Thursday, December 9, 2010

യോഗ

ഞാന്‍ യോഗ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. എന്റ് പ്രായത്തിലുള്ളവര്‍ക്ക് കൈകാലുകള്‍ പെട്ടെന്ന് വഴങ്ങിക്കിട്ടില്ല. എന്നിരുന്നാലും ഒരു മണിക്കൂറിന്റെ സെഷനിലെ 60 ശതമാനം ആസനങ്ങളും മൂന്ന് മാസത്തിന്നുള്ളില്‍ അഭ്യസിച്ചു.

പുതിയ കുട്ടികളെല്ലാം ചോദിക്കും “ഇവിടുത്തെ യോഗാസന ക്രമങ്ങളുടെ പുസ്തകം കിട്ടുകയാണെങ്കില്‍ നോക്കി മനസ്സിലാക്കാമല്ലോ?“ പക്ഷെ ഇത് വരെ ആരും ഈ “ബ്രഹ്മയോഗ” പ്രസ്ഥാനത്തില്‍ [കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്ര സന്നിധിയിലുള്ളത്] ഇത്തരം പ്രസിദ്ധീ‍രണങ്ങള്‍ ഇറക്കിയിട്ടില്ല എന്നാണെന്റെ അറിവ്.

യോഗയെപ്പറ്റി യൂട്യൂബിലും മറ്റുമായി വിഡിയോ ക്ലിപ്പുകളും ടെക്സ്റ്റ് മെസ്സേജുകളും ലഭ്യമാണെങ്കില്‍ കൂടി അതത് യോഗാ സെന്ററുകളില്‍ ഒരു മണിക്കൂറിലെ സെഷന്‍ ചില പ്രത്യേക ഇനങ്ങളില്‍ ക്രമപ്പെടുത്തിയിരിക്കുന്നു.

പിന്നെ ചിലര്‍ക്ക് ഒരു ധാരണ ഉണ്ട്. യോഗ ആര്‍ക്കും ചെയ്യാം എല്ലാ രോഗ നിവാരണങ്ങള്ക്കും യോഗ അത്യുത്തമമാണ്. പക്ഷെ എല്ലാ യോഗാസനങ്ങളും എല്ലാവര്‍ക്കും അനുയോജ്യമല്ലാ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.

ഉദാഹരണത്തിന് കണ്ണിലെ ഞരമ്പുകള്‍ക്ക് അസുഖവും ബ്ലഡ് പ്രഷറും ഉള്ള രോഗികള്‍ ശീര്‍ഷാസനം ചെയ്യാന്‍ പാടില്ല. പിന്നെ കഴുത്ത് വേദനയുള്ളവര്‍ സര്‍വ്വാംഗാസനം, മത്സ്യാസനം മുതലാ‍യവ ചെയ്താല്‍ ആ അസുഖം കൂടുകയും മറ്റു പല പ്രശ്നങ്ങള്‍ക്ക് വഴി തെളിയിക്കുകയും ചെയ്യും. സ്പോണ്ഡിലോസിസ് അസുഖക്കാരനായ എനിക്ക് ചില ആസനങ്ങളില്‍ കൂടി ചില കഷ്ടപ്പാടുകളുണ്ടായി. ദിവസത്തില്‍ 8 മണിക്കൂറിലധികം കഴിഞ്ഞ 25 കൊല്ലമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച എനിക്ക് ഇന്ന് കഴുത്തും തോളും വേദനയാണ്.

എന്തൊക്കെ യോഗാസനങ്ങള്‍ വിപരീത ഫലം സൃഷ്ടിച്ചേക്കാം അല്ലെങ്കില്‍ ഏതൊക്കെ അസുഖങ്ങള്‍ക്ക് ഏത് ആസനങ്ങള്‍ ഉപയോഗപ്രദമാകും എന്നൊക്കെ അറിയുന്നവര്‍ ഈ വേദി പങ്കിടാന്‍ ഞാന്‍ ക്ഷണിക്കുന്നു।. മേല് പറഞ്ഞ ഉദാഹരണങ്ങള്‍ ആണ് ഞാന്‍ പറയുന്നതിന്റെ ആധാരം.

പ്രമേഹ രോഗികള്‍ക്ക് അത്യുത്തമമായ യോഗാസനമുറകള്‍ ഉണ്ടെന്ന് ഞാന്‍ ഈയിടെ മനസ്സിലാക്കി. അത് ഏതാണെന്നും അറിയാന്‍ ആഗ്രഹം ഉണ്ട്.

എന്റെ അനുഭവങ്ങളും സുഹൃത്തുക്കളുടെ കാഴ്ചപ്പാടും ചേര്‍ത്ത് എന്റെ ബ്ലോഗില്‍ യോഗയെക്കുറിച്ചുള്ള ഒരു ഫീച്ചര്‍ താമസിയാതെ തുടങ്ങുന്നതായിരിക്കും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതാണ്.

എന്റെ പോസ്റ്റില്‍ ഒരു മണിക്കൂര്‍ കൊണ്ട് ചെയ്യാവുന്ന ഒരു സെഷനെപ്പറ്റി പറയുന്നതാണ്. അതില്‍ പടങ്ങളും താമസിയാതെ വിഡിയോ ക്ലിപ്പും ഉണ്ടായിരിക്കും.

വായനക്കാരുടെ പ്രതികരണം പ്രതീ‍ക്ഷിക്കുന്നു.

Friday, December 3, 2010

ഈ ചണ്ടിയൊന്ന് നീക്കിത്തരാമോ ?

ശബരി മല വൃതം മിക്കവര്‍ക്കും ഈ കാലത്താണ്.. ഈ കുളത്തിലെ ചണ്ടിയൊന്ന് നീക്കിക്കിട്ടിയാല്‍ നീന്തിക്കുളിക്കാമായിരുന്നു. തൃശ്ശൂര്‍ കീഴ്തൃക്കോവില്‍ ക്ഷേത്രത്തിലെ കുളം ആണിത്. ഇത്രയും വലിയ കുളത്തിന്റെ കരയില്‍ കൂടി ഞാന്‍ പ്രഭാതത്തില്‍ പോകാറുണ്ട്.

ചണ്ടിയുണ്ടെങ്കിലും ചാടി നീന്തിയാലോ എന്നാലോചിച്ചു ഒരു ദിവസം. അപ്പോള്‍ അവിടെ ഒരു ബോര്‍ഡ് കണ്ടതായി ഓര്‍ക്കുന്നു ഈ കുളത്തില്‍ കുളിക്കാന്‍ പാടില്ല എന്ന്.

ആരെങ്കിലു ഈ കുളമൊന്ന് ശുദ്ധികലശം ചെയ്ത് തന്നാല്‍ എന്നെപ്പോലുള്ളവര്‍ക്ക് കുളിക്കാമായിരുന്നു. ഇനി തിരുവാതിര മുതലായ ഉത്സവങ്ങള്‍ വരുന്നു.

അല്ലെങ്കിലും ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിക്കുവാന്‍ ഒരു രസം തന്നെയാണ്. ഞാന്‍ ഈ വയസ്സിലും ഗുരുവായൂര്‍ പോകുമ്പോള്‍ അവിടുത്തെ ക്ഷേത്രക്കുളത്തില്‍ നീന്തിക്കുളിക്കാറുണ്ട്.

ഒരു ദിവസം തെക്കേമഠം പടിഞ്ഞാറെ ചിറയിലും കുളിച്ചു. ഇനി വടക്കേ ചിറയില്‍ ചാടി കുളിക്കണമെന്നുണ്ട്. അടി കിട്ടുമോ എന്ന് പേടിച്ച് ഇത് വരെ അവിടെ ഇറങ്ങിയിട്ടില്ല.

ചെറുവത്താനിയിലെ എരുകുളത്തില്‍ പോത്തുങ്ങളോടൊപ്പം പണ്ട് കുളിക്കുന്നത് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നു.

ഒരു വലിയ കഥയായി ഇത് പിന്നിടെഴുതാം. ഉച്ചക്ക് കുട്ടാപ്പുവിനേയും കുട്ടിമാളുവിനേയും കാണാന്‍ പോകണം.
ആരാണീ കുട്ടാപ്പുവും കുട്ടിമാളുവും എന്നറിയണമോ?
കുട്ടാപ്പുവിന്റെ ഒരു ഫോട്ടോ ഇവിടെ കാണണം. നോക്കട്ടെ. കുട്ടിമാളുവിന് ഫോട്ടോ എടുക്കാന്‍ ചെന്നാല്‍ നാണമാ. അവളുടെ ഒരു ഫോട്ടോ ഇന്നെടുക്കുന്നുണ്ട്. പിന്നിട് ഇടാം.
+പടങ്ങളൊന്നും കാണാനില്ല. പിന്നീട് ഇടാം

Thursday, November 25, 2010

രവീന്ദ്രനാഥ ടാഗോര്‍ നാട്യ ഗീതാഞ്ജലി

ഇന്നെലെ [25-11-2010] ടാഗോര്‍ ജയന്തിയുടെ ഭാഗമായി തൃശ്ശിവപേരൂര്‍ റീജിയണല്‍ തിയേറ്ററില്‍ നാട്യഗീതാഞ്ജലി അവസാന ദിവസമായിരുന്നു. എനിക്ക് ഇന്നെലെ മാത്രമാണ് അവിടെ പോകാന്‍ സാധിച്ചത്.

ശ്രീമതി. അപൃദിത ബാനര്‍ജിയുടെ രവീന്ദ്ര സംഗീതം ഉണ്ടായിരുന്നു. അവസാനത്തെ ഒരു പാട്ട് മാത്രമാണ് എനിക്ക് കേള്‍ക്കാന്‍ സാധിച്ചത്. അത് കേട്ടപ്പോള്‍ മറ്റുള്ള പാട്ടുകള്‍ കേള്‍ക്കാന്‍ സാധിച്ചില്ലല്ലോ എന്ന മനപ്രയാസം ഉണ്ടായി. അത്രയും മനോഹരമായിരുന്നു അവരുടെ പാട്ട്.

ശ്രീമാന്‍ സന്തോഷിന്റെ ഒരു പാട്ടും കൂട്ടത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പാട്ട് മുഴുവന്‍ കേള്‍ക്കാന്‍ എനിക്ക് സാധിച്ചു. പക്ഷെ അപൃദിതയുടെതാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. റീജിയണല്‍ തിയേറ്ററിലെ പ്രോഗ്രാമുകള്‍ 23ന് ആരംഭിച്ചുവെങ്കിലും അന്നൊക്കെ ഇതേ കോമ്പ്ലെക്സില്‍ നടക്കുന്ന കളമെഴുത്ത് കാണാനായിരുന്നു എനിക്ക് കമ്പം. ഇന്നെലെ കളം പാട്ട് നേരെത്തെ അവസാനിച്ചതിനാലാണ് എനിക്ക് ഇവരുടെ പാട്ട് കേള്‍ക്കാനായത്.

ഞാന്‍ ലളിതകലാ അക്കാദമിയിലെ ഭരത് മുരളി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ മിക്ക ദിവസവും കളമെഴുത്ത് കാണാന്‍ പോകും. എന്റെ ബ്ലോഗുകളില്‍ കളമെഴുത്തും പാട്ടും വിഡിയോ ഉള്‍പ്പെടെ നിങ്ങള്‍ല്‍ കണ്ടിരിക്കുമെന്ന് കരുതുന്നു. ഡാറ്റ എണ്ട്രിയിലുള്ള പ്രാവീണ്യക്കുറവാണ്‍ കൂടുതല്‍ വാര്‍ത്തകള്‍ ചേര്‍ക്കാന്‍ സാധിക്കാതെ വരുന്നത്.

താ‍മസിയാതെ തൃശ്ശൂരും പരിസരത്തും ഉള്ള കലാസാംസ്കാരിക പരിപാടികളുടെ രന്തച്ചുരുക്കം എന്റെ ബ്ലോഗുകളില്‍ ദര്‍ശിക്കാനാകും. സാറ്റലൈറ്റ് ചാനലില്‍ വരുന്നതിന്‍ മുന്‍പ് എന്റെ ബ്ലോഗുകളില്‍ ദര്‍ശിക്കാനാകും. എന്നെ പ്രതിഫലമില്ലാതെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ബന്ധപ്പെടുവാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു. യാത്രാസൌകര്യവും എഡിറ്റിങ്ങ് സ്യൂട്ടും കേമറയും സ്വന്തമായുണ്ട്. ഇതൊക്കെ ഒരു ഹോബി എന്ന നിലക്കാണ് പ്രവര്‍ത്തനം.

ഞാന്‍ കഴിഞ്ഞ 7 വര്‍ഷത്തിന്നുള്ളില്‍ 100 ല്‍ പരം ഡിവോഷണല്‍ വിഡിയോ ആല്‍ബം ചെയ്തിട്ടുണ്ട്. പകഷെ അതെല്ലാം ഞാന്‍ ജോലി ചെയ്തിരുന്ന മീഡിയാ ചാനലില്‍ മാത്രമേ സം പ്രേക്ഷണം ചെയ്തിട്ടുള്ളൂ.. ഇനി കൂടുതല്‍ വിഡിയോ ആല്‍ബം ചെയ്യാനുള്ള ഒരുക്കത്തിലാണ്. പുറത്ത് വിലപനക്കോ സൌജന്യമായി സുഹൃത്തുക്കള്‍ക്ക് കൊടുക്കുവാനോ പറ്റും വിധം.

മണ്മറഞ്ഞ ഒരു കവിയുടെ നാല് കവിതകള്‍ വിഡിയോ ആല്‍ബമായി പുറത്തിറക്കുവാനുള്ള അനുവാദം കിട്ടിയിട്ടുങ്കിലും ഇത് വരെ സാധിച്ചില്ല. നടീനടന്മാരും, ഗായകരും, പക്കമേളക്കാരും എല്ലാം സൌജന്യ സേവനത്തിന് തയ്യാറായി വന്നിട്ടുങ്കിലും ഇത് വരെ കാര്യം നടന്നിട്ടില്ല. എനിക്കൊരു സഹായിയെ ഇത് വരെ കണ്ടെത്താനായില്ല എന്നതാണ് പരമാര്‍ഥം.

ഞാന്‍ ഉദ്ദേശിക്കുന്ന ആള്‍ക്ക് മലയാളം ഡാറ്റാപ്രോസസ്സിങ്ങ് അറിഞ്ഞിരിക്കണം. പിന്നെ ഏതെങ്കിലും കലകളില്‍ പ്രാവീണ്യം. ഡ്രൈവിങ്ങ് അറിഞ്ഞാല്‍ വളരെ നല്ലത് [നിര്‍ബ്ബന്ധമില്ല] ആല്‍ബങ്ങളും ഡോക്യുമെന്ററിയും തൃശ്ശൂര്‍ പരിസരത്ത് മാത്രം.

സാമ്പത്തിക പരാധീനതയുള്ള ദേവാലയങ്ങള്‍ക്ക് [ജാതിഭേദമന്യേ] സൌജന്യമായി വെബ് സൈറ്റ് ചെയ്ത് കൊടുക്കുവാനുള്ള ഒരു പ്രോജക്റ്റിന് വിഭാവനം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങിനെ പല സംഗതികളും മനസ്സില്‍ വിടരുന്നു.

വാതരോഗിയാണ് ഞാന്‍. എന്റെ വേദനകള്‍ ഞാന്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ മറക്കുന്നു. എല്ലാതരം [ഹോമിയോ, അലോപ്പതി, ആയുര്‍വ്വേദം] ചികിത്സ്കള്‍ക്കും ഞാന്‍ വിധേയനായി. പക്ഷെ ഇത് വരെ എനിക്ക് രോഗ ശമനം പൂര്‍ണ്ണമായി ലഭിച്ചിട്ടില്ല.

എഴുത്തും ഫോട്ടോഗ്രാഫ്ഹിയും പ്രതിഫലമില്ലാതെയുള്ള സേവനങ്ങളും ആണ് എന്റെ വേദനകളില്‍ നിന്നെനിക്ക് മോചനവും താലക്കാലികാശ്വാസവും തരുന്നത്. ഇനി മരുന്ന് കഴിക്കാന്‍ വയ്യാ എന്ന ഒരു തോന്നലാണ്.

അലോപ്പതി ഫിസിഷ്യന്റെ ഒരു വര്‍ഷത്തെ ചികിസ്തക്ക് ശേഷം എന്നെ ഒരു ന്യൂറോ ഫിസിഷ്യന്‍ ഒരു വര്‍ഷം ചികിത്സിച്ചു. ഇപ്പോള്‍ ഒരു വര്‍ഷമായി ആയുര്‍വ്വേദത്തിലാണ്. ഉഴിച്ചിലും കിഴിയും പിഴിച്ചിലും വസ്തിയും എല്ലാം കിടത്തി ചികിത്സിക്കപ്പെട്ടു. രക്ഷയില്ല….

ഞാന്‍ ഇന്ന് ഒരു ഓര്‍ത്തോ സ്പെഷലിസ്റ്റിനെ കാണാന്‍ പോകുമ്പോള്‍ എന്റെ സഹപ്രവര്‍ത്തകനായ കുട്ടന്‍ മേനോന്‍ പറഞ്ഞു. “ഇതെല്ലാം എനിക്കുമുള്ള രോഗമാണ്. ഇനി പുതിയതായി ആരേയും കാണാന്‍ പോകേണ്ട. ഇപ്പോള്‍ ഉള്ള മരുന്നുകളും യോഗയും എല്ലാം മതി“

അങ്ങിനെ കുട്ടന്‍ മേനോന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഇന്ന് പുതിയ ഡോക്ടറെ കാണേണ്ട എന്ന് വെച്ചു. അങ്ങിനെ പോകുന്നു ഇവിടുത്തെ വിശേഷങ്ങള്‍……

Tuesday, November 16, 2010

മലവാഴിക്കളം

തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ അരങ്ങേറിയ കളമെഴുത്ത് പരിപാടിയില്‍ നിന്നൊരു ദൃശ്യം. [മലവാഴിക്കളം] കൂടുതല്‍ കളമെഴുത്ത് വാര്‍ത്തകള്‍ക്കായി എന്റെ മറ്റു ബ്ലോഗുകള്‍ കാണാം.
http://jp-smriti.blolgspot.com/
സ്മൃതി

Thursday, November 11, 2010

തൃശ്ശൂര്‍ ലളിത കലാ അക്കാദമിയിലെ കളമെഴുത്ത്


തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ വീണ്ടും കളമെഴുത്ത് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ചൊവ്വാഴ്ച [09-11-2010] വിശദവിവരങ്ങള്‍ക്ക് എന്റെ “സ്മൃതി” എന്ന ബ്ലോഗ് സന്ദര്‍ശിക്കുക.

Wednesday, August 25, 2010

ഞാന്‍ നിന്നെ സ്പാമി എന്ന് വിളിച്ചോട്ടേ ?

പണ്ട് ബഹറിനില്‍ നിന്നൊരു പെണ്‍കുട്ടി ഹരിയുടെ ചാറ്റ് ബോക്സില്‍ കയറിപ്പറ്റി എന്നോട് ചാറ്റാന്‍ വന്നു.

ഞങ്ങളങ്ങിനെ ചാറ്റിക്കൊണ്ടിരിക്കുന്ന സമയം എനിക്കൊരു പന്തികേട് തോന്നി. ഞാന്‍ ചില ചോദ്യശരങ്ങള്‍ പ്രയോഗിച്ചപ്പോളാ മനസ്സിലായത് അത് എന്റെ അയല് വാസിയായ സിങ്കപ്പൂരിലുള്ള സുഹൃത്ത് ഹരി അല്ലെന്ന്.

ഞാന്‍ ഉടനെ അടുത്ത ഡെസ്കിലിരിക്കുന്ന കുട്ടന്‍ മേനോട് കാര്യം പറഞ്ഞപ്പോള്‍ മേനോന്‍ പറഞ്ഞു അത് സ്പാമിയായിരിക്കും.

എന്റെ സംശയം ദൂരീകരിക്കാന്‍ ആ സ്പാമിയെന്ന പെണ്‍കുട്ടി എന്നെ ഫോണില്‍ വിളിച്ച് കുശലം പറയുകയും ഫോട്ടോസ് അയക്കുകയും ചെയ്തു.

എന്നിരുന്നാലും എനിക്കിപ്പോഴും സംശയം…. അവള്‍ ആരാണ്…..
ഞാന്‍ എന്റെ ഓഫീസ് ഡെസ്ക് ടോപ്പില്‍ അവളുടെ ഫോട്ടോ ഇട്ടിരുന്നു.

ഇന്ന് കുട്ടന്‍ മേനോന്‍ ചോദിച്ചു.. “ആരാ പ്രകാശേട്ടാ ഡെസ്ക് ടോപ്പില്‍ ഒരു പുതിയ പെണ്‍കുട്ടി..?”

ഓ…. അതോ………….. അത് പണ്ട് ഞാന്‍ പറഞ്ഞിരുന്നില്ലേ തന്നോട് ബഹറിനില്‍നിന്നൊരു പെണ്‍കുട്ടി ഹരിയുടെ ബോക്സില്‍ വന്നുകൂടിയ കഥ.

യെസ് യെസ് ഞാനോര്‍ക്കുന്നു.
അവള്‍ സ്പാമിയാണ്. അവളെ നമുക്ക് സ്പാമിയെന്ന് വിളിക്കാം.

Monday, August 16, 2010

ഡൌണ്‍ ടൌണ്‍ ഓഫ് ടൃച്ചൂര്‍

ഞാന്‍ ഈ ഫോട്ടോ ക്ലിക്കാക്കിയത് എവിടെയിരുന്നാണെന്ന് അറിയാമോ കൂട്ടരേ..?! മഴപെയ്യാന്‍ തുടങ്ങുന്നു. കുടയില്ല.

Saturday, July 31, 2010

എന്റെ അയല്‍ക്കാരി

Posted by Picasaഎന്റെ അയല്‍ക്കാരി BLUFI യുടെ മന:സ്സമ്മതം ഇന്നെലെ തൃശ്ശൂര്‍ പുത്തന്‍ പള്ളിയില്‍ [SHRINE BASILICA OF OUR LADY OF DOLOURS] വെച്ച് നടന്നു. പ്രതിശ്രുത വരന്‍ കളമശ്ശേരിയിലുള്ള ശ്രീമാന്‍: POLITE.
വിവാഹം ഈ വരുന്ന ആഗസ്ത് 15 ന് കളമശ്ശേരിയില്‍ വെച്ച്.
കൂടുതല്‍ വിശേഷങ്ങള്‍ താമസിയാതെ.

ഈ കൊച്ചുമോളുടെ പിതാവും ഞാനും ഗള്‍ഫ് പ്രവാസികളാണ്. കൊച്ചുമോള്‍ക്കും കുഞ്ഞുമോനും ജോലി ബാംഗ്ലൂരില്‍.
മക്കള്‍ക്ക് നന്മകള്‍ നേരുന്നു.

Wednesday, July 14, 2010

മരുന്ന് കടയിലെ പെണ്‍കുട്ടി“എന്താ മോളേ വിശേഷം. ചേട്ടായി ഇല്ലേ?“
ഇല്ലാ സാര്‍, ചേട്ടായി മാമുണ്ണാന്‍ പോയി.

“എനിക്ക് സേതുബന്ധം ഗുളിക വേണം?“
“എത്ര വേണം?“

“ഒരു സ്റ്റ്ട്രിപ്പ് വേണം. വേഗം എടുത്ത് കിട്ടിയാല്‍ തരക്കേടില്ല..”
സാറേ ഗുളിക നോക്കിയിട്ട് കാണുന്നില്ല. പിന്നീട് വരൂ. അല്ലെങ്കില്‍ വൈകിട്ട് വന്നോളൂ.

ഒരു ആയുര്‍വ്വേദ ഷോപ്പിലെ സെയില്‍സ് ഗേളിന്റെ പ്രതികരണമാണ്. അവള്‍ക്ക് ആ മരുന്നിന്റെ ആവശ്യകതയോ പ്രത്യേകതയോ അറിയുമായില്ലായിരിക്കാം.

വയറ്റിളക്കത്തിന് ഉടന്‍ ഒരു പരിഹാരമാണ് ഈ സേതുബന്ധം ഗുളിക. എത്ര ലാഘവത്തോട് കൂടിയാണ് അവള്‍ പറയുന്നത്. നോക്കിയിട്ട് കാണുന്നില്ല.!!!

ഇനി നാളെ ഒരാള്‍ വന്നിട്ട് നെഞ്ചുവേദനക്കുള്ള ഗുളിക ചോദിച്ചാലും ഒരു പക്ഷെ ഇതേ പ്രതികരണമായിരിക്കും…
കഷ്ടം…!!!

എന്റെ വീടിന്റെ അടുത്ത് രണ്ടില്‍ കൂടുതല്‍ ആയുര്‍വ്വേദ മരുന്ന് കടകളുണ്ട്. പക്ഷെ ഈ കടയിലെ ചേട്ടായി വളരെ നല്ല മനുഷ്യനും സമപ്രായക്കാരനും ആണ്. അതിനാലാണ് ഞാന്‍ ഈയിടെയായി എല്ലാ ആയുര്‍വ്വേദ മരുന്നുകളും വാങ്ങിക്കുന്നത് ഇങ്ങോട്ടാക്കിയത്.

ഈ പെണ്‍കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് ഞാന്‍ കടയുടമസ്ഥനോട് വളരെ സൌമ്യമായ രീതിയില്‍ പറഞ്ഞിരുന്നു. അവളെ ഗുണദോഷിക്കുകയും ചെയ്തിരുന്നു അദ്ദേഹം.

അങ്ങിനെ കുറെ ദിവസങ്ങള്‍ കടന്ന് പോയി. ഇന്നെലെ ഞാന്‍ പിന്നേയും ആ കടയിലെത്തി.

അവിടെ ആ പെണ്‍കുട്ടി തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.
കുശലമന്വേഷിച്ചതിന് ശേഷം………

എനിക്ക് ഞാന്‍ ഇന്നെലെ കഴിച്ച അരിഷ്ടവും ഗുളികയും വേണം. ചേട്ടായിയോട് ഫോണ്‍ ചെയ്ത് ചോദിച്ച് തരാമെങ്കില്‍ വളരെ ഉപകാരമായിരിക്കും.

അന്നനാളത്തില്‍ കൂടി താഴെക്ക് ഒരു വിമ്മിഷ്ടം തോന്നി ഇവിടെ നിന്ന് ഇന്നെലെ മരുന്ന് തന്നിരുന്നു. അത് കഴിച്ച് സുഖം തോന്നിയിരുന്നു. അത് ഒരു ഡോസും കൂടി കഴിച്ചാല്‍ തരക്കേടില്ലാ എന്ന് തോന്നിയതിനാലാണ് വന്നത്.

“അതിന് ചേട്ടായി ഇവിടെ ഇല്ലാ. പിന്നീട് വരൂ…”

“അതിനല്ലേ മോളേ ഞാന്‍ പറഞ്ഞത് അദ്ദേഹത്തോട് ഫോണ്‍ ചെയ്ത് ചോദിക്കാന്‍.?”

അവള്‍ എന്റെ ക്ഷമ പരീക്ഷിക്കുകയാണോ എന്ന് എനിക്ക് തോന്നി. എന്റെ മുഖഭാവം മാറി. ഞാന്‍ അസ്വസ്ഥനായെന്ന് അവള്‍ക്ക് തോന്നി.

അവള്‍ ചേട്ടായിയോട് ഫോണ്‍ ചെയ്ത് ചോദിച്ചു. അങ്ങിനെ എനിക്ക് മരുന്ന് കിട്ടി.

“എന്താ മരുന്ന് കടയിലെ ജീവനക്കാര്‍ ഇങ്ങനെ പെരുമാറുന്നത് എന്ന് എനിക്ക് മനസ്സിലായില്ല…”

ജീവകാരുണ്യപ്രവര്‍ത്തനത്തിന് തുല്യമാണ് ആവശ്യമുള്ളവന് മരുന്ന് ആവശ്യമുള്ള സമയത്ത് കൊടുക്കുക എന്ന്. മരുന്നിന്റെ വിലയും കൊടുക്കുന്നുണ്ടല്ലോ..? പിന്നെ എന്താണ് ഇത്തരം പ്രവണത..?
ഇത് ശരിയാണോ..?!

മറ്റൊരിടത്തും കിട്ടാത്തത് കൊണ്ടല്ലോ നാം ഒരു പ്രത്യേക കടയില്‍ പോകുന്നത്.? ഒരു പക്ഷെ ആ കടയിലെ മരുന്നുകളുടെ പ്രത്യേക ക്വാളിറ്റി കൊണ്ടായിരിക്കാം.

തന്നെയുമല്ല കഴിയുന്നത്ര ബിസിനസ്സ് പ്രിയപ്പെട്ട കൂട്ടുകാരന് കൊടുക്കുക എന്ന ലക്ഷ്യവും ഉണ്ട്.

“ഞാനവളോട് പണ്ട് വയറ്റിളക്കത്തിന്റെ മരുന്ന് ചോദിച്ച കഥയും ഓര്‍മ്മിപ്പിച്ചിരുന്നു…”

അപ്പോള്‍ നമുക്ക് എമര്‍ജന്‍സി വേളകളില്‍ ആ കടയില്‍ പോകേണ്ട എന്ന് വെക്കാം അല്ലേ…?!!

ഫോട്ടോവിന് കടപ്പാട് : ഗൂഗിള്‍

Friday, April 23, 2010

പൂരത്തലേന്ന് - തൃശ്ശൂര്‍ പൂരം

പൂരത്തലേന്നും പിറ്റേന്നും തൃശ്ശൂര്‍ക്ക് മാത്രം ഉള്ള പൂരക്കോളും പൂരവും ആണ്.

+

പൂരത്തലേന്നുള്ള വിശേഷങ്ങള്‍ പങ്ക് വെക്കാം.
സ്വരാജ് റൌണ്ട് വാഹനങ്ങളെക്കൊണ്ടും ആളുകളെക്കൊണ്ടും തിങ്ങിനിറഞ്ഞു.
അലങ്കാര പന്തലുകള്‍ മിന്നിത്തിളങ്ങി.
തേക്കിന്‍ കാട്ടില്‍ പടിഞ്ഞാറെ ഭാഗത്ത് തിരുവമ്പാടിയുടെ ആനകളെ കെട്ടിയിരുന്നു. അവിടെ ആനപ്രേമികളായ തൃശ്ശൂര്‍ക്കരെക്കൊണ്ട് നിറഞ്ഞു.
+
കൂട്ടത്തില്‍ ഒരു മൊബൈല്‍ കമ്പനിയുടെ ആനയും മേളവും ഉണ്ടായിരുന്നു.
പിന്നെ പൂര വാണിഭവും പൊടി പൊടിച്ചു.
വടക്കുന്നാഥന്റെ തിരുനടക്ക് സമീപം ഒരു കൊമ്പനെ ലോറിയില്‍ കൊണ്ട് വന്നിറക്കി. ഒരു വിഡിയോ എടുത്തിട്ടുണ്ട്. സൌകര്യപൂര്‍വ്വം കാണിക്കാം.
പിന്നെ പാറമേക്കാവിന്റെ ആനകളെ അമ്പലത്തിന്റെ എതിര്‍ വശത്ത് - തേക്കിന്‍ കാട്ടിന്റെ കിഴക്കേ വശത്ത് അണിനിരത്തിയിരുന്നു. പക്ഷെ പടിഞ്ഞാറെ വശത്തുള്ള തിരുവമ്പാടിയുടെ ആനക്കൂട്ടത്തിന്റെ അടുത്തുള്ള അത്ര ആളുകളെ ഇവിടെ കണ്ടില്ലാ എന്ന് എനിക്ക് തോന്നി. തന്നെയുമല്ല ഞാന്‍ അവിടെ ഇഴഞ്ഞ് എത്തുമ്പോളെക്കും നേരം ഇരുട്ടിയിരുന്നു. അതിനാല്‍ ആനകളെ ശരിക്കും വീക്ഷിക്കാന്‍ പറ്റിയില്ല.
പാറമേക്കാവ് ക്ഷേത്ര ഗോപുരം ദീപാലങ്കാരമായിരുന്നു. അതിന്റെ ഫോട്ടോസ് എടുത്തിരുന്നു. \
തിരുവമ്പാടി ഗോപുരത്തിന്റെ അലങ്കാരത്തിന്റെ ഫോട്ടോ എടുക്കാന്‍ പറ്റിയില്ല. അങ്ങോട്ട് നടന്നെത്താന്‍ പറ്റിയില്ല. തിരക്കോട് തിരക്ക്. നാളെ കഴിഞ്ഞ് അതിന്റെ ഫോട്ടോസ് എടുക്കണം.
+
പിന്നെ പടിഞ്ഞാറെ റൊണ്ടിലുള്ള തിരുവമ്പാടി ഷോപ്പിങ്ങ് കോമ്പ്ലെക്സ് ദീ‍പാലങ്കാരത്താല്‍ മിന്നിത്തിളങ്ങി. ഫോട്ടോസ് എടുത്തിട്ടുണ്ട്. അമ്പാടിക്കണ്ണന്റെ ജീവിതം തുടിക്കുന്ന ദീപാലങ്കാരമായിരുന്നു.
ബിനാമ്മക്ക് പീപ്പിയും, ബലൂണും, പമ്പരവും പിന്നെ ഉഴുന്നാട, പൊരി, മുറുക്ക്, ഈന്തപ്പഴം മുതലായവ വാങ്ങി വാഹനത്തില്‍ വെച്ചിട്ടാണ്‍ ഞാന്‍ പാറമേക്കാവ് ഭാഗത്തേക്ക് പോയത്.
അവിടെ വെച്ച് ചെറിയ തലകറക്കം ഉണ്ടായി. കൂടെ സുഹൃത്തുക്കള്‍ ഒന്നും ഇല്ലാത്തതിനാല്‍ പേടി നേരിയ തോതില്‍ ഉണ്ടായി. മറിഞ്ഞ് വീഴാതെ പാറമേക്കാവിലമ്മ എന്നെ വീട് വരെ എത്തിച്ചു.
+
എന്റെ കഴുത്തിന്‍ നാലഞ്ച് വര്‍ഷം മുന്‍പ് ചെറിയൊരു ആഘാതം ഉണ്ടായിരുന്നു. ഇടക്ക് തലചുറ്റല്‍ പോലെ തോന്നാറുണ്ടായിരുന്നു. ചികിത്സക്ക് ശേഷം കുറച്ച് നാള്‍ ഫിസിയോ തെറാപ്പിയും ഉണ്ടായിരുന്നു. തന്നെയുമല്ല കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും - ടുവീലര്‍ ഓടിക്കുന്നതും - മേല്‍പ്പോട്ട് നോക്കി ഫോട്ടോ എടുക്കുന്നതും എല്ലാം ചെറിയ തോതില്‍ റെസ്ട്രിക്റ്റ് ചെയ്തിരുന്നു.
ഇന്ന് കുറച്ചധികം ഫോട്ടോസ് വളരെ സ്ട്രെയിന്‍ ചെയ്ത് എടുത്തിരുന്നു. അതായിരിക്കാം നേരിയ തോതില്‍ തല ചുറ്റിയത്.
നാളത്തെ പൂരം കഴിഞ്ഞാല്‍ വിശ്രമം എടുക്കണം. നെറ്റും, കമ്പ്യൂട്ടറും ഇല്ലാത്ത ഒരിടത്ത് പതിനഞ്ച് ദിവസമെങ്കിലും പൂര്‍ണ്ണ വിശ്രമം എടുക്കണം. പൂരം കഴിഞ്ഞാല്‍ അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആണ്‍. അതും കൂടി കഴിഞ്ഞേ പറ്റൂ.
++
കൂടുതല്‍ ഫോട്ടോസ് നാളെ ഇടാം.
നാളെ ഏഴര മണിക്ക് പൂരപ്പറമ്പില്‍ എത്തണം. നാളെയും മറ്റന്നാള്‍ ഉച്ച വരെയും പൂരപ്പറമ്പില്‍ തന്നെ. വിശ്രമമില്ല. നാട്ടിലെ പൂരമല്ലേ.
തൃശ്ശൂര്‍ പൂരത്തിന്‍ എല്ലാ ബ്ലോഗര്‍മാര്‍ക്കും സ്വാഗതം. നേരത്തെ വിവരമറിയിച്ചാല്‍ എന്റെ വസതിയില്‍ കൂടാം. അവിടെ പത്ത് പതിനഞ്ച് പേര്‍ക്ക് വിശ്രമിക്കാനും ആഹാരം കഴിക്കാനുമുള്ള സൌകര്യങ്ങളുണ്ട്. പൂരപ്പറമ്പില്‍ നിന്ന് 500 മീറ്റര്‍ മാത്രം ദൂരം.
പൂരവും വെടിക്കെട്ടും ഏറെ ഭംഗിയാകാന്‍ എല്ലാവരുടേയും പ്രാര്‍ത്ഥന എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതട്ടെ...
++

അക്ഷരപ്പിശാചുക്കള്‍ കടന്ന് കൂടിയിട്ടുണ്ട്. നാളെ ശരിയാക്കാം.
കുറച്ച് ഫോട്ടോകള്‍ കാണുക.
Thursday, April 22, 2010

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് - part 1

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 മണിക്ക് [22-04-2010] നടന്നു. ആദ്യം പാറമേക്കാവ് തിരി കൊളുത്തി, പിന്നീട് തിരുവമ്പാടി. പൂരം മറ്റന്നാള്‍ - അതായത് 24-04-2010.
സാമ്പിള്‍ വെടിക്കെട്ടിന്റെ വിഡിയോ ദൃശ്യങ്ങളും ശബ്ദകോലാഹലങ്ങളും ആസ്വദിക്കാം.


സാമ്പിള്‍ വെടിക്കെട്ടിന്റെ - ഭാഗം 2 ഇവിടെ കാണുക. വിവരണങ്ങള്‍ ഇവിടെ ലഭ്യമാണ്.


http://jp-smriti.blogspot.com/2010/04/trichur-pooram-smaple-fire-works-part-2.html

Sunday, April 18, 2010

തൃശ്ശൂര്‍ പൂരം കൊടിയേറി - - - ഭാഗം 1

തൃശ്ശൂര്‍ പൂരം കൊടിയേറി. തിരുവമ്പാടി 11.30 മണിക്കും, പാറമേക്കാവ് 12 നും. തല്‍ക്കാലം ഒരു വിഡിയോ കാണുക. വിവരണങ്ങള്‍ താമസിയാതെ പോസ്റ്റാം.

രണ്ടാം ഭാഗം ഇവിടെ
http://jp-smriti.blogspot.com/2010/04/2_18.html

Wednesday, April 7, 2010

AADITHYA MY GRAND KID


AADITHYA - MY GRAND SON WAS BORN ON 18TH MARCH 2010.
THIS IS HIS FIRST VIDEO. SPECIALLY UPLOADED FOR HIS COUSIN MISS. ELENA IN AFRICA.

Saturday, April 3, 2010

കൃഷ്ണായനം 2010

ബാലഗോകുലം
അന്തര്‍ദേശീയ ബാലമഹാ സമ്മേളനം
ഏപ്രില്‍ 3 - 4- 2010
ദ്വാരകാപുരി
തൃശ്ശിവപേരൂര്‍ വടക്കുന്നാഥ ക്ഷേത്ര
മൈതാനം25000 കുട്ടികളുടെ മഹാസമ്മേളനം
ഇന്ന് അരങ്ങേറി.


അപ്രതീക്ഷിതമായി വന്ന മഴയാല്‍ പരിപാടികള്‍ യഥാസമയം നടന്നില്ലാ എന്നാണറിവ്.


Friday, February 26, 2010

ജ്യോതിര്‍ലിംഗദര്‍ശനം
ശ്രീ വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്തില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 3 വരെ.
തൃശ്ശിവപേരൂരിലെ ഈശ്വരസ്നേഹികള്‍ക്ക് ഒരു ദിവ്യോപഹാരം.

ഒരു പക്ഷേ ഒരു മനുഷ്യായുസ്സിന്റെ മുഴുവന്‍ തീര്‍ത്ഥാടനവും മതിയാകാത്ത, കാലചക്രത്തില്‍ ഒരിക്കല്‍ മാത്രം വന്നെത്തുന്ന അത്യപൂര്‍വ്വ മഹാസൌഭാഗ്യം.
ഏകേശ്വരനും, ലോകേശ്വരനും, സര്‍വ്വേശ്വരനും, വിശ്വേശ്വരനുമായ പരമപിതാ ശിവപരമാത്മാവിന്റ്റെ പ്രതികമായ 12 ശിവജ്യോതിര്‍ലിംഗങ്ങള്‍ [ദ്വാദശ ജ്യോതിര്‍ലിംഗങ്ങള്‍] ഒരേ സമയത്ത്, ഒരേ സ്ഥലത്ത്.
വിവരങ്ങള്‍ക്ക് കടപ്പാട് : പ്രജാപിതാ ബ്രഫ്മാകുമാരീസ് ഈശ്വരിയ വിശ്വവിദ്യാലയം, തൃശ്ശൂര്‍

കുളശ്ശേരി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം


അന്നദാനം മഹാദാനം.

ദാനത്തില്‍ വെച്ച് മഹത്തായതാണത്രേ ഒരു നേരത്തെ അന്നം കൊടുക്കുക. ഒരാളെ സന്തോഷിപ്പിക്കുവാന്‍ ഏറ്റവും ഉചിതമായ വഴി ഒരു നേരത്തെ ആഹാരം കൊടുക്കുക.
വയറു നിറഞ്ഞാല്‍ മതി എന്ന് പറയും.
പക്ഷെ അന്നത്തിന് പകരം മറ്റെന്തുകൊടുത്താലും ആരും മതിയെന്ന് പറയില്ലത്രെ. ധനമായാല്‍ പോലും. ഒരാള്‍ക്ക് ഒരു കിലോ സ്വര്‍ണ്ണം കൊടുത്തിട്ട് മതിയായോ എന്ന് ചോദിച്ചാല്‍ മതിയെന്ന് ആരാ പറയുക. ഇനി വേണോ എന്ന് ചോദിച്ചാല്‍ വേണ്ടാ എന്ന് പറയുമോ?
അന്നത്തിന്റെ കാര്യം അങ്ങിനെയല്ല. വയറുനിറഞ്ഞാല്‍ പിന്നെ എത്ര വിളമ്പിക്കൊടുത്താലും അതൃപ്തിയേ ഉണ്ടാകൂ.
തൃശ്ശൂര്‍ മാതൃഭൂമി പത്രത്തിന്റെ മുന്‍ വശത്താണ് കുളശ്ശേരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടെ ലക്ഷിനരസിംഹമൂര്‍ത്തിയാണ് പ്രതിഷ്ഠയെങ്കിലും ഹനുമാന്‍ സ്വാമിക്കാണ് ആരാധകര്‍ അധികവും.
ഹനുമാന്‍ സ്വാമിക്ക് എന്നും വെറ്റില മാലയും, വടമാലയും ചാര്‍ത്താം. പിന്നെ അവില്‍ നിവേദ്യം, പൂമൂടല്‍ മുതലായവ.
അവിടെ പാര്‍ത്ഥസാരഥിയും ഉണ്ട്. തൃശ്ശൂര്‍ KSRTC ആപ്പീസിന്നരികില്‍ കൂടിയും റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കൂടിയും അകത്ത് പ്രവേശിക്കാം.
വളരെ വിശേഷപ്പെട്ട ക്ഷേത്രമാണ് കുളശ്ശേരി. 18-03-2010 ലെ പ്രതിഷ്ഠാദിനത്തിന് പൊയ്കോളൂ - ഭഗവാനെ തൊഴാം, സദ്യയും കഴിക്കാം.
തൃശ്ശൂരില്‍ കൂര്‍ക്കഞ്ചേരി ശ്രീ മാഹാശ്വേരക്ഷേത്രത്തില്‍ എന്നും ഉച്ചക്ക് അന്നദാനം ഉണ്ട്. കൂര്‍ക്കഞ്ചേരി ശ്രീ അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ എല്ലാ തിരുവാതിര നാളിലും.

Monday, February 15, 2010

കപ്ലിയങ്ങാട് ഭരണി വേല


കപ്ലിയങ്ങാട് ഭരണി
എന്റെ ഗ്രാമത്തില്‍ [കുന്നംകുളം-ചെറുവത്താനി] പൂരം നാളെ തേവരുടെ അമ്പലത്തില്‍, പിന്നെ വെള്ളിയാഴ്ച കപ്ലിയങ്ങാട് ഭരണി വേല. ഭരണിക്ക് തിറയും, മൂക്കാന്‍ ചാത്തനും, കരിങ്കാളിയും എല്ലാം ഉണ്ട്. വരുമല്ലോ എല്ലാരും.

ഭരണിയുടെ മുന്നോടിയായി ഒരു മാസം മുന്‍പ് തന്നെ ചടങ്ങുകള്‍ ആരംഭിക്കും. ഞാന്‍ പത്തിരുപത് വര്‍ഷമായി തൃശ്ശൂരാണ് സ്ഥിരതാമസം. അതിനാല്‍ ഭരണി വേല അവസാന ദിവസം മാത്രമേ കാണാറുള്ളൂ.ഭരണിക്ക് അടപുഴുങ്ങള്‍ പ്രധാന ചടങ്ങാണ്.

പിന്നെ അതിന് തലേ ദിവസം പറയര് വേല, അതിന് തലേ ദിവസം നാട്ട് താലം. പണ്ടൊക്കെ എന്റെ തറവാട്ടില്‍ നിന്ന് ചുരുങ്ങിയത് 100 താലമെങ്കിലും ഉണ്ടാകും. ആ ദിവസം കന്യകമാര്‍ എന്റ് വീട്ടില്‍ വന്ന് താമസിക്കും. വരുന്നവര്‍ക്കൊക്കെ രാത്രി ആഹാരവും നല്‍കും

പുലര്‍ച്ചക്കാണ്, വാദ്യ മേളങ്ങളോട് കൂടി താലം പുറപ്പെടുക.ദേശത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് താലം ഏന്തി പെണ്‍കുട്ടികളും സ്ത്രീകളും ക്ഷേത്രത്തിന് മുന്നിലുള്ള പാടത്ത് നിറയും. മൂന്ന് നാലു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുള്ള നാട്ടിന്‍ പുറങ്ങളില്‍ നിന്ന് താലങ്ങള്‍ വന്ന് ചേരും.ഏതാണ് പുലര്‍ച്ച അഞ്ച് മണിക്കാണെന്ന് തോന്നുന്നു, വെളിച്ചപ്പാട് തുള്ളി വന്ന് അരിയെറിഞ്ഞ് താലങ്ങളെ ഉള്ളിലേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കും.

ഞങ്ങളുടെ [വെട്ടിയാട്ടില്‍] കുടുംബത്തിലെ താലമായിരുന്നു പണ്ടൊക്കെ ആദ്യം ക്ഷേത്രമുറ്റത്തേക്ക് കയറ്റുക.പിന്നെയും പല ചടങ്ങുകളുണ്ട്. അമ്പലത്തിന്റെ തെക്കും വടക്കും മുറ്റങ്ങളില്‍ തട്ടിന്മേല്‍ കളി ഉണ്ടായിരിക്കും. അതില്‍ ഒരു തട്ട് ഞങ്ങളുടെ കുടുംബത്തിലേതായിരുന്നു. തെങ്ങിന്‍ തൂണില്‍ മാവിന്‍ പലക വെച്ചാണ് തട്ട് നിര്‍മ്മിക്കുക. തട്ട് താലക്കാലികമായിരിക്കണം. ആണി, കമ്പി മുതലായവ തട്ടിന് ഉപയോഗിക്കാന്‍ പാടില്ല.

സന്ധ്യക്ക് മുന്‍പ് തട്ടിന്മേല്‍ ഒരു നിലവിളക്ക് കൊളുത്തി വെച്ച് പഴമക്കാര്‍ പാട്ട് പാടി തട്ടിന്‍മേല്‍ കളി തുടങ്ങും.സ്വത്ത് ഭാഗിക്കുന്ന സമയം എല്ലാം നോക്കി നടത്തിയിരുന്ന എന്റെ പിതാവിന് തറവാട് ലഭിച്ചില്ല. പകരം പാപ്പന് കിട്ടി തറവാട്. അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ദൈവീക കാര്യങ്ങളിലോ, ക്ഷേത്രാചാരങ്ങളിലോ താല്പര്യം കുറയുകയും കപ്ലിയങ്ങാട് ക്ഷേത്രത്തെ അവര്‍ അവഗണിക്കുകയും ചെയ്തു.

അങ്ങിനെ ഞങ്ങളുടെ കുടുംബത്തിനുള്ള അവകാശങ്ങളും മറ്റും ഇല്ലാതെയായി ന്നാണ് എന്റെ ധാരണ.പണ്ടൊക്കെ പാടത്തുകൂടി നടന്ന് വേണം അമ്പലത്തിലെത്താന്‍. എന്റെ പിതാവാണ് ആദ്യമായി തെക്കേ പാടത്തേക്ക് കല്ലുകൊണ്ട് ഒരു പടി കെട്ടിച്ചത്. അത് ഇന്നും നില കൊള്ളുന്നു.ഓലപ്പുരയായിരുന്ന ക്ഷേത്രം ഇപ്പോള്‍ കോണ്‍ക്രീറ്റ് കെട്ടിടമായി. പല പരിഷ്കാരങ്ങളും കാലത്തിനൊത്ത് വന്ന് ചേര്‍ന്നു. ക്ഷേത്രത്തിന് കൂടുതല്‍ പ്രശസ്തിയും വന്ന് ചേര്‍ന്നു.

കഴിഞ്ഞ വര്‍ഷം എനിക്ക് ഭരണി വേല കാണാനായി. ഈ വര്‍ഷവും ഭഗവതി അനുഗ്രഹിച്ചാല്‍ എനിക്ക് പോകാനാകും. ശാരീരികാസ്വാസ്ഥ്യങ്ങളാണ് എന്റെ പ്രധാന പ്രശ്നം.

വേലക്ക് ഒരു മാസം മുന്‍പ് തന്നെ തെക്കേ പാടത്ത് കച്ചവടങ്ങള്‍ ആരംഭിക്കും. റെസ്റ്റോറണ്ടുകളും, പെണ്ണുങ്ങള്‍ക്കുള്ള വളയും മാലയും മറ്റും, പിന്നെ യന്ത് ഊഞ്ഞാല്‍ തുടങ്ങിയ വിനോദ ഉപകരണങ്ങളും, പിന്നെ പൊരി, ഉഴുന്നാട, ഈത്തപ്പഴം, ഹല്‍ വ തുടങ്ങിയ പൂരം വിഭവങ്ങളും.

ഭരണി വേലക്ക് പോയാല്‍ ഞാന്‍ ഫോട്ടോസും, കുറച്ചും കൂടി വിശേഷങ്ങളും ഇവിടെ എഴുതാം. ഫോട്ടോ എടുത്തത് [20-02-2010] ഇവിടെ സ്ഥപിക്കുന്നു. വിശേഷങ്ങള്‍ പിന്നീടെഴുതാം.

Wednesday, February 10, 2010

വടക്കുന്നാഥന്‍ ശ്രീമൂലസ്ഥാനത്ത് വീണ്ടും


വടക്കുന്നാഥന്‍ ശ്രീമൂലസ്ഥാനത്ത് വീണ്ടും - ഇന്ന് 2010, ഫെബ്രുവരി 10ന് കലാമണ്ഡലം ഗോപിയും കൂട്ടരും ചേര്‍ന്ന കഥകളി.

Tuesday, February 9, 2010

ശിവരാത്രി - 2010ഈ വര്‍ഷം 2010 ഫെബ്രുവരി 3 മുതല്‍ ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് ശിവരാത്രി ആഘോഷങ്ങള്‍ തുടങ്ങി.കൂടുതല്‍ വിശേഷങ്ങളും ഫോട്ടോകളും താമസിയാതെ ഇവിടെ നോക്കുക.

>>>>>>>>>>>>>


Monday, January 25, 2010

അങ്ങിനെയായാല്‍ മതിയോ മാഷേ ?

ഇവിടെ കുറച്ച് നാളായി ഒന്നും എഴുതാറില്ല.
അങ്ങിനെയായാല്‍ മതിയോ മാഷേ ?
എന്നാരും ചോദിച്ചില്ല.

ഇനി അഥവാ ചോദിച്ചുവെന്നിരിക്കുക - എന്നാല്‍ ഞാന്‍ ഇങ്ങിനെ എഴുതാം - ഞാന്‍ കഴിഞ്ഞ ആഴ്ച എന്റെ ഗ്രാമത്തില്‍ പോയ കഥ എഴുതാം.

എനിക്ക് ചിലപ്പോള്‍ തോന്നും എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ പോയി രണ്ട് ദിവസം തറവാട്ടില്‍ പോയി താമസിക്കാന്‍. കാലത്ത് കുളിയും തേവാരവുമെല്ലാം നേരത്തെ തന്നെ കഴിച്ചു. ആനന്ദവല്ലി നേരത്തെ തന്നെ പ്രാതല്‍ തയ്യാറാക്കിത്തന്നു. ആണൊരുത്തനെ കാലത്തെത്തന്നെ എങ്ങോട്ടെങ്കിലും പറഞ്ഞയച്ചാല്‍ അവള്‍ക്ക് അന്ന് സ്വര്‍ഗ്ഗമാണ്.

ഞാന്‍ 3 ദിവസത്തെക്കുള്ള വസ്ത്രങ്ങളുമെല്ലാം വണ്ടിയില്‍ കയറ്റി. മരുന്നും മറ്റു സാധനങ്ങളും, വീട്ടിന്നകത്ത് ഇടാനുള്ള ചെരിപ്പും എല്ലാം ശരിയാക്കി വീട്ടില്‍ നിന്ന് 8 മണിയോടുകൂടി ഇറങ്ങി. ആനന്ദവല്ലിക്കറിയില്ല എന്റെ പോക്ക് എങ്ങോട്ടാണെന്ന്. ഞാന്‍ സാധാരണയായി വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ എങ്ങോട്ടാ പോകുക എന്ന് പറയാറില്ല. മുണ്ട് ഉടുത്തിട്ടാണ്‍ സവാരി എങ്കില്‍ അവള്‍ മനസ്സിലാക്കും നാട്ടിലേക്ക് എന്ന്. ഞാന്‍ ചിലപ്പോള്‍ ഗുരുവായൂര്‍, തൃപ്രയാര്‍ എന്നിവിടങ്ങളിലേക്കും മുണ്ട് ഉടുത്ത് പോകാറുണ്ട്. അപ്പോളും അവള്‍ വിചാരിക്കും ഞാന്‍ പോയത് എന്റെ നാട്ടിന്‍ പുറത്തേക്കാണെന്ന്.

സാധാരണ ഞാന്‍ ചെറുവത്താനിയില്‍ പോകുമ്പോള്‍ എന്റെ നാട്ടിലെ കുട്ട്യോള്‍ക്ക് മിഠായിയും ചോക്കലേറ്റും വാങ്ങിക്കൊണ്ടോകുക പതിവാണ്. ഇക്കുറി ഒന്നും കൊണ്ടോയില്ല. കാരണം ബാലേട്ടന്റെ കടയില്‍ ഇതൊക്കെ വാങ്ങാന്‍ പോയാല്‍ എനിക്ക് ചിലപ്പോള്‍ പോക്കിന്റെ ഗതി മാറ്റേണ്ടി വരും.

ഒരിക്കല്‍ ചെറുവത്താനിയിലേക്കെന്നും വിചാരിച്ച് വീട്ടില്‍ നിന്ന് പുറപ്പെട്ട് എത്തിയത് പാലക്കാട്ട്. അത്രയെയുള്ളൂ എന്റെ കാര്യങ്ങളെല്ലാം. പിന്നെ ഞാന്‍ ആരോടും പറയാറില്ല ആരുടേയും വീട്ടില്‍ പോകുമ്പോളോ ആരെയും കാണാന്‍ പോകുമ്പോളൊ.

ഇനി എന്തെങ്കിലും കാരണവശാല്‍ എനിക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ആര്‍ക്കും ഒരു പരിഭവം ഉണ്ടാകുകയില്ലല്ലോ. ഇനി അഥവാ ഒരാളെ അങ്ങിനെ അറിയിക്കാതെ കാണാന്‍ പോയാല്‍ ആ ആള്‍ അവിടെ കണ്ടില്ലാ എന്ന് വെച്ചല്‍ എനിക്കൊരു പരിഭവും ഉണ്ടാകില്ല താനും. പിന്നെ നമ്മള്‍ പോകുന്ന നാട്ടിലെല്ലാം വേറെയും ആളുകളുണ്ടാകുമല്ലോ. അവിടെ ആരെങ്കിലും കണ്ട്, വിസായവും പറഞ്ഞ് അങ്ങിനെ മോന്ത്യാകും വരെ എവിടെയെങ്കിലും അലഞ്ഞ് തിരിഞ്ഞ് നേരെ വൈകുന്നേരമാകുമ്പോളെക്കും എന്റെ കുടീലെത്തും.

പോക്ക് കുന്നംകുളം റൂട്ടിലാണെങ്കില്‍ ആരെയും മനസ്സിന് പിടിക്കുന്നവരെ കണ്ടില്ലെങ്കില്‍ ഗുരുവായൂരപ്പനെ കണ്ട് അവിടെ കൂടും, പിറ്റേന്ന് നിര്‍മ്മാല്യവും തൊഴുത് നേരെ തൃശ്ശൂര്‍ക്ക് വെച്ച് പിടിക്കും. എന്നെ രാത്രി 10 മണി വരെ കണ്ടില്ലെങ്കില്‍ ആനന്ദവല്ലി വിളിക്കും. ചിലപ്പോള്‍ വിളിച്ചില്ലാ എന്നും വരും.
ചിലരൊക്കെ പറയും ഒരു വഴിക്ക് പോകുമ്പോള്‍ ആരുടെയെങ്കിലും അടുത്ത് പറഞ്ഞ് പോകേണ്ടേ എന്ന്. ഞാന്‍ എന്റെ വീട്ടുകാരിയോട് പറഞ്ഞില്ലെങ്കിലും ഞാന്‍ ചിലരോടൊക്കെ പറയും തൃശ്ശൂരില്‍ നിന്ന് ഇറങ്ങുമ്പോള്‍. എന്റെ ഒന്ന് രണ്ട് ഉറ്റ സുഹൃത്തുക്കളുണ്ട് തൃശ്ശൂരില്‍ അവരോട് പറയും. എന്ന രാത്രിക്ക് കണ്ടില്ലെങ്കില്‍ ആനന്ദവല്ലിക്കറിയാം എന്നെ തിരക്കേണ്ട സ്ഥലങ്ങള്‍.

ചിലപ്പോള്‍ ഞാന്‍ ആനന്ദവല്ലിയോടെ പറയാതെ രാക്കമ്മയോട് പറയും. അവള്‍ ചിലപ്പോള്‍ ആനന്ദവല്ലിക്ക് മെസ്സേജ് നല്‍കും. അപൂര്‍വ്വം ചില കേസ്സുകളില്‍ , ഞാന്‍ ആനന്ദവല്ലിയോട് തല്ലുകൊടുമ്പോള്‍ നേരെ കോയമ്പത്തൂരില്‍ പോയി മോന്റെ കൂടെ താമസിക്കും രണ്ട് ദിവസം..

പണ്ടെനിക്കൊരു ഫുളി ഫര്‍ണീഷ്ഡ് സ്റ്റുഡിയോ ഫ്ലാറ്റ് ഉണ്ടായിരുന്നു. അവിടെ പോയി ഞാന്‍ നിര്‍വൃതികൊള്ളുമായിരുന്നു. അവിടെ എപ്പോഴും ചില്‍ഡ് ഫോസ്റ്റര്‍ ഒരു നാലെണ്ണം ഉണ്ടായിരിക്കും. പിന്നെ ഡീപ്പ് ഫ്രീസറില്‍ സോസേജും, ചപ്പാത്തിയും ഉണ്ടായിരിക്കും. ഈവനിങ്ങില്‍ ഫ്രൈഡ് ചിക്കനും മറ്റും ഓര്‍ഡര്‍ കൊടുത്താല്‍ വീട്ടില്‍ നല്ല ചൂടോടെ എത്തും. ഹാ!! എന്തൊരു സുഖമായിരുന്നു അവിടെയുള്ള വല്ലപ്പോളുള്ള ദിനങ്ങള്‍..

ഇന്ന് ആ സ്ഥലം ഉണ്ടായിരുന്നെങ്കില്‍ സ്വസ്ഥമായിരുന്ന് എന്തെങ്കിലും എഴുതാമായിരുന്നു. ഞാന്‍ കഴിഞ്ഞ ദിവസം കാസിനോ ഹോട്ടലില്‍ “പാര്‍പ്പിടം“ എക്സിബിഷന്‍ കാണാന്‍ പോയപ്പോള്‍ ഒരു നല്ല സ്റ്റുഡിയോ അപ്പാ‍ര്‍ട്ട് മെന്റ് അന്വേഷിച്ചിരുന്നു. നല്ലതൊന്നും തൃശ്ശൂരില്‍ കിട്ടാനില്ല. ഉണ്ടെങ്കില്‍ തന്നെ വിലയോ 2800/- sft ന്. ലോകത്തെങ്ങും മാന്ദ്യമായിട്ടും ഇവിടെ ഒരു വിലക്കുറവും ഇല്ല. അല്ലെങ്കില്‍ ഒന്ന് വാങ്ങാമായിരുന്നു എന്ന് ആശിച്ച് പോയി.

നമ്മളെന്തിനാ ഈ വയസ്സ് കാലത്ത് ഈ സ്വത്തെല്ലാം കെട്ടിപ്പിടിച്ചോണ്ടിരിക്കുന്നത്. ഇന്നെത്തെ കാലത്ത് പിള്ളേരൊന്നും, വയസ്സായിക്കഴിഞ്ഞാല്‍ നമ്മളെ നോക്കില്ല. നമ്മളുടെ മയ്യത്തും കാത്തിരിക്കുകയാവും അവര്‍. എല്ലാം വിറ്റ് ആര്‍ഭാടജീവിതം നയിക്കാന്‍.

അങ്ങിനെ അവര്‍ സുഖിക്കണ്ട. നമുക്ക് സ്റ്റുഡിയോ ഫ്ലാറ്റും, മെര്‍സീഡസ് ബെന്സും ഒക്കെ വാങ്ങാം. എനിക്കും ആനന്ദവല്ലിക്കും ഓരോ ഫ്ലാറ്റ് വാങ്ങാം. അപ്പോള്‍ കലഹിക്കുമ്പോള്‍ അവരവരുടെ സങ്കേതത്തില്‍ പോയി ഉള്ള കഞ്ഞീം കുടിച്ച് പാര്‍ക്കാമല്ലോ?>

[ചെറുവത്താനിയിലേക്കുള്ള പോസ്റ്റ് എഴുതി എവിടേയോ ഒക്കെ പോയി. ഇനി തോന്നുമ്പോളെഴുതാം ബാക്കി. ഇന്ന് ജനുവരി 26, 2010. എല്ലാ വായനക്കാര്‍ക്കും റിപ്പബ്ലിക്ക് ദിനം ആശംസകള്‍ ]