും എഴുതാറില്ല.
അങ്ങിനെയായാല്‍ മതിയോ മാഷേ ?
എന്നാരും ചോദിച്ചില്ല.

ഇനി അഥവാ ചോദിച്ചുവെന്നിരിക്കുക - എന്നാല്‍ ഞാന്‍ ഇങ്ങിനെ എഴുതാം - ഞാന്‍ കഴിഞ്ഞ ആഴ്ച എന്റെ ഗ്രാമത്തില്‍ പോയ കഥ എഴുതാം.

എനിക്ക് ചിലപ്പോള്‍ തോന്നും എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ പോയി രണ്ട് ദിവസം തറവാട്ടില്‍ പോയി താമസിക്കാന്‍. കാലത്ത് കുളിയും തേവാരവുമെല്ലാം നേരത്തെ തന്നെ കഴിച്ചു. ആനന്ദവല്ലി നേരത്തെ തന്നെ പ്രാതല്‍ തയ്യാറാക്കിത്തന്നു. ആണൊരുത്തനെ കാലത്തെത്തന്നെ എങ്ങോട്ടെങ്കിലും പറഞ്ഞയച്ചാല്‍ അവള്‍ക്ക് അന്ന് സ്വര്‍ഗ്ഗമാണ്.

ഞാന്‍ 3 ദിവസത്തെക്കുള്ള വസ്ത്രങ്ങളുമെല്ലാം വണ്ടിയില്‍ കയറ്റി. മരുന്നും മറ്റു സാധനങ്ങളും, വീട്ടിന്നകത്ത് ഇടാനുള്ള ചെരിപ്പും എല്ലാം ശരിയാക്കി വീട്ടില്‍ നിന്ന് 8 മണിയോടുകൂടി ഇറങ്ങി. ആനന്ദവല്ലിക്കറിയില്ല എന്റെ പോക്ക് എങ്ങോട്ടാണെന്ന്. ഞാന്‍ സാധാരണയായി വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ എങ്ങോട്ടാ പോകുക എന്ന് പറയാറില്ല. മുണ്ട് ഉടുത്തിട്ടാണ്‍ സവാരി എങ്കില്‍ അവള്‍ മനസ്സിലാക്കും നാട്ടിലേക്ക് എന്ന്. ഞാന്‍ ചിലപ്പോള്‍ ഗുരുവായൂര്‍, തൃപ്രയാര്‍ എന്നിവിടങ്ങളിലേക്കും മുണ്ട് ഉടുത്ത് പോകാറുണ്ട്. അപ്പോളും അവള്‍ വിചാരിക്കും ഞാന്‍ പോയത് എന്റെ നാട്ടിന്‍ പുറത്തേക്കാണെന്ന്.

സാധാരണ ഞാന്‍ ചെറുവത്താനിയില്‍ പോകുമ്പോള്‍ എന്റെ നാട്ടിലെ കുട്ട്യോള്‍ക്ക് മിഠായിയും ചോക്കലേറ്റും വാങ്ങിക്കൊണ്ടോകുക പതിവാണ്. ഇക്കുറി ഒന്നും കൊണ്ടോയില്ല. കാരണം ബാലേട്ടന്റെ കടയില്‍ ഇതൊക്കെ വാങ്ങാന്‍ പോയാല്‍ എനിക്ക് ചിലപ്പോള്‍ പോക്കിന്റെ ഗതി മാറ്റേണ്ടി വരും.

ഒരിക്കല്‍ ചെറുവത്താനിയിലേക്കെന്നും വിചാരിച്ച് വീട്ടില്‍ നിന്ന് പുറപ്പെട്ട് എത്തിയത് പാലക്കാട്ട്. അത്രയെയുള്ളൂ എന്റെ കാര്യങ്ങളെല്ലാം. പിന്നെ ഞാന്‍ ആരോടും പറയാറില്ല ആരുടേയും വീട്ടില്‍ പോകുമ്പോളോ ആരെയും കാണാന്‍ പോകുമ്പോളൊ.

ഇനി എന്തെങ്കിലും കാരണവശാല്‍ എനിക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ആര്‍ക്കും ഒരു പരിഭവം ഉണ്ടാകുകയില്ലല്ലോ. ഇനി അഥവാ ഒരാളെ അങ്ങിനെ അറിയിക്കാതെ കാണാന്‍ പോയാല്‍ ആ ആള്‍ അവിടെ കണ്ടില്ലാ എന്ന് വെച്ചല്‍ എനിക്കൊരു പരിഭവും ഉണ്ടാകില്ല താനും. പിന്നെ നമ്മള്‍ പോകുന്ന നാട്ടിലെല്ലാം വേറെയും ആളുകളുണ്ടാകുമല്ലോ. അവിടെ ആരെങ്കിലും കണ്ട്, വിസായവും പറഞ്ഞ് അങ്ങിനെ മോന്ത്യാകും വരെ എവിടെയെങ്കിലും അലഞ്ഞ് തിരിഞ്ഞ് നേരെ വൈകുന്നേരമാകുമ്പോളെക്കും എന്റെ കുടീലെത്തും.

പോക്ക് കുന്നംകുളം റൂട്ടിലാണെങ്കില്‍ ആരെയും മനസ്സിന് പിടിക്കുന്നവരെ കണ്ടില്ലെങ്കില്‍ ഗുരുവായൂരപ്പനെ കണ്ട് അവിടെ കൂടും, പിറ്റേന്ന് നിര്‍മ്മാല്യവും തൊഴുത് നേരെ തൃശ്ശൂര്‍ക്ക് വെച്ച് പിടിക്കും. എന്നെ രാത്രി 10 മണി വരെ കണ്ടില്ലെങ്കില്‍ ആനന്ദവല്ലി വിളിക്കും. ചിലപ്പോള്‍ വിളിച്ചില്ലാ എന്നും വരും.
ചിലരൊക്കെ പറയും ഒരു വഴിക്ക് പോകുമ്പോള്‍ ആരുടെയെങ്കിലും അടുത്ത് പറഞ്ഞ് പോകേണ്ടേ എന്ന്. ഞാന്‍ എന്റെ വീട്ടുകാരിയോട് പറഞ്ഞില്ലെങ്കിലും ഞാന്‍ ചിലരോടൊക്കെ പറയും തൃശ്ശൂരില്‍ നിന്ന് ഇറങ്ങുമ്പോള്‍. എന്റെ ഒന്ന് രണ്ട് ഉറ്റ സുഹൃത്തുക്കളുണ്ട് തൃശ്ശൂരില്‍ അവരോട് പറയും. എന്ന രാത്രിക്ക് കണ്ടില്ലെങ്കില്‍ ആനന്ദവല്ലിക്കറിയാം എന്നെ തിരക്കേണ്ട സ്ഥലങ്ങള്‍.

ചിലപ്പോള്‍ ഞാന്‍ ആനന്ദവല്ലിയോടെ പറയാതെ രാക്കമ്മയോട് പറയും. അവള്‍ ചിലപ്പോള്‍ ആനന്ദവല്ലിക്ക് മെസ്സേജ് നല്‍കും. അപൂര്‍വ്വം ചില കേസ്സുകളില്‍ , ഞാന്‍ ആനന്ദവല്ലിയോട് തല്ലുകൊടുമ്പോള്‍ നേരെ കോയമ്പത്തൂരില്‍ പോയി മോന്റെ കൂടെ താമസിക്കും രണ്ട് ദിവസം..

പണ്ടെനിക്കൊരു ഫുളി ഫര്‍ണീഷ്ഡ് സ്റ്റുഡിയോ ഫ്ലാറ്റ് ഉണ്ടായിരുന്നു. അവിടെ പോയി ഞാന്‍ നിര്‍വൃതികൊള്ളുമായിരുന്നു. അവിടെ എപ്പോഴും ചില്‍ഡ് ഫോസ്റ്റര്‍ ഒരു നാലെണ്ണം ഉണ്ടായിരിക്കും. പിന്നെ ഡീപ്പ് ഫ്രീസറില്‍ സോസേജും, ചപ്പാത്തിയും ഉണ്ടായിരിക്കും. ഈവനിങ്ങില്‍ ഫ്രൈഡ് ചിക്കനും മറ്റും ഓര്‍ഡര്‍ കൊടുത്താല്‍ വീട്ടില്‍ നല്ല ചൂടോടെ എത്തും. ഹാ!! എന്തൊരു സുഖമായിരുന്നു അവിടെയുള്ള വല്ലപ്പോളുള്ള ദിനങ്ങള്‍..

ഇന്ന് ആ സ്ഥലം ഉണ്ടായിരുന്നെങ്കില്‍ സ്വസ്ഥമായിരുന്ന് എന്തെങ്കിലും എഴുതാമായിരുന്നു. ഞാന്‍ കഴിഞ്ഞ ദിവസം കാസിനോ ഹോട്ടലില്‍ “പാര്‍പ്പിടം“ എക്സിബിഷന്‍ കാണാന്‍ പോയപ്പോള്‍ ഒരു നല്ല സ്റ്റുഡിയോ അപ്പാ‍ര്‍ട്ട് മെന്റ് അന്വേഷിച്ചിരുന്നു. നല്ലതൊന്നും തൃശ്ശൂരില്‍ കിട്ടാനില്ല. ഉണ്ടെങ്കില്‍ തന്നെ വിലയോ 2800/- sft ന്. ലോകത്തെങ്ങും മാന്ദ്യമായിട്ടും ഇവിടെ ഒരു വിലക്കുറവും ഇല്ല. അല്ലെങ്കില്‍ ഒന്ന് വാങ്ങാമായിരുന്നു എന്ന് ആശിച്ച് പോയി.

നമ്മളെന്തിനാ ഈ വയസ്സ് കാലത്ത് ഈ സ്വത്തെല്ലാം കെട്ടിപ്പിടിച്ചോണ്ടിരിക്കുന്നത്. ഇന്നെത്തെ കാലത്ത് പിള്ളേരൊന്നും, വയസ്സായിക്കഴിഞ്ഞാല്‍ നമ്മളെ നോക്കില്ല. നമ്മളുടെ മയ്യത്തും കാത്തിരിക്കുകയാവും അവര്‍. എല്ലാം വിറ്റ് ആര്‍ഭാടജീവിതം നയിക്കാന്‍.

അങ്ങിനെ അവര്‍ സുഖിക്കണ്ട. നമുക്ക് സ്റ്റുഡിയോ ഫ്ലാറ്റും, മെര്‍സീഡസ് ബെന്സും ഒക്കെ വാങ്ങാം. എനിക്കും ആനന്ദവല്ലിക്കും ഓരോ ഫ്ലാറ്റ് വാങ്ങാം. അപ്പോള്‍ കലഹിക്കുമ്പോള്‍ അവരവരുടെ സങ്കേതത്തില്‍ പോയി ഉള്ള കഞ്ഞീം കുടിച്ച് പാര്‍ക്കാമല്ലോ?>

[ചെറുവത്താനിയിലേക്കുള്ള പോസ്റ്റ് എഴുതി എവിടേയോ ഒക്കെ പോയി. ഇനി തോന്നുമ്പോളെഴുതാം ബാക്കി. ഇന്ന് ജനുവരി 26, 2010. എല്ലാ വായനക്കാര്‍ക്കും റിപ്പബ്ലിക്ക് ദിനം ആശംസകള്‍ ]