Showing posts with label ചെറുവത്താനി. Show all posts
Showing posts with label ചെറുവത്താനി. Show all posts

Friday, December 3, 2010

ഈ ചണ്ടിയൊന്ന് നീക്കിത്തരാമോ ?

ശബരി മല വൃതം മിക്കവര്‍ക്കും ഈ കാലത്താണ്.. ഈ കുളത്തിലെ ചണ്ടിയൊന്ന് നീക്കിക്കിട്ടിയാല്‍ നീന്തിക്കുളിക്കാമായിരുന്നു. തൃശ്ശൂര്‍ കീഴ്തൃക്കോവില്‍ ക്ഷേത്രത്തിലെ കുളം ആണിത്. ഇത്രയും വലിയ കുളത്തിന്റെ കരയില്‍ കൂടി ഞാന്‍ പ്രഭാതത്തില്‍ പോകാറുണ്ട്.

ചണ്ടിയുണ്ടെങ്കിലും ചാടി നീന്തിയാലോ എന്നാലോചിച്ചു ഒരു ദിവസം. അപ്പോള്‍ അവിടെ ഒരു ബോര്‍ഡ് കണ്ടതായി ഓര്‍ക്കുന്നു ഈ കുളത്തില്‍ കുളിക്കാന്‍ പാടില്ല എന്ന്.

ആരെങ്കിലു ഈ കുളമൊന്ന് ശുദ്ധികലശം ചെയ്ത് തന്നാല്‍ എന്നെപ്പോലുള്ളവര്‍ക്ക് കുളിക്കാമായിരുന്നു. ഇനി തിരുവാതിര മുതലായ ഉത്സവങ്ങള്‍ വരുന്നു.

അല്ലെങ്കിലും ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിക്കുവാന്‍ ഒരു രസം തന്നെയാണ്. ഞാന്‍ ഈ വയസ്സിലും ഗുരുവായൂര്‍ പോകുമ്പോള്‍ അവിടുത്തെ ക്ഷേത്രക്കുളത്തില്‍ നീന്തിക്കുളിക്കാറുണ്ട്.

ഒരു ദിവസം തെക്കേമഠം പടിഞ്ഞാറെ ചിറയിലും കുളിച്ചു. ഇനി വടക്കേ ചിറയില്‍ ചാടി കുളിക്കണമെന്നുണ്ട്. അടി കിട്ടുമോ എന്ന് പേടിച്ച് ഇത് വരെ അവിടെ ഇറങ്ങിയിട്ടില്ല.

ചെറുവത്താനിയിലെ എരുകുളത്തില്‍ പോത്തുങ്ങളോടൊപ്പം പണ്ട് കുളിക്കുന്നത് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നു.

ഒരു വലിയ കഥയായി ഇത് പിന്നിടെഴുതാം. ഉച്ചക്ക് കുട്ടാപ്പുവിനേയും കുട്ടിമാളുവിനേയും കാണാന്‍ പോകണം.
ആരാണീ കുട്ടാപ്പുവും കുട്ടിമാളുവും എന്നറിയണമോ?
കുട്ടാപ്പുവിന്റെ ഒരു ഫോട്ടോ ഇവിടെ കാണണം. നോക്കട്ടെ. കുട്ടിമാളുവിന് ഫോട്ടോ എടുക്കാന്‍ ചെന്നാല്‍ നാണമാ. അവളുടെ ഒരു ഫോട്ടോ ഇന്നെടുക്കുന്നുണ്ട്. പിന്നിട് ഇടാം.
+പടങ്ങളൊന്നും കാണാനില്ല. പിന്നീട് ഇടാം

Monday, January 25, 2010

അങ്ങിനെയായാല്‍ മതിയോ മാഷേ ?

ഇവിടെ കുറച്ച് നാളായി ഒന്നും എഴുതാറില്ല.
അങ്ങിനെയായാല്‍ മതിയോ മാഷേ ?
എന്നാരും ചോദിച്ചില്ല.

ഇനി അഥവാ ചോദിച്ചുവെന്നിരിക്കുക - എന്നാല്‍ ഞാന്‍ ഇങ്ങിനെ എഴുതാം - ഞാന്‍ കഴിഞ്ഞ ആഴ്ച എന്റെ ഗ്രാമത്തില്‍ പോയ കഥ എഴുതാം.

എനിക്ക് ചിലപ്പോള്‍ തോന്നും എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ പോയി രണ്ട് ദിവസം തറവാട്ടില്‍ പോയി താമസിക്കാന്‍. കാലത്ത് കുളിയും തേവാരവുമെല്ലാം നേരത്തെ തന്നെ കഴിച്ചു. ആനന്ദവല്ലി നേരത്തെ തന്നെ പ്രാതല്‍ തയ്യാറാക്കിത്തന്നു. ആണൊരുത്തനെ കാലത്തെത്തന്നെ എങ്ങോട്ടെങ്കിലും പറഞ്ഞയച്ചാല്‍ അവള്‍ക്ക് അന്ന് സ്വര്‍ഗ്ഗമാണ്.

ഞാന്‍ 3 ദിവസത്തെക്കുള്ള വസ്ത്രങ്ങളുമെല്ലാം വണ്ടിയില്‍ കയറ്റി. മരുന്നും മറ്റു സാധനങ്ങളും, വീട്ടിന്നകത്ത് ഇടാനുള്ള ചെരിപ്പും എല്ലാം ശരിയാക്കി വീട്ടില്‍ നിന്ന് 8 മണിയോടുകൂടി ഇറങ്ങി. ആനന്ദവല്ലിക്കറിയില്ല എന്റെ പോക്ക് എങ്ങോട്ടാണെന്ന്. ഞാന്‍ സാധാരണയായി വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ എങ്ങോട്ടാ പോകുക എന്ന് പറയാറില്ല. മുണ്ട് ഉടുത്തിട്ടാണ്‍ സവാരി എങ്കില്‍ അവള്‍ മനസ്സിലാക്കും നാട്ടിലേക്ക് എന്ന്. ഞാന്‍ ചിലപ്പോള്‍ ഗുരുവായൂര്‍, തൃപ്രയാര്‍ എന്നിവിടങ്ങളിലേക്കും മുണ്ട് ഉടുത്ത് പോകാറുണ്ട്. അപ്പോളും അവള്‍ വിചാരിക്കും ഞാന്‍ പോയത് എന്റെ നാട്ടിന്‍ പുറത്തേക്കാണെന്ന്.

സാധാരണ ഞാന്‍ ചെറുവത്താനിയില്‍ പോകുമ്പോള്‍ എന്റെ നാട്ടിലെ കുട്ട്യോള്‍ക്ക് മിഠായിയും ചോക്കലേറ്റും വാങ്ങിക്കൊണ്ടോകുക പതിവാണ്. ഇക്കുറി ഒന്നും കൊണ്ടോയില്ല. കാരണം ബാലേട്ടന്റെ കടയില്‍ ഇതൊക്കെ വാങ്ങാന്‍ പോയാല്‍ എനിക്ക് ചിലപ്പോള്‍ പോക്കിന്റെ ഗതി മാറ്റേണ്ടി വരും.

ഒരിക്കല്‍ ചെറുവത്താനിയിലേക്കെന്നും വിചാരിച്ച് വീട്ടില്‍ നിന്ന് പുറപ്പെട്ട് എത്തിയത് പാലക്കാട്ട്. അത്രയെയുള്ളൂ എന്റെ കാര്യങ്ങളെല്ലാം. പിന്നെ ഞാന്‍ ആരോടും പറയാറില്ല ആരുടേയും വീട്ടില്‍ പോകുമ്പോളോ ആരെയും കാണാന്‍ പോകുമ്പോളൊ.

ഇനി എന്തെങ്കിലും കാരണവശാല്‍ എനിക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ആര്‍ക്കും ഒരു പരിഭവം ഉണ്ടാകുകയില്ലല്ലോ. ഇനി അഥവാ ഒരാളെ അങ്ങിനെ അറിയിക്കാതെ കാണാന്‍ പോയാല്‍ ആ ആള്‍ അവിടെ കണ്ടില്ലാ എന്ന് വെച്ചല്‍ എനിക്കൊരു പരിഭവും ഉണ്ടാകില്ല താനും. പിന്നെ നമ്മള്‍ പോകുന്ന നാട്ടിലെല്ലാം വേറെയും ആളുകളുണ്ടാകുമല്ലോ. അവിടെ ആരെങ്കിലും കണ്ട്, വിസായവും പറഞ്ഞ് അങ്ങിനെ മോന്ത്യാകും വരെ എവിടെയെങ്കിലും അലഞ്ഞ് തിരിഞ്ഞ് നേരെ വൈകുന്നേരമാകുമ്പോളെക്കും എന്റെ കുടീലെത്തും.

പോക്ക് കുന്നംകുളം റൂട്ടിലാണെങ്കില്‍ ആരെയും മനസ്സിന് പിടിക്കുന്നവരെ കണ്ടില്ലെങ്കില്‍ ഗുരുവായൂരപ്പനെ കണ്ട് അവിടെ കൂടും, പിറ്റേന്ന് നിര്‍മ്മാല്യവും തൊഴുത് നേരെ തൃശ്ശൂര്‍ക്ക് വെച്ച് പിടിക്കും. എന്നെ രാത്രി 10 മണി വരെ കണ്ടില്ലെങ്കില്‍ ആനന്ദവല്ലി വിളിക്കും. ചിലപ്പോള്‍ വിളിച്ചില്ലാ എന്നും വരും.
ചിലരൊക്കെ പറയും ഒരു വഴിക്ക് പോകുമ്പോള്‍ ആരുടെയെങ്കിലും അടുത്ത് പറഞ്ഞ് പോകേണ്ടേ എന്ന്. ഞാന്‍ എന്റെ വീട്ടുകാരിയോട് പറഞ്ഞില്ലെങ്കിലും ഞാന്‍ ചിലരോടൊക്കെ പറയും തൃശ്ശൂരില്‍ നിന്ന് ഇറങ്ങുമ്പോള്‍. എന്റെ ഒന്ന് രണ്ട് ഉറ്റ സുഹൃത്തുക്കളുണ്ട് തൃശ്ശൂരില്‍ അവരോട് പറയും. എന്ന രാത്രിക്ക് കണ്ടില്ലെങ്കില്‍ ആനന്ദവല്ലിക്കറിയാം എന്നെ തിരക്കേണ്ട സ്ഥലങ്ങള്‍.

ചിലപ്പോള്‍ ഞാന്‍ ആനന്ദവല്ലിയോടെ പറയാതെ രാക്കമ്മയോട് പറയും. അവള്‍ ചിലപ്പോള്‍ ആനന്ദവല്ലിക്ക് മെസ്സേജ് നല്‍കും. അപൂര്‍വ്വം ചില കേസ്സുകളില്‍ , ഞാന്‍ ആനന്ദവല്ലിയോട് തല്ലുകൊടുമ്പോള്‍ നേരെ കോയമ്പത്തൂരില്‍ പോയി മോന്റെ കൂടെ താമസിക്കും രണ്ട് ദിവസം..

പണ്ടെനിക്കൊരു ഫുളി ഫര്‍ണീഷ്ഡ് സ്റ്റുഡിയോ ഫ്ലാറ്റ് ഉണ്ടായിരുന്നു. അവിടെ പോയി ഞാന്‍ നിര്‍വൃതികൊള്ളുമായിരുന്നു. അവിടെ എപ്പോഴും ചില്‍ഡ് ഫോസ്റ്റര്‍ ഒരു നാലെണ്ണം ഉണ്ടായിരിക്കും. പിന്നെ ഡീപ്പ് ഫ്രീസറില്‍ സോസേജും, ചപ്പാത്തിയും ഉണ്ടായിരിക്കും. ഈവനിങ്ങില്‍ ഫ്രൈഡ് ചിക്കനും മറ്റും ഓര്‍ഡര്‍ കൊടുത്താല്‍ വീട്ടില്‍ നല്ല ചൂടോടെ എത്തും. ഹാ!! എന്തൊരു സുഖമായിരുന്നു അവിടെയുള്ള വല്ലപ്പോളുള്ള ദിനങ്ങള്‍..

ഇന്ന് ആ സ്ഥലം ഉണ്ടായിരുന്നെങ്കില്‍ സ്വസ്ഥമായിരുന്ന് എന്തെങ്കിലും എഴുതാമായിരുന്നു. ഞാന്‍ കഴിഞ്ഞ ദിവസം കാസിനോ ഹോട്ടലില്‍ “പാര്‍പ്പിടം“ എക്സിബിഷന്‍ കാണാന്‍ പോയപ്പോള്‍ ഒരു നല്ല സ്റ്റുഡിയോ അപ്പാ‍ര്‍ട്ട് മെന്റ് അന്വേഷിച്ചിരുന്നു. നല്ലതൊന്നും തൃശ്ശൂരില്‍ കിട്ടാനില്ല. ഉണ്ടെങ്കില്‍ തന്നെ വിലയോ 2800/- sft ന്. ലോകത്തെങ്ങും മാന്ദ്യമായിട്ടും ഇവിടെ ഒരു വിലക്കുറവും ഇല്ല. അല്ലെങ്കില്‍ ഒന്ന് വാങ്ങാമായിരുന്നു എന്ന് ആശിച്ച് പോയി.

നമ്മളെന്തിനാ ഈ വയസ്സ് കാലത്ത് ഈ സ്വത്തെല്ലാം കെട്ടിപ്പിടിച്ചോണ്ടിരിക്കുന്നത്. ഇന്നെത്തെ കാലത്ത് പിള്ളേരൊന്നും, വയസ്സായിക്കഴിഞ്ഞാല്‍ നമ്മളെ നോക്കില്ല. നമ്മളുടെ മയ്യത്തും കാത്തിരിക്കുകയാവും അവര്‍. എല്ലാം വിറ്റ് ആര്‍ഭാടജീവിതം നയിക്കാന്‍.

അങ്ങിനെ അവര്‍ സുഖിക്കണ്ട. നമുക്ക് സ്റ്റുഡിയോ ഫ്ലാറ്റും, മെര്‍സീഡസ് ബെന്സും ഒക്കെ വാങ്ങാം. എനിക്കും ആനന്ദവല്ലിക്കും ഓരോ ഫ്ലാറ്റ് വാങ്ങാം. അപ്പോള്‍ കലഹിക്കുമ്പോള്‍ അവരവരുടെ സങ്കേതത്തില്‍ പോയി ഉള്ള കഞ്ഞീം കുടിച്ച് പാര്‍ക്കാമല്ലോ?>

[ചെറുവത്താനിയിലേക്കുള്ള പോസ്റ്റ് എഴുതി എവിടേയോ ഒക്കെ പോയി. ഇനി തോന്നുമ്പോളെഴുതാം ബാക്കി. ഇന്ന് ജനുവരി 26, 2010. എല്ലാ വായനക്കാര്‍ക്കും റിപ്പബ്ലിക്ക് ദിനം ആശംസകള്‍ ]

Tuesday, July 21, 2009

ഇന്ന് കര്‍ക്കിടക വാവ് - ബലി തര്‍പ്പണം




ഇന്ന് കര്‍ക്കിടക വാവ്. ബലി തര്‍പ്പണത്തിനുള്ള പുണ്യ ദിനം.
ഞാന്‍ ഇന്ന് വളരെ നേരത്തെ എണീറ്റ് കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര സന്നിധിയിലെത്തി.

ശ്രീ നാരായണഗുരു ദേവന്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ശിവ ക്ഷേത്രമാണ് ഈ പ്രസ്തുത സ്ഥലം. ഇവിടെ മുങ്ങിക്കുളിച്ച് വരാന്‍ പുഴയോ കായലോ ഒന്നുമില്ലെങ്കിലും പതിനായിരക്കണക്കിനാളുകള്‍ ഇന്ന് ഇവിടെയെത്തി കര്‍ക്കിടക വാവു ബലിയിട്ടു.

ഈ ബലിയെന്നാല്‍ എന്താണ്, അതും കര്‍ക്കിടകത്തിലെ വാവു ബലിക്കെന്താ പ്രാധാന്യം എന്നൊക്കെ അറിയുവാനും മന്ത്രം ചൊല്ലിക്കൊടുക്കുന്ന ഒരു ആചാര്യനെ സമീപിച്ചു. പക്ഷെ അദ്ദേഹം പറഞ്ഞു, എനിക്ക് ഇപ്പോ‍ള്‍ അ
ത് പറഞ്ഞ് തരാനാവില്ല - ഇവിടെ മേല്‍ ശാന്തിയുള്ളപ്പോള്‍ അദ്ദേഹത്തെ സമീപിക്കുന്നതായിരിക്കും ഉചിതം എന്ന് പറഞ്ഞു.

ഈ തിരക്കില്‍ മേല്‍ ശാന്തിയെ അന്വേഷിച്ച് ഒരു കീഴ്ശാന്തിയെ സമീപിച്ചപ്പോള്‍ മേല്‍ ശാന്തിയെ ഈ കര്‍മ്മങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പ് കാണാന്‍ പ്രയാസമാണെന്ന് അറിഞ്ഞു. പിന്നീട് ക്ഷേത്ര സന്നിധിയിലും യോഗം ഓഫീസിലും പലരോടും ചോദിച്ചുവെങ്കിലും എനിക്ക് ആ അറിവ് ലഭിക്കുവാനോ വായനക്കാര്‍ക്ക് പകര്‍ന്ന് കൊടുക്കുവാനോ കഴിഞ്ഞില്ല.

ഞാനും ബലിയിടാറുണ്ട്. പക്ഷെ അന്നൊന്നും ഈ വക കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കനുള്ള യോഗം ഉണ്ടായില്ല. കോഴിക്കോട് സ്കൂള്‍ ടീച്ചറായ എന്റെ ബ്ലൊഗര്‍ സുഹൃത്തിനേയും, കുന്നംകുളത്തുള്ള എന്റെ ഒരു ബന്ധുവായ ഞാന്‍ കുട്ടന്‍ നായരെന്ന് വിളിക്കുന്ന സജീവ് കുട്ടനേയും വിളിച്ചുവെങ്കിലും അവര്‍ക്കൊന്നും എനിക്ക് വേണ്ട സമയത്ത് വിവരങ്ങള്‍ തരാനായില്ല.
++ ഞാന്‍ ഉള്ള സമയം കൊണ്ട് കുറച്ച് ഫോട്ടോസ് എടുത്തു.

ബഹുമാനപ്പെട്ട വായനക്കാര്‍ക്ക് ആര്‍ക്കെങ്കിലും ആധികാരികമായി എന്താണ് ഈ കര്‍ക്കിട വാവിലെ ബലിതര്‍പ്പണം എന്നും എന്താണ് അതിന്റെ പിന്നിലെ സങ്കല്‍പ്പമെന്നും പറഞ്ഞ് തന്നാല്‍ ഇവിടെ പ്രസിദ്ധീകരിക്കാമായിരുന്നു.

ഞാന്‍ പണ്ട് ചരമമടഞ്ഞ എന്റെ അഛന്റെ അഛനും, അമ്മക്കും, വലിയഛനും ഒക്കെയായി ബലിയിടുമായിരുന്നു. അന്ന് ഞാനെന്റെ തറവാടായ ഞമനേങ്ങാട്ടായിരുന്നു വാസം. തറവാട്ട് ഭാഗം വെക്കുന്ന തിരക്കില്‍ പാപ്പന്‍ പറഞ്ഞു, കുഞ്ഞേട്ടന്‍ [എന്റെ അഛന്‍] ഈ വീട്ടില്‍ നിന്ന് ഇറങ്ങിത്തന്നാലേ ഞാന്‍ ഭാഗാധാരത്തില്‍ ഒപ്പിടുകയുള്ളൂവെന്ന്.

തറവാട്ടിനുവേണ്ടി അഹോരാത്രം പണിയെടുത്ത് പെങ്ങമ്മാരെയെല്ലാം കെട്ടിച്ചയച്ച്, ഓലമേഞ്ഞ തറവാടിന്റെ തട്ടിന്‍ പുറമെല്ലാം ഓടാക്കി. ആ നാട്ടില്‍ ഓരോ വര്‍ഷവും ഒരു കിണര്‍ കുത്തണം. ഒരു വര്‍ഷക്കാലം കഴിയുമ്പോള്‍ അത് ഇടിഞ്ഞ് വീഴും. അങ്ങിനെ എന്റെ പിതാവാണ് ആ നാട്ടില്‍ ആദ്യത്തെ കല്‍കിണര്‍ സ്ഥാപിച്ചത്. അതും ആ മ
ഹാത്മന്‍ ഞങ്ങളുടെ തറവാട്ട് മുറ്റത്ത് കിണര്‍ കുത്താതെ അയലത്തുകാര്‍ക്കു ഉപയോഗ്യമാക്കുന്ന രീതിയില്‍ ഞങ്ങളുടെ പറമ്പിന്റെ അതിര്‍ത്തിയിലാണ് കിണര്‍ സ്ഥാപിച്ചത്.

പാപ്പനാണെങ്കില്‍ തറവാട്ടിന് വേണ്ടി ഒന്നും ചെയ്യാത്ത ഒരു ക്രൂരന്‍ മാത്രമായി ഒതുങ്ങി. പാപ്പനു കൂട്ടായി അച്ചമ്മയും. എല്ലാം ചെയ്യുന്ന എന്റെ പിതാവി ഒരു രാത്രി കൊണ്ട് പുറത്തായി. ചട്ടിയും കലവുമെടുത്തെ ആ രാത്രി തന്നെ തറവാട്ട് പടിയിറങ്ങി.

++ അഛന്റെ കാല ശേഷം ബലിയിടുവാനൊന്നും ഞങ്ങളെ ഞങ്ങളുടെ മാതാവ് ഉപദേശിച്ചില്ല. അതിന്റെ ആവശ്യമില്ലെന്നും അത് ഒഴിവാക്കുവാനുള്ള എന്തോ കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

കാലങ്ങള്‍ കടന്ന് പോയി. അങ്ങിനെ ഒരു ദിവസം എന്റെ മാതാവും ഇഹലോക വാസം വെടിഞ്ഞു. ശേഷക്രിയകളും മറ്റും മൂത്ത മകനായ ഞാന്‍ ചെയ്തു. എന്റെ അഛന്‍ ഞമനേങ്ങാട്ടിലെ തറവാട്ടില്‍ നിന്ന് പടിയിറങ്ങിയത് മുതല്‍ ഞങ്ങള്‍ മാതാവിന്റെ ജന്മസ്ഥലമായ ചെറുവത്താനിയില്‍ വീട് വെച്ച് സ്ഥിരതാമസമാക്കി. അങ്ങിനെ ഇപ്പോള്‍ എന്റെ രണ്ടാമത്തെ തറവാട് ചെറുവത്താനിയാണ്.

മാതാവിന്റെ ശേഷ ക്രിയകളെല്ലാം കഴിഞ്ഞ് ഞാന്‍ എന്റെ വാസസ്ഥലമായ തൃശ്ശിവപേരൂര്‍ക്ക് പോകുന്ന അന്നാണ് ഞാന്‍ മനസ്സിലാക്കിയത് എന്റെ മാതാവ് എന്നോട് ചെയ്ത ക്രൂരത. സ്വത്തുക്കളെല്ലം എന്റെ സഹോദരന്റെ മകന്റെ പേര്‍ക്ക് എഴുതി വെച്ചു - മരണപത്രമായി.

അതായത് എനിക്ക് ഒന്നും തരാതെ, എന്റെ സഹോദരന്റെ മകന്. എനിക്കും മക്കള്‍ ഉണ്ട്. അവര്‍ക്കൊന്നും ഇല്ല. മരണപത്രത്തില്‍ ഒരു ഔദാര്യം കാട്ടാന്‍ മാതാവ് മറന്നില്ല. എനിക്ക് മരണം വരെ തറവാട്ടില്‍ താമസിക്കാനുള്ള അവകാശം നില നിര്‍ത്തി. വേണമെങ്കില്‍ പാടത്ത് കൃഷിയിറക്കാം. സ്വത്ത് ക്രയവിക്രയം ചെയ്യാനോ, ഉടമസ്ഥാവകാശം ചെയ്യാനോ പാടില്ല.

മാതാവിന്റെ ആദ്യത്തെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച്, ബലിയിടല്‍ മുതലായ കര്‍മ്മങ്ങള്‍ക്ക് എന്നെ ക്ഷണിച്ചുവെങ്കിലും, ഞാന്‍ അതില്‍ പങ്കുകൊള്ളാതെ എന്റെ പ്രതിഷേധം അറിയിച്ചു. അങ്ങിനെ ഇന്നും [21-07-09] ഞാന്‍ എന്റെ മാതാവിന് വേണ്ടി ബലിയിട്ടില്ല.

എന്നെ സ്നേഹിച്ചില്ലെങ്കിലും, സഹോദരന്റെ മകനെപ്പോലെ തന്നെയല്ലേ എന്റെ മക്കളും ആ മാതാവിന്.

ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് ഇന്നേ വരെ ബോധ്യമായിട്ടില്ല. ഓരോ കര്‍ക്കിടക വാവു വരുമ്പോളും എന്റെ സഹധര്‍മ്മിണി പറയാറുണ്ട് എല്ലാം മറന്ന് - മാതാവിന് ബലിയര്‍പ്പിക്കാന്‍.......








Posted by Picasa

Saturday, June 27, 2009

പ്രിയപ്പെട്ട സീനക്ക്


പ്രിയപ്പെട്ട സീനക്ക്

മറുപടി ഇത്രയും വേഗം വന്നതിന് വളരെ സന്തോഷം. അപ്പോള്‍ വീട് എന്റെ തറവാടിന്നടുത്ത് ആണെന്നറിഞ്ഞതില്‍ സന്തോഷം.
ഇനി പറയൂ വടക്കേക്കാട് എവിടെയാ. മോളെ കാണണം എനിക്ക്. കുറച്ച് ഫോട്ടോസ് എടുക്കണം. ഔര്‍ വിഡിയോ ക്ലിപ്പും.
എന്റെ താഴെ കാണുന്ന [bottom of my gmail page] ബ്ലോഗുകളില്‍ വിഡിയോ ക്ലിപ്പുകള്‍ ധാരാളം ഉണ്ട്. എല്ലാം കുട്ടികളെ കേന്ദ്രീകരിച്ചുള്ളത് തന്നെ.
അതില്‍ വോയ്സ് ഓഫ് ട്രിച്ചൂര്‍ - സ്വപ്നങ്ങള്‍ - അതുമിതും കറുമുറു എന്നിവയില്‍ ധാരാളം വിഡിയോ ക്ലിപ്പുകള്‍ ഉണ്ട്.
പിന്നെ എന്റെ അഛന്റെ തറവാട് വടക്കേക്കാടിന്നടുത്തുള്ള ഞമനേങ്ങാട് ആണ്. ഇപ്പോള്‍ പഴയ തറവാട് പാപ്പന്റെ മക്കള്‍ പൊളിച്ച് പുതിയ വീട് പണിതു. അമ്പലവും, പാമ്പിന്‍ കാവും എല്ലാം നശിപ്പിച്ചു. എന്റെ ആരാധനാ മൂര്‍ത്തികളെയെല്ലാം അവര്‍ ഇല്ലാതാക്കി.
പക്ഷെ എന്റെ മനസ്സില്‍ അവര്‍ ആ സ്ഥാനത്ത് തന്നെ ഉണ്ട്. അതിനെ അവര്‍ക്കല്ല ലോകത്തില്‍ ആര്‍ക്കും മാറ്റാന്‍ പറ്റില്ലല്ലോ.
എനിക്ക് ഞമനേങ്ങാട്ടെ എന്റെ കുട്ടിക്കാലം ഓര്‍ക്കുമ്പോള്‍ ഒരു പാടെഴുതാനുണ്ട്. മടിയനായ എനിക്ക് ഒന്നിനും നേരമില്ല.
എന്നെക്കൊണ്ട് എന്റെ മാതാപിതാക്കന്മാര്‍ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്. ഞാന്‍ എങ്ങിനെ പണിയെടുത്ത് ജീവിക്കും എന്നവര്‍ക്ക് ആശങ്ക ഉണ്ടായിരുന്നു.
അവരുടെ പ്രതീക്ഷക്ക് വിരുദ്ധമായി, ഞാന്‍ നന്നായി. ചെറുപ്പത്തില്‍ അഛന്‍ മരിച്ചു. ഞങ്ങളെ [എന്നെയും എന്റെ സഹോദരനേയും നേര്‍വഴിക്ക് തിരിക്കാന്‍ എന്റെ *ചേച്ചിക്കായില്ല]
കാലചക്രത്തിന്റെ തിരിച്ചലില്‍ പലതും സംഭവിച്ചുവെങ്കിലും ഞങ്ങള്‍ രണ്ട് പേരും നന്നായി. പണിയെടുത്ത് ജിവിക്കുന്നു. ഞാന്‍ ഗള്‍ഫിലുണ്ടായിരുന്നപ്പോള്‍ ചേച്ചിയേയും, അനുജനേയും അങ്ങോട്ട് കൊണ്ട് പോയിരുന്നു.

*ചേച്ചി = പെറ്റമ്മ തന്നെ
+++
ഇന്നെലേ കുവൈറ്റിലുള്ള അനു ചാറ്റിങ്ങിന്നിടയില്‍ ചോദ്ച്ചു. എന്താ ഉണ്ണ്യേട്ടാ പുതിയ പോസുകളൊന്നുമില്ലേ എന്ന്. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ഏതായാലും ഇന്ന് ഞായറാഴ്ചയല്ലേ. എന്തെങ്കിലും അനുവിന് വേണ്ടിയെങ്കിലും ഇന്ന് സൃഷ്ടിക്കണം എന്ന് വിചാരിച്ചിരിക്കയായിരുന്നു.
എന്തെഴുതണമെന്ന് കുറേ നേരം ചിന്തിച്ചു. ഒന്നും പിടി കിട്ടിയില്ല.
എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ മിനിക്കുട്ടിയുടെ മുറ്റത്ത് ഓണക്കളി പഠിപ്പിക്കാന്‍ കുട്ടികളെത്തുമത്രെ. വാസുട്ടിയാണ് പഠിപ്പിക്കുന്നത്. പണ്ട് അവന്റെ അഛന്‍ കാട്ടിശ്ശേരി അപ്പുകുട്ടേട്ടനായിരുന്നു ഇതൊക്കെ ചെയ്തിരുന്നത്. ഇന്നദ്ദേഹം ഇല്ല.

ഈ അവസരത്തില്‍ കാട്ടിശ്ശേരി അപ്പുകുട്ടേട്ടനെ കുറിച്ച് രണ്ട് വാക്ക് പറയാതെ പോയാല്‍ മോശമാവില്ലേ,. കാട്ടിശ്ശേരി അപ്പുകുട്ടേട്ടന്റെ വീട് പുഞ്ചപ്പാടത്തിന്റെ കരയിലാ‍ണ്. മൂപ്പര്‍ പണ്ട് നാടന്‍ പാട്ടുകള്‍ സ്വന്തമായെഴുതി, അച്ചടിപ്പിച്ച് വഴിയോരങ്ങളിലും, ഉത്സവ പറമ്പുകളിലും ഒക്കെ ചൊല്ലി വില്പന നടത്തിയിരുന്നു. കൂടാതെ നാടന്‍ കലകളായ പ്രത്യേക നൃത്തങ്ങളും, വടി കൊണ്ട് അടിച്ചുള്ള പാട്ടുകളും, മറ്റും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു.

“മത്താ കുമ്പളം, വെള്ളരി ചേനാ......................” എന്ന് തുടങ്ങിയ പണ്ടത്തെ പാട്ടുകള്‍ എനിക്ക് ഓര്‍മ്മ വരുന്നു. അദ്ദേഹത്തെപ്പറ്റി എന്റെ എഴുത്തുകാരനും, സിനിമാ സീരിയല്‍ നടനും, ടി വി അവതാരകനുമായ അനുജന്‍ വി. കെ. ശ്രീരാമന്‍ എഴുതുകയും, ടി വി പരിപാ‍ടികളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അപ്പോള്‍ ചെറുവത്താനിയില്‍ മിനിക്കുട്ടിയുടെ വീട്ടില്‍ പോയാല്‍ കുട്ടികളെ പഠിപ്പിക്കുന്നത് കാണുകയും ചെയ്യാം, ഫൊട്ടോസെടുക്കാം, അതൊരു പോസ്റ്റായി ബ്ലൊഗില്‍ അനുവിനായി പ്രത്യേകമായി ഇടുകയും ചെയ്യാം എന്ന് ഞാന്‍ മനസ്സില്‍ കരുതി.

ഇന്നെലെ കിടക്കുമ്പോള്‍ ഒരു മണി കഴിഞ്ഞിരുന്നു. പന്ത്രണ്ടരക്ക് ഞാന്‍ സിസ്റ്റം ലോഗ് ഓഫ് ചെയ്യാനൊരുങ്ങുമ്പോള്‍ എന്റെ വീടിന്നടുത്ത് പെന്റാര്‍ക്കില്‍ താമസിക്കുന്ന സബിതയെ ഓണ്‍ലൈനില്‍ കണ്ടു, “സബിത ബിസി” എന്ന സ്ലോഗന്‍ എപ്പോഴും ചാറ്റ് ബോക്സില്‍ കാണാം. അല്ലറ ചില്ലറ ഹലോയിലൊന്നും ആള് വീഴുകയില്ല. അതാ ആളുടെ ഒരു രീതി.
“എന്താ ഇത്ര നേരമായിട്ടും ഉറങ്ങിയില്ലേ സബിതാ.........”
“ഇല്ല അങ്കിളേ..........”
“ഇത്രയും വൈകിയെന്താ പണി....?
“അങ്ങിനെയൊന്നും ഇല്ല... ചിലപ്പോള്‍ ഇങ്ങിനെയൊക്കെയാ..........”
“വീട്ടിലെല്ലാവരും ഉറങ്ങിയോ.?
“അഞ്ജലി ഉറങ്ങി........ രാജേഷ് ഉറങ്ങാതെ എന്റെ അടുത്തിരുപ്പുണ്ട്.
>>>

എന്നാ കാലത്ത് ചെറുവത്താനിക്ക് പുറപ്പെടാം എന്ന് വിചാരിച്ചു. കൂട്ടിന് കുറുമാനെ വിളിക്കാം. അയാളും കുട്ടന്‍ മേനോനും കൂടി മിനിഞ്ഞാന്‍ വൈകിട്ട് തീ‍വണ്ടി കയറിയതാ. മേനോന്‍ മദിരാശിക്കും, കുറുമാന്‍ കോയമ്പത്തൂരിലേക്കും.
അവര്‍ രണ്ട് പേരും പോണ വഴി എന്റെ വീട്ടില്‍ കയറാന്‍ മറന്നില്ല. ഞാന്‍ രണ്ട് പേരേയും പതിവ് പോലെ സ്വീകരിച്ചു. വണ്ട് വരാന്‍ ഇനിയും ഒരു മണിക്കൂറിലധികം ഉണ്ട്.
“അപ്പോള്‍ നമുക്ക് രണ്ടെണ്ണം വീശിയാലോ കുറുമാനേ.........”
കുറുമാന്‍ തട്ടിന്‍ പുറത്തേക്ക് നോക്കിയിട്ട്.
“എന്തായി ചേച്ചിയുടെ സമരം കഴിഞ്ഞോ പ്രകാശേട്ടാ...?
“അതൊന്നും പെട്ടെന്ന് കഴിയുന്ന സമരമല്ല എന്റെ കുറുമാന്‍ കുട്ടീ...........”
എന്താ കുടിക്കാന്‍ വേണ്ടത്........ മിനിഞ്ഞാന്നത്തെ ഹണീബിയുടെ ബാക്കിയുണ്ട്. പിന്നെ റെഡ് ലേബലുണ്ട്. പിന്നെ വേണമെങ്കില്‍ നല്ല ചില്‍ഡ് ഫോസ്റ്റര്‍ ഉണ്ട്....
കുട്ടന്‍ മേനോനെ നോക്കിക്കൊണ്ട് കുറുമാന്‍.............
“എന്താച്ചാ വേഗം അടിക്ക് എന്റെ കുറുമാനെ, വണ്ടി ഇളകുമ്പോഴെക്കും നമുക്ക് സ്റ്റേഷനിലെത്തണം.“
കുട്ടന്‍ മേനോന്‍ കുറുമാനോട് താക്കിത് നല്‍കി
“പ്രകാശേട്ടാ നമുക്ക് ഹണീബീയില്‍ തുടങ്ങാം അല്ലേ...........?
ഞാന്‍ രണ്ട് ഗ്ലാസ്സുകളും, ഹണീബീയും തണുത്ത വെള്ളവുമായി വന്നു. അപ്പോഴെക്കും കുറുമാന്‍ അയാളുടെ ദുബായിലുള്ള പ്രിയതമയോട് ചാറ്റിങ്ങിന് കയറിയിരുന്നു.
നാട്ടില്‍ കറങ്ങിയടിക്കാന്‍ കവിതയെയും കുട്ട്യോളെയും ദുബായില്‍ നിര്‍ത്തി വന്നിരിക്കുകയാ അയാള്‍. കുറുമാന് നാട്ടില്‍ വേറെ എന്തൊക്കെയോ ജോലികളും ഉണ്ട് എന്നാ പറഞ്ഞത്. ഇപ്പോ ഭൂമിക്ക് വില കുറവല്ലേ. ചില റിയല്‍ എസ്റ്റേറ്റ് ട്രാന്‍സേക്ഷനും മറ്റും ഉണ്ടെന്നാ കുട്ടന്‍ മേനോന്‍ പറഞ്ഞേ.
എന്നാ നമുക്ക് വീശിത്തുടങ്ങാം മക്കളേ.......... രണ്‍ട് വലി വലിച്ച് വേഗം സ്ഥലം കാലിയാക്കണം. ഇവിടുന്ന് പത്തടി നടന്നാല്‍ തീവണ്ടിയാപ്പീസായി. എന്നാലും അധികം ഇവിടെയിരുന്ന് ഞെളിയേണ്ട.

ഞാന്‍ കുറുമാന്‍ രണ്ട് ലാര്‍ജ്ജും, കുട്ടന്‍ മേനോന് ഒന്നര ലാര്‍ജ്ജും പകര്‍ന്ന് കൊടുത്തു.
കുട്ട്യോള് രണ്ടാളും അരിഷ്ടം കഴിക്കുന്ന ലാഘവത്തോടെ ഒറ്റ വലിക്ക് അത് അകത്താക്കി.
“എന്താ മക്കളേ നിങ്ങള് ഇങ്ങ്നെ മോന്തുന്നത്.........?
“പ്രകാശേട്ടനല്ലേ പറഞ്ഞേ വണ്ടി വേഗം വരും......... വേഗം സ്ഥലം കാലിയാക്കണമെന്ന്........?
അതൊക്കെ തമാശക്ക് പറഞ്ഞതല്ലേ എന്റെ കുട്ട്യോളേ.......
“എന്നാ രണ്ടെണ്ണം കൂടി ഒഴിക്ക്......... ല്ലേ കുട്ടന്‍ മേനോനെ.............?
ശരിയാ പ്രകാശേട്ടാ........ കുട്ടന്‍ മേനോന്‍ ഓതി........
ഞാന്‍ കുട്ട്യോള്‍ക്ക് പിന്നേയും ഒഴിച്ച് കൊടുത്തു.......... അവര്‍ മേശ വലിപ്പില്‍ തലേദിവസം ഞാന്‍ തിന്നതിന്റെ അവശിഷ്ടമായ പക്കവട എടുത്ത് തിന്നു. വേറെ അവര്‍ക്ക് ഒന്നും കൊടുക്കാനുണ്ടായിരുന്നില്ല. ഇവിടെ എന്തെങ്കിലും വാങ്ങി വെച്ചാ ഞാന്‍ തന്നെ എല്ലാം അകത്താക്കും. പിന്നെ എനിക്ക് ഗ്യാസും മറ്റും ആകും.
ഞാന്‍ ഇടക്ക് രാത്രി കുളിയൊക്കെ കഴിഞ്ഞ് രണ്ട് ഡ്രിങ്ക് എടുക്കും, പക്ഷെ ഈ പിള്ളാരെപ്പോലെയല്ല. ഞാന്‍ ബ്രൌസ് ചെയ്യുമ്പോളാ സാധാരണ കഴിക്കുക.
രണ്ട് ഡ്രിങ്കിന് രണ്‍ട് മണിക്കൂര്‍. അപ്പോള്‍ വറവ് സാധങ്ങള്‍ കഴിക്കുകയില്ല. കാരറ്റ്, ബീറ്റ് റൂട്ട്, ടൊമാറ്റോ മുതലായ സലാഡ്സും, നല്ല മൂഡിലാണെങ്കില്‍ ഒരു മസാല ഓം ലെറ്റ് ഉണ്ടാക്കും. എനിക്ക് മുളക് തീരെ ഇഷ്ടമില്ല. പക്ഷെ ടബാസ്കോ സോസ് സ്പ്രിങ്കിള്‍ ചെയ്ത കഴിക്കാനിഷ്ടമാ. പണ്ട് എന്റെ മോളുണ്ടായിരുന്നപ്പോള്‍ വളരെ സുഖമായിരുന്നു.
ബൂസ്സിങ്ങ് സമയത്ത്....... രാക്കമ്മേ.......... ഡാഡിക്ക് ഇന്നെന്താ സ്പെഷല്‍ എന്ന് ചോദിച്ചാല്‍ അവള്‍ ഓടി വരും...... എന്നിട്ട് പീനട്ട് മസാലയും, സ്പെഷല്‍ ഓം ലെറ്റും, പിസ്സായും, ഫ്രഞ്ച് ഫ്രൈസും എല്ലാം ഉണ്ടാക്കി ത്തരുമായിരുന്നു.
ഇപ്പോള്‍ അവള്‍ കല്യാണം കഴിഞ്ഞ് കൊച്ചിയിലാ‍ താമസം.
ഇവിടെ അവളുടെ അമ്മയുണ്ട്. ബീനാമ്മ.......... ഒരു കാര്യവും ഇല്ല..........
എന്തേങ്കിലും ചോദിച്ചാ......കേട്ട ഭാവം നടിക്കില്ലാ...........
പക്ഷെ ആള് പകല്‍ സമയത്ത് എന്ത് വേണമെങ്കിലും ഉണ്ടാക്കിത്തരും, ഉച്ച കഴിഞ്ഞാ അടുക്കളയില്‍ കയറില്ല.
എനിക്ക് ഓളെ വേണ്ടത് രാതിയിലാ അടുക്കളേല്.....


“അല്ലാ മക്കളേ നിങ്ങള് പോയില്ലേ ഇത് വരെ....?
യേയ് എന്താ പ്രകാശേട്ടാ ഇങ്ങ്നെ...ഇപ്പളല്ലേ പറഞ്ഞത് മെല്ലെ കുടിച്ചാല്‍ മതിയെന്ന്.... മെല്ലെ വീശിയാലും കുഴപ്പം, വേഗം വീശിയാലും കുഴപ്പം...... കുറുമാനിരുന്ന് കിരുങ്ങാന്‍ തുടങ്ങി....
കുപ്പി ഇങ്ങട്ട് താ പ്രകാശേട്ടാ... അതൊക്കെ ഞങ്ങള് ഒഴിച്ചോളാം... വണ്ടി വരുമ്പോളെക്കും ഇതൊക്കെ കഴിച്ച് തീര്‍ക്കേണ്ടെ.
കുറുമാന്‍ ഇടക്കിടക്ക് തട്ടിന്‍പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു.
“പ്രകാശേട്ടാ എന്തായി ചേച്ചിയുടെ സമരം..... എന്താ ശരിക്കും ഉണ്ടായേ..... ഇങ്ങനെ മൂന്നും നാലും ദിവസമൊന്നും പെണ്ണുങ്ങളോട് മിണ്ടാതിരിക്കരുത്. വഴക്കും വക്കാണമൊക്കെ വേണം.. അല്ലെങ്കിലെന്ത് ലൈഫ്.. ഞാന്‍ ചിലപ്പോള്‍ എന്റെ ഭാര്യയുമായി വഴക്കിടും. ഒരു ദിവസം മുഴുവനും മിണ്ടാതിരിക്കും. പ്രശ്നമില്ല. ഞാന്‍ പിറ്റേ ദിവസം കരളേ തേനേ എന്നൊക്കെ പറഞ്ഞ് അവളുടെ അടുത്ത് ചെന്നു. അവളെല്ലാം മറന്നു. അത്രയേ ഉള്ളൂ കാര്യം.......... എന്താ കുട്ടന്‍ മേനോനെ നീ നോക്കുന്നത് കണ്ണുരുട്ടിയിട്ട്...
ഞാനും പ്രകാശേട്ടനും വര്‍ത്തമാനം പറയുന്നത് കേട്ടിട്ട് നിനക്കെന്താടാ കുട്ടന്‍ മേനോനെ ഇത്ര കുശുമ്പ്....
നീ വേഗം നിന്റെ ഗ്ലാസ്സ് വെടിപ്പാക്കീട്ട് പൊയ്കോ... വണ്ടി ഇപ്പോ പോകും..
“അപ്പോ കുറുമാന്റെ കൂടെയില്ലോ വണ്ടിയില്............?
“ഉണ്ടോ... ഞാനത് മറന്നു ന്റെ കുട്ടന്‍ മേനോനെ.........
കുറുമാന്‍ കുപ്പിയില്‍ ബാക്കിയുള്ളത് ഗ്ലാസ്സിലേക്ക് പകര്‍ന്നുനോക്കിയപ്പോള്‍ വെള്ളം ഒഴിക്കാന്‍ സ്ഥലമില്ല. അപ്പോ അതില്‍ നിന്ന് കുറച്ച് മേനോന് നല്‍കി...
രണ്ട് പേരും കുറച്ച് വെള്ളവും ചേര്‍ത്ത് എല്ലാം അകത്താ‍ക്കി നിമിഷനേരം കൊണ്ട്.
“ന്നാ നമുക്കിറങ്ങാം കുട്ടന്‍ മേനോനെ........ കുറുമാന്‍ ഓതി........”
“എടൊ കുട്ടന്‍ മേനോനെ നമുക്ക് പോകുന്ന വഴിക്ക് ഒരു ലിറ്റര്‍ ഹണിബീ വാങ്ങിക്കോണ്ടോകാം. ട്രെയിനില്‍ ഇരുന്നടിക്കാം..... എനിക്കൊന്നുമായില്ല....”
“ഏയ് ട്രെയിനിലൊന്നും കുപ്പി പൊട്ടിക്കാന്‍ പറ്റില്ല.......... ഞാന്‍ ഒരു കുപ്പിയില് പകുതി കള്ളും പകുതി വെള്ളവുമായി കരിങ്ങാലി വെള്ളം പോലൊരു സാധനം കരുതിയിട്ടുണ്ട്. നമുക്ക വണ്ടിയില്‍ കയറിയാല്‍ അത് വീശാം..........”
ന്നാ ഞങ്ങള് പോകട്ടെ പ്രകാശേട്ടാ.............. അല്ലാ പ്രകാശേട്ടാ എന്താ ചേച്ചിയുമായുണ്ടായേ....... കുറുമാന് ആ കഥ കേട്ടേ പറ്റൂ....

അതൊക്കെ പിന്നെ പറയാം. നിങ്ങള് പോയേ വേഗം. വണ്ടി പോകും.
“ന്നാ ചുരുക്കിപ്പറാ പ്രകാശേട്ടാ.........നിക്കതൊന്ന് കേള്‍ക്കണം...”
അത് ചുരുക്കിപ്പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്കൊരു സുഖം വേണ്ടെ. അതിനാല്‍ നിങ്ങള്‍ പോയി വന്നിട്ട് പറഞ്ഞ് തരാം...
അങ്ങിനെ കുറുമാനേയും, മേനോനെയും ഞാന്‍ യാത്രയാക്കി.

ഞാന്‍ ചെറുവത്താനിയിലേക്ക് പോകാമെന്ന് വിചാരിച്ചിരിക്കുമ്പോളാണ് ആരോ ഒരു സ്ത്രീ പടി കടന്ന് വരുന്നത് കണ്ടത്...
നോക്കിയപ്പോള്‍ ഒരു പുള്ളോത്തീ..............
സാധാരണ കര്‍ക്കിടകം പിറന്ന് കഴിയുമ്പോഴാ ഇവരൊക്കെ വരാറ്.
എനിക്ക് പുള്ളുവന്‍ പാട്ട് വലിയ ഇഷ്ടമാ.....

കുറച്ച് നാള്‍ മുന്‍പ് ഞാന് എന്റെ അമ്മയുടെ കല്ലായില്‍ തറവാട്ടില്‍ പാമ്പിനാളം കാണാന്‍ പോയി. പ്രധാനമായും ഈ പുള്ളുവന്‍ പാട്ട് കേള്‍ക്കലായിരുന്നു എന്റെ ആഗ്രഹം.
അവിടെ ചെന്നപ്പോള്‍ രണ്ട് പുള്ളുവന്മാര്‍ കുടം കൊട്ടി പാട്ട് തുടങ്ങി. പക്ഷെ ഒരു പെണ്ണ് അവരുടെ അടുത്തിരുന്ന് ഇലത്താളം അടിച്ച് ഏറ്റ് പാടി തുടങ്ങി. അതിനാല്‍ പുള്ളുവന്‍ കുടത്തിന്റെ ധ്വനി അലങ്കോലപ്പെട്ടു.
ഇലത്താളമില്ലാതെ പാടാന്‍ പറഞ്ഞാല്‍ പ്രശ്നമാകില്ലേ എന്നോര്‍ത്ത് ഞാന്‍ ഒന്നും മിണ്ടിയില്ല. തന്നെയുമല്ല ഞാന്‍ ആ തറവാട്ടുകാരനുമല്ല. അവിടെ ആള്‍ ബലവുമില്ല...
പക്ഷെ ചുരുക്കം ചില വേളയില്‍ ഇലത്താളമില്ലാതെ പുള്ളുവന്‍ കുടത്തിന്റെ നാദമാധുരി ആസ്വദിക്കാന്‍ കഴിഞ്ഞു.

എന്റെ വീട്ടിലേക്ക് കയറി വന്ന പുള്ളോത്തിയെ ഞാന്‍ സാദരം വരവേറ്റു.
അവര്‍ പാടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് ഇത് വിഡിയോ എടുക്കണം. ഞാന്‍ എന്റെ കേമറ സെറ്റു ചെയ്തുകഴിയുന്നതിന് മുന്‍പേ അവര്‍ പാടാനുള്ള ഒരുക്കത്തിലായിരുന്നു.
തന്നെയുമല്ല ഒരു വലിയ മഴ വരാനുള്ള ഒരുക്കമായതിനാല്‍ വീടും പറമ്പുമാകെ ഇരുട്ട് കുത്തിയിരുന്നു.
അവരുടെ മുഖത്തേക്ക് വെളിച്ചം വീഴുന്ന പൊസിഷനില്‍ അവരെ ഇരുത്താനും കഴിഞ്ഞില്ല. അതിനാല്‍ അവര്‍ പാടിത്തുടങ്ങിയതും ഞാന്‍ എന്റെ കേമറ പൊസിഷന്‍ ചെയ്തു.
അങ്ങിനെ ബ്ലൊഗെഴുതാനുള്ള ഒരു ഉരുപ്പിടി കാലത്ത് എനിക്ക് കിട്ടി.

ഞാന്‍ പറഞ്ഞല്ലോ എന്റെ നാട്ടുകാരനായ കുവൈറ്റിലുള്ള അനുവിന് വേണ്ടി ഈ ബ്ലോഗ് പോസ്റ്റ് പ്രത്യേകം ഡെഡിക്കേറ്റ് ചെയ്യുന്നു.

പുള്ളുവന്‍ പാട്ടിന്റെ വിഡിയോ ആസ്വദിക്കുക.
ബ്ലൊഗ് വായിക്കുന്നവരെല്ലാം എന്തെങ്കിലും കമന്റ് ഇടുക. നിങ്ങളുടെ കമന്റുകളാ‍ണ് എഴുത്തുകാരന് കിട്ടുന്ന അംഗീകാരം.

നിറഞ്ഞ സ്നേഹത്തോടെ
നിങ്ങളുടെ ജെ പി