Saturday, June 27, 2009

പ്രിയപ്പെട്ട സീനക്ക്


പ്രിയപ്പെട്ട സീനക്ക്

മറുപടി ഇത്രയും വേഗം വന്നതിന് വളരെ സന്തോഷം. അപ്പോള്‍ വീട് എന്റെ തറവാടിന്നടുത്ത് ആണെന്നറിഞ്ഞതില്‍ സന്തോഷം.
ഇനി പറയൂ വടക്കേക്കാട് എവിടെയാ. മോളെ കാണണം എനിക്ക്. കുറച്ച് ഫോട്ടോസ് എടുക്കണം. ഔര്‍ വിഡിയോ ക്ലിപ്പും.
എന്റെ താഴെ കാണുന്ന [bottom of my gmail page] ബ്ലോഗുകളില്‍ വിഡിയോ ക്ലിപ്പുകള്‍ ധാരാളം ഉണ്ട്. എല്ലാം കുട്ടികളെ കേന്ദ്രീകരിച്ചുള്ളത് തന്നെ.
അതില്‍ വോയ്സ് ഓഫ് ട്രിച്ചൂര്‍ - സ്വപ്നങ്ങള്‍ - അതുമിതും കറുമുറു എന്നിവയില്‍ ധാരാളം വിഡിയോ ക്ലിപ്പുകള്‍ ഉണ്ട്.
പിന്നെ എന്റെ അഛന്റെ തറവാട് വടക്കേക്കാടിന്നടുത്തുള്ള ഞമനേങ്ങാട് ആണ്. ഇപ്പോള്‍ പഴയ തറവാട് പാപ്പന്റെ മക്കള്‍ പൊളിച്ച് പുതിയ വീട് പണിതു. അമ്പലവും, പാമ്പിന്‍ കാവും എല്ലാം നശിപ്പിച്ചു. എന്റെ ആരാധനാ മൂര്‍ത്തികളെയെല്ലാം അവര്‍ ഇല്ലാതാക്കി.
പക്ഷെ എന്റെ മനസ്സില്‍ അവര്‍ ആ സ്ഥാനത്ത് തന്നെ ഉണ്ട്. അതിനെ അവര്‍ക്കല്ല ലോകത്തില്‍ ആര്‍ക്കും മാറ്റാന്‍ പറ്റില്ലല്ലോ.
എനിക്ക് ഞമനേങ്ങാട്ടെ എന്റെ കുട്ടിക്കാലം ഓര്‍ക്കുമ്പോള്‍ ഒരു പാടെഴുതാനുണ്ട്. മടിയനായ എനിക്ക് ഒന്നിനും നേരമില്ല.
എന്നെക്കൊണ്ട് എന്റെ മാതാപിതാക്കന്മാര്‍ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്. ഞാന്‍ എങ്ങിനെ പണിയെടുത്ത് ജീവിക്കും എന്നവര്‍ക്ക് ആശങ്ക ഉണ്ടായിരുന്നു.
അവരുടെ പ്രതീക്ഷക്ക് വിരുദ്ധമായി, ഞാന്‍ നന്നായി. ചെറുപ്പത്തില്‍ അഛന്‍ മരിച്ചു. ഞങ്ങളെ [എന്നെയും എന്റെ സഹോദരനേയും നേര്‍വഴിക്ക് തിരിക്കാന്‍ എന്റെ *ചേച്ചിക്കായില്ല]
കാലചക്രത്തിന്റെ തിരിച്ചലില്‍ പലതും സംഭവിച്ചുവെങ്കിലും ഞങ്ങള്‍ രണ്ട് പേരും നന്നായി. പണിയെടുത്ത് ജിവിക്കുന്നു. ഞാന്‍ ഗള്‍ഫിലുണ്ടായിരുന്നപ്പോള്‍ ചേച്ചിയേയും, അനുജനേയും അങ്ങോട്ട് കൊണ്ട് പോയിരുന്നു.

*ചേച്ചി = പെറ്റമ്മ തന്നെ
+++
ഇന്നെലേ കുവൈറ്റിലുള്ള അനു ചാറ്റിങ്ങിന്നിടയില്‍ ചോദ്ച്ചു. എന്താ ഉണ്ണ്യേട്ടാ പുതിയ പോസുകളൊന്നുമില്ലേ എന്ന്. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ഏതായാലും ഇന്ന് ഞായറാഴ്ചയല്ലേ. എന്തെങ്കിലും അനുവിന് വേണ്ടിയെങ്കിലും ഇന്ന് സൃഷ്ടിക്കണം എന്ന് വിചാരിച്ചിരിക്കയായിരുന്നു.
എന്തെഴുതണമെന്ന് കുറേ നേരം ചിന്തിച്ചു. ഒന്നും പിടി കിട്ടിയില്ല.
എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ മിനിക്കുട്ടിയുടെ മുറ്റത്ത് ഓണക്കളി പഠിപ്പിക്കാന്‍ കുട്ടികളെത്തുമത്രെ. വാസുട്ടിയാണ് പഠിപ്പിക്കുന്നത്. പണ്ട് അവന്റെ അഛന്‍ കാട്ടിശ്ശേരി അപ്പുകുട്ടേട്ടനായിരുന്നു ഇതൊക്കെ ചെയ്തിരുന്നത്. ഇന്നദ്ദേഹം ഇല്ല.

ഈ അവസരത്തില്‍ കാട്ടിശ്ശേരി അപ്പുകുട്ടേട്ടനെ കുറിച്ച് രണ്ട് വാക്ക് പറയാതെ പോയാല്‍ മോശമാവില്ലേ,. കാട്ടിശ്ശേരി അപ്പുകുട്ടേട്ടന്റെ വീട് പുഞ്ചപ്പാടത്തിന്റെ കരയിലാ‍ണ്. മൂപ്പര്‍ പണ്ട് നാടന്‍ പാട്ടുകള്‍ സ്വന്തമായെഴുതി, അച്ചടിപ്പിച്ച് വഴിയോരങ്ങളിലും, ഉത്സവ പറമ്പുകളിലും ഒക്കെ ചൊല്ലി വില്പന നടത്തിയിരുന്നു. കൂടാതെ നാടന്‍ കലകളായ പ്രത്യേക നൃത്തങ്ങളും, വടി കൊണ്ട് അടിച്ചുള്ള പാട്ടുകളും, മറ്റും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു.

“മത്താ കുമ്പളം, വെള്ളരി ചേനാ......................” എന്ന് തുടങ്ങിയ പണ്ടത്തെ പാട്ടുകള്‍ എനിക്ക് ഓര്‍മ്മ വരുന്നു. അദ്ദേഹത്തെപ്പറ്റി എന്റെ എഴുത്തുകാരനും, സിനിമാ സീരിയല്‍ നടനും, ടി വി അവതാരകനുമായ അനുജന്‍ വി. കെ. ശ്രീരാമന്‍ എഴുതുകയും, ടി വി പരിപാ‍ടികളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അപ്പോള്‍ ചെറുവത്താനിയില്‍ മിനിക്കുട്ടിയുടെ വീട്ടില്‍ പോയാല്‍ കുട്ടികളെ പഠിപ്പിക്കുന്നത് കാണുകയും ചെയ്യാം, ഫൊട്ടോസെടുക്കാം, അതൊരു പോസ്റ്റായി ബ്ലൊഗില്‍ അനുവിനായി പ്രത്യേകമായി ഇടുകയും ചെയ്യാം എന്ന് ഞാന്‍ മനസ്സില്‍ കരുതി.

ഇന്നെലെ കിടക്കുമ്പോള്‍ ഒരു മണി കഴിഞ്ഞിരുന്നു. പന്ത്രണ്ടരക്ക് ഞാന്‍ സിസ്റ്റം ലോഗ് ഓഫ് ചെയ്യാനൊരുങ്ങുമ്പോള്‍ എന്റെ വീടിന്നടുത്ത് പെന്റാര്‍ക്കില്‍ താമസിക്കുന്ന സബിതയെ ഓണ്‍ലൈനില്‍ കണ്ടു, “സബിത ബിസി” എന്ന സ്ലോഗന്‍ എപ്പോഴും ചാറ്റ് ബോക്സില്‍ കാണാം. അല്ലറ ചില്ലറ ഹലോയിലൊന്നും ആള് വീഴുകയില്ല. അതാ ആളുടെ ഒരു രീതി.
“എന്താ ഇത്ര നേരമായിട്ടും ഉറങ്ങിയില്ലേ സബിതാ.........”
“ഇല്ല അങ്കിളേ..........”
“ഇത്രയും വൈകിയെന്താ പണി....?
“അങ്ങിനെയൊന്നും ഇല്ല... ചിലപ്പോള്‍ ഇങ്ങിനെയൊക്കെയാ..........”
“വീട്ടിലെല്ലാവരും ഉറങ്ങിയോ.?
“അഞ്ജലി ഉറങ്ങി........ രാജേഷ് ഉറങ്ങാതെ എന്റെ അടുത്തിരുപ്പുണ്ട്.
>>>

എന്നാ കാലത്ത് ചെറുവത്താനിക്ക് പുറപ്പെടാം എന്ന് വിചാരിച്ചു. കൂട്ടിന് കുറുമാനെ വിളിക്കാം. അയാളും കുട്ടന്‍ മേനോനും കൂടി മിനിഞ്ഞാന്‍ വൈകിട്ട് തീ‍വണ്ടി കയറിയതാ. മേനോന്‍ മദിരാശിക്കും, കുറുമാന്‍ കോയമ്പത്തൂരിലേക്കും.
അവര്‍ രണ്ട് പേരും പോണ വഴി എന്റെ വീട്ടില്‍ കയറാന്‍ മറന്നില്ല. ഞാന്‍ രണ്ട് പേരേയും പതിവ് പോലെ സ്വീകരിച്ചു. വണ്ട് വരാന്‍ ഇനിയും ഒരു മണിക്കൂറിലധികം ഉണ്ട്.
“അപ്പോള്‍ നമുക്ക് രണ്ടെണ്ണം വീശിയാലോ കുറുമാനേ.........”
കുറുമാന്‍ തട്ടിന്‍ പുറത്തേക്ക് നോക്കിയിട്ട്.
“എന്തായി ചേച്ചിയുടെ സമരം കഴിഞ്ഞോ പ്രകാശേട്ടാ...?
“അതൊന്നും പെട്ടെന്ന് കഴിയുന്ന സമരമല്ല എന്റെ കുറുമാന്‍ കുട്ടീ...........”
എന്താ കുടിക്കാന്‍ വേണ്ടത്........ മിനിഞ്ഞാന്നത്തെ ഹണീബിയുടെ ബാക്കിയുണ്ട്. പിന്നെ റെഡ് ലേബലുണ്ട്. പിന്നെ വേണമെങ്കില്‍ നല്ല ചില്‍ഡ് ഫോസ്റ്റര്‍ ഉണ്ട്....
കുട്ടന്‍ മേനോനെ നോക്കിക്കൊണ്ട് കുറുമാന്‍.............
“എന്താച്ചാ വേഗം അടിക്ക് എന്റെ കുറുമാനെ, വണ്ടി ഇളകുമ്പോഴെക്കും നമുക്ക് സ്റ്റേഷനിലെത്തണം.“
കുട്ടന്‍ മേനോന്‍ കുറുമാനോട് താക്കിത് നല്‍കി
“പ്രകാശേട്ടാ നമുക്ക് ഹണീബീയില്‍ തുടങ്ങാം അല്ലേ...........?
ഞാന്‍ രണ്ട് ഗ്ലാസ്സുകളും, ഹണീബീയും തണുത്ത വെള്ളവുമായി വന്നു. അപ്പോഴെക്കും കുറുമാന്‍ അയാളുടെ ദുബായിലുള്ള പ്രിയതമയോട് ചാറ്റിങ്ങിന് കയറിയിരുന്നു.
നാട്ടില്‍ കറങ്ങിയടിക്കാന്‍ കവിതയെയും കുട്ട്യോളെയും ദുബായില്‍ നിര്‍ത്തി വന്നിരിക്കുകയാ അയാള്‍. കുറുമാന് നാട്ടില്‍ വേറെ എന്തൊക്കെയോ ജോലികളും ഉണ്ട് എന്നാ പറഞ്ഞത്. ഇപ്പോ ഭൂമിക്ക് വില കുറവല്ലേ. ചില റിയല്‍ എസ്റ്റേറ്റ് ട്രാന്‍സേക്ഷനും മറ്റും ഉണ്ടെന്നാ കുട്ടന്‍ മേനോന്‍ പറഞ്ഞേ.
എന്നാ നമുക്ക് വീശിത്തുടങ്ങാം മക്കളേ.......... രണ്‍ട് വലി വലിച്ച് വേഗം സ്ഥലം കാലിയാക്കണം. ഇവിടുന്ന് പത്തടി നടന്നാല്‍ തീവണ്ടിയാപ്പീസായി. എന്നാലും അധികം ഇവിടെയിരുന്ന് ഞെളിയേണ്ട.

ഞാന്‍ കുറുമാന്‍ രണ്ട് ലാര്‍ജ്ജും, കുട്ടന്‍ മേനോന് ഒന്നര ലാര്‍ജ്ജും പകര്‍ന്ന് കൊടുത്തു.
കുട്ട്യോള് രണ്ടാളും അരിഷ്ടം കഴിക്കുന്ന ലാഘവത്തോടെ ഒറ്റ വലിക്ക് അത് അകത്താക്കി.
“എന്താ മക്കളേ നിങ്ങള് ഇങ്ങ്നെ മോന്തുന്നത്.........?
“പ്രകാശേട്ടനല്ലേ പറഞ്ഞേ വണ്ടി വേഗം വരും......... വേഗം സ്ഥലം കാലിയാക്കണമെന്ന്........?
അതൊക്കെ തമാശക്ക് പറഞ്ഞതല്ലേ എന്റെ കുട്ട്യോളേ.......
“എന്നാ രണ്ടെണ്ണം കൂടി ഒഴിക്ക്......... ല്ലേ കുട്ടന്‍ മേനോനെ.............?
ശരിയാ പ്രകാശേട്ടാ........ കുട്ടന്‍ മേനോന്‍ ഓതി........
ഞാന്‍ കുട്ട്യോള്‍ക്ക് പിന്നേയും ഒഴിച്ച് കൊടുത്തു.......... അവര്‍ മേശ വലിപ്പില്‍ തലേദിവസം ഞാന്‍ തിന്നതിന്റെ അവശിഷ്ടമായ പക്കവട എടുത്ത് തിന്നു. വേറെ അവര്‍ക്ക് ഒന്നും കൊടുക്കാനുണ്ടായിരുന്നില്ല. ഇവിടെ എന്തെങ്കിലും വാങ്ങി വെച്ചാ ഞാന്‍ തന്നെ എല്ലാം അകത്താക്കും. പിന്നെ എനിക്ക് ഗ്യാസും മറ്റും ആകും.
ഞാന്‍ ഇടക്ക് രാത്രി കുളിയൊക്കെ കഴിഞ്ഞ് രണ്ട് ഡ്രിങ്ക് എടുക്കും, പക്ഷെ ഈ പിള്ളാരെപ്പോലെയല്ല. ഞാന്‍ ബ്രൌസ് ചെയ്യുമ്പോളാ സാധാരണ കഴിക്കുക.
രണ്ട് ഡ്രിങ്കിന് രണ്‍ട് മണിക്കൂര്‍. അപ്പോള്‍ വറവ് സാധങ്ങള്‍ കഴിക്കുകയില്ല. കാരറ്റ്, ബീറ്റ് റൂട്ട്, ടൊമാറ്റോ മുതലായ സലാഡ്സും, നല്ല മൂഡിലാണെങ്കില്‍ ഒരു മസാല ഓം ലെറ്റ് ഉണ്ടാക്കും. എനിക്ക് മുളക് തീരെ ഇഷ്ടമില്ല. പക്ഷെ ടബാസ്കോ സോസ് സ്പ്രിങ്കിള്‍ ചെയ്ത കഴിക്കാനിഷ്ടമാ. പണ്ട് എന്റെ മോളുണ്ടായിരുന്നപ്പോള്‍ വളരെ സുഖമായിരുന്നു.
ബൂസ്സിങ്ങ് സമയത്ത്....... രാക്കമ്മേ.......... ഡാഡിക്ക് ഇന്നെന്താ സ്പെഷല്‍ എന്ന് ചോദിച്ചാല്‍ അവള്‍ ഓടി വരും...... എന്നിട്ട് പീനട്ട് മസാലയും, സ്പെഷല്‍ ഓം ലെറ്റും, പിസ്സായും, ഫ്രഞ്ച് ഫ്രൈസും എല്ലാം ഉണ്ടാക്കി ത്തരുമായിരുന്നു.
ഇപ്പോള്‍ അവള്‍ കല്യാണം കഴിഞ്ഞ് കൊച്ചിയിലാ‍ താമസം.
ഇവിടെ അവളുടെ അമ്മയുണ്ട്. ബീനാമ്മ.......... ഒരു കാര്യവും ഇല്ല..........
എന്തേങ്കിലും ചോദിച്ചാ......കേട്ട ഭാവം നടിക്കില്ലാ...........
പക്ഷെ ആള് പകല്‍ സമയത്ത് എന്ത് വേണമെങ്കിലും ഉണ്ടാക്കിത്തരും, ഉച്ച കഴിഞ്ഞാ അടുക്കളയില്‍ കയറില്ല.
എനിക്ക് ഓളെ വേണ്ടത് രാതിയിലാ അടുക്കളേല്.....


“അല്ലാ മക്കളേ നിങ്ങള് പോയില്ലേ ഇത് വരെ....?
യേയ് എന്താ പ്രകാശേട്ടാ ഇങ്ങ്നെ...ഇപ്പളല്ലേ പറഞ്ഞത് മെല്ലെ കുടിച്ചാല്‍ മതിയെന്ന്.... മെല്ലെ വീശിയാലും കുഴപ്പം, വേഗം വീശിയാലും കുഴപ്പം...... കുറുമാനിരുന്ന് കിരുങ്ങാന്‍ തുടങ്ങി....
കുപ്പി ഇങ്ങട്ട് താ പ്രകാശേട്ടാ... അതൊക്കെ ഞങ്ങള് ഒഴിച്ചോളാം... വണ്ടി വരുമ്പോളെക്കും ഇതൊക്കെ കഴിച്ച് തീര്‍ക്കേണ്ടെ.
കുറുമാന്‍ ഇടക്കിടക്ക് തട്ടിന്‍പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു.
“പ്രകാശേട്ടാ എന്തായി ചേച്ചിയുടെ സമരം..... എന്താ ശരിക്കും ഉണ്ടായേ..... ഇങ്ങനെ മൂന്നും നാലും ദിവസമൊന്നും പെണ്ണുങ്ങളോട് മിണ്ടാതിരിക്കരുത്. വഴക്കും വക്കാണമൊക്കെ വേണം.. അല്ലെങ്കിലെന്ത് ലൈഫ്.. ഞാന്‍ ചിലപ്പോള്‍ എന്റെ ഭാര്യയുമായി വഴക്കിടും. ഒരു ദിവസം മുഴുവനും മിണ്ടാതിരിക്കും. പ്രശ്നമില്ല. ഞാന്‍ പിറ്റേ ദിവസം കരളേ തേനേ എന്നൊക്കെ പറഞ്ഞ് അവളുടെ അടുത്ത് ചെന്നു. അവളെല്ലാം മറന്നു. അത്രയേ ഉള്ളൂ കാര്യം.......... എന്താ കുട്ടന്‍ മേനോനെ നീ നോക്കുന്നത് കണ്ണുരുട്ടിയിട്ട്...
ഞാനും പ്രകാശേട്ടനും വര്‍ത്തമാനം പറയുന്നത് കേട്ടിട്ട് നിനക്കെന്താടാ കുട്ടന്‍ മേനോനെ ഇത്ര കുശുമ്പ്....
നീ വേഗം നിന്റെ ഗ്ലാസ്സ് വെടിപ്പാക്കീട്ട് പൊയ്കോ... വണ്ടി ഇപ്പോ പോകും..
“അപ്പോ കുറുമാന്റെ കൂടെയില്ലോ വണ്ടിയില്............?
“ഉണ്ടോ... ഞാനത് മറന്നു ന്റെ കുട്ടന്‍ മേനോനെ.........
കുറുമാന്‍ കുപ്പിയില്‍ ബാക്കിയുള്ളത് ഗ്ലാസ്സിലേക്ക് പകര്‍ന്നുനോക്കിയപ്പോള്‍ വെള്ളം ഒഴിക്കാന്‍ സ്ഥലമില്ല. അപ്പോ അതില്‍ നിന്ന് കുറച്ച് മേനോന് നല്‍കി...
രണ്ട് പേരും കുറച്ച് വെള്ളവും ചേര്‍ത്ത് എല്ലാം അകത്താ‍ക്കി നിമിഷനേരം കൊണ്ട്.
“ന്നാ നമുക്കിറങ്ങാം കുട്ടന്‍ മേനോനെ........ കുറുമാന്‍ ഓതി........”
“എടൊ കുട്ടന്‍ മേനോനെ നമുക്ക് പോകുന്ന വഴിക്ക് ഒരു ലിറ്റര്‍ ഹണിബീ വാങ്ങിക്കോണ്ടോകാം. ട്രെയിനില്‍ ഇരുന്നടിക്കാം..... എനിക്കൊന്നുമായില്ല....”
“ഏയ് ട്രെയിനിലൊന്നും കുപ്പി പൊട്ടിക്കാന്‍ പറ്റില്ല.......... ഞാന്‍ ഒരു കുപ്പിയില് പകുതി കള്ളും പകുതി വെള്ളവുമായി കരിങ്ങാലി വെള്ളം പോലൊരു സാധനം കരുതിയിട്ടുണ്ട്. നമുക്ക വണ്ടിയില്‍ കയറിയാല്‍ അത് വീശാം..........”
ന്നാ ഞങ്ങള് പോകട്ടെ പ്രകാശേട്ടാ.............. അല്ലാ പ്രകാശേട്ടാ എന്താ ചേച്ചിയുമായുണ്ടായേ....... കുറുമാന് ആ കഥ കേട്ടേ പറ്റൂ....

അതൊക്കെ പിന്നെ പറയാം. നിങ്ങള് പോയേ വേഗം. വണ്ടി പോകും.
“ന്നാ ചുരുക്കിപ്പറാ പ്രകാശേട്ടാ.........നിക്കതൊന്ന് കേള്‍ക്കണം...”
അത് ചുരുക്കിപ്പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്കൊരു സുഖം വേണ്ടെ. അതിനാല്‍ നിങ്ങള്‍ പോയി വന്നിട്ട് പറഞ്ഞ് തരാം...
അങ്ങിനെ കുറുമാനേയും, മേനോനെയും ഞാന്‍ യാത്രയാക്കി.

ഞാന്‍ ചെറുവത്താനിയിലേക്ക് പോകാമെന്ന് വിചാരിച്ചിരിക്കുമ്പോളാണ് ആരോ ഒരു സ്ത്രീ പടി കടന്ന് വരുന്നത് കണ്ടത്...
നോക്കിയപ്പോള്‍ ഒരു പുള്ളോത്തീ..............
സാധാരണ കര്‍ക്കിടകം പിറന്ന് കഴിയുമ്പോഴാ ഇവരൊക്കെ വരാറ്.
എനിക്ക് പുള്ളുവന്‍ പാട്ട് വലിയ ഇഷ്ടമാ.....

കുറച്ച് നാള്‍ മുന്‍പ് ഞാന് എന്റെ അമ്മയുടെ കല്ലായില്‍ തറവാട്ടില്‍ പാമ്പിനാളം കാണാന്‍ പോയി. പ്രധാനമായും ഈ പുള്ളുവന്‍ പാട്ട് കേള്‍ക്കലായിരുന്നു എന്റെ ആഗ്രഹം.
അവിടെ ചെന്നപ്പോള്‍ രണ്ട് പുള്ളുവന്മാര്‍ കുടം കൊട്ടി പാട്ട് തുടങ്ങി. പക്ഷെ ഒരു പെണ്ണ് അവരുടെ അടുത്തിരുന്ന് ഇലത്താളം അടിച്ച് ഏറ്റ് പാടി തുടങ്ങി. അതിനാല്‍ പുള്ളുവന്‍ കുടത്തിന്റെ ധ്വനി അലങ്കോലപ്പെട്ടു.
ഇലത്താളമില്ലാതെ പാടാന്‍ പറഞ്ഞാല്‍ പ്രശ്നമാകില്ലേ എന്നോര്‍ത്ത് ഞാന്‍ ഒന്നും മിണ്ടിയില്ല. തന്നെയുമല്ല ഞാന്‍ ആ തറവാട്ടുകാരനുമല്ല. അവിടെ ആള്‍ ബലവുമില്ല...
പക്ഷെ ചുരുക്കം ചില വേളയില്‍ ഇലത്താളമില്ലാതെ പുള്ളുവന്‍ കുടത്തിന്റെ നാദമാധുരി ആസ്വദിക്കാന്‍ കഴിഞ്ഞു.

എന്റെ വീട്ടിലേക്ക് കയറി വന്ന പുള്ളോത്തിയെ ഞാന്‍ സാദരം വരവേറ്റു.
അവര്‍ പാടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് ഇത് വിഡിയോ എടുക്കണം. ഞാന്‍ എന്റെ കേമറ സെറ്റു ചെയ്തുകഴിയുന്നതിന് മുന്‍പേ അവര്‍ പാടാനുള്ള ഒരുക്കത്തിലായിരുന്നു.
തന്നെയുമല്ല ഒരു വലിയ മഴ വരാനുള്ള ഒരുക്കമായതിനാല്‍ വീടും പറമ്പുമാകെ ഇരുട്ട് കുത്തിയിരുന്നു.
അവരുടെ മുഖത്തേക്ക് വെളിച്ചം വീഴുന്ന പൊസിഷനില്‍ അവരെ ഇരുത്താനും കഴിഞ്ഞില്ല. അതിനാല്‍ അവര്‍ പാടിത്തുടങ്ങിയതും ഞാന്‍ എന്റെ കേമറ പൊസിഷന്‍ ചെയ്തു.
അങ്ങിനെ ബ്ലൊഗെഴുതാനുള്ള ഒരു ഉരുപ്പിടി കാലത്ത് എനിക്ക് കിട്ടി.

ഞാന്‍ പറഞ്ഞല്ലോ എന്റെ നാട്ടുകാരനായ കുവൈറ്റിലുള്ള അനുവിന് വേണ്ടി ഈ ബ്ലോഗ് പോസ്റ്റ് പ്രത്യേകം ഡെഡിക്കേറ്റ് ചെയ്യുന്നു.

പുള്ളുവന്‍ പാട്ടിന്റെ വിഡിയോ ആസ്വദിക്കുക.
ബ്ലൊഗ് വായിക്കുന്നവരെല്ലാം എന്തെങ്കിലും കമന്റ് ഇടുക. നിങ്ങളുടെ കമന്റുകളാ‍ണ് എഴുത്തുകാരന് കിട്ടുന്ന അംഗീകാരം.

നിറഞ്ഞ സ്നേഹത്തോടെ
നിങ്ങളുടെ ജെ പി



Sunday, June 21, 2009

ഉണ്ണി അച്ചാച്ചാ ഇത് ടി വി യിലുടുമോ


ഞാന്‍ ഇന്ന് വളരെ അപ്രതീക്ഷിതമായി മണിച്ചേച്ചിയുടെ വീട്ടില്‍ പോയി. കുറെ നാളായി ചിഞ്ചു എന്നെ പ്രതീക്ഷിച്ചിരിക്കയാണെന്ന് മണിച്ചേച്ചി പറഞ്ഞു.
ചിഞ്ചു ഒന്ന് രണ്ട് പടങ്ങള്‍ വരച്ചിട്ടുണ്ട്. അത് ടിവി യില്‍ ഇട്ട് കിട്ടണം അവള്‍ക്ക്.
ഇപ്പോള്‍ ടിവിയിലെ ജോലി രാജി വെച്ചല്ലോ മോളെ. അച്ചാഛന്‍ ബ്ലോഗില്‍ ഇടാം. മോള്‍ക്ക് എന്താണ് ബ്ലൊഗ് എന്നറിയുമോ?
ആ കഥകളെല്ലാം പിന്നീട് പറയാം.
തല്‍ക്കാലം ഈ പടങ്ങള്‍ ഇന്ന് ബ്ലോഗില്‍ ഇടാം. ചിഞ്ചു ഉറങ്ങുന്നതിന് മുന്‍പ് കാണിച്ച് തരാന്‍ അഛനോട് പറയാം.
ചിഞ്ചുവിന്റെ യഥാര്‍ഥ നാമം. കീര്‍ത്തന രാഗേഷ്, “വൃന്ദാവന്‍” പഞ്ചിക്കല്‍ ഇറക്കം, അയ്യന്തോള്‍ പോസ്റ്റ്, തൃശ്ശിവപേരൂര്‍.





Posted by Picasa

Sunday, June 14, 2009

എന്റെ ഗ്രാമത്തിലെ അയലത്തെ കുട്ടികളും മറ്റും

http://voiceoftrichur.blogspot.com/2009/06/blog-post_13.html
മേല്‍ പറഞ്ഞ ലിങ്കിന്റെ തുടര്‍ച്ച >>>>>>>>>
ആദ്യം തന്നെ കുട്ടികളുടെ ചില തമാശ വിഡിയോ ക്ലിപ്പുകള്‍ കണ്ടും കൊണ്ട് തുടങ്ങാമല്ലേ.


മഞ്ഞ ഉടുപ്പിട്ടിരിക്കുന്നത് തക്കുടു, പിങ്ക് ഉടുപ്പുകാരി അഭിരാമി. രണ്ടാളും തൊട്ട് വടക്കേ വീട്ടിലെ രാഘവേട്ടന്റെ പേരക്കുട്ടീസാണ്.

അല്പം കഴിഞ്ഞ് ഞാന്‍ തുടരാം. അപ്പോഴെക്കും നിങ്ങള്‍ ഈ കുട്ടികളുടെ പാട്ട് വീണ്ടും കേട്ട് ഇരിക്കൂ. ഞാന്‍ ഇപ്പോ വരാം

Saturday, June 13, 2009

ഞാന്‍ ഇന്ന് എന്റെ ഗ്രാമത്തില്‍ കുട്ടികളോന്നിച്ച്

ആദ്യമായി കുട്ടികളുടെ ഒരു പാട്ട് മുറ്റത്ത് നിന്ന് എടുത്തു. അത് കാണിക്കാം. പിന്നെ മറ്റ് വിവരങ്ങള്‍ എഴുതാം.










ഗ്രാമത്തിലെ തറവാട്ടില്‍ വന്നിട്ട് കുറച്ച് ദിവസമായി. ഇന്നെലെ രാത്രി എന്തൊക്കെയോ ആഹരിച്ചു. ഇന്ന് കാലത്ത് വയറിളക്കം. ഗീത [സഹോദരന്‍ ശ്രീരാമന്റെ സഹധര്‍മ്മിണി കഞ്ഞിയും മോരു കാച്ചിയതും നല്‍കി.

അല്പം ആശ്വാസം ഉണ്ടായി. എന്നാലും തൃശ്ശൂരുള്ള ഡോക്ടര്‍ രേഖയെ ഫോണി വിളിച്ചു. വേണ്ട മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. മരുന്നുകള്‍ കിട്ടന്‍ [സഹോദരന്റെ മകന്‍] കുന്നംകുളത്ത് പോയി വാങ്ങി വന്നു. ഇനി അസുഖം പൂര്‍ണ്ണമായി മാറിയിട്ടേ തിരിച്ച് പോകുന്നുള്ളൂ...



എന്റെ അഛന്റെ കൂട്ടുകാരനായ പാറേട്ടന്‍ [ഞമനേങ്ങാട് - വട്ടം പാടം] മാത്രം ജീവിച്ചിരുപ്പുണ്ട്. എന്റെ സഹോദരന്‍ വി കെ ശ്രീരാമനെ [സിനിമാനടനും, എഴുത്ത് കാരനും] അറിയുമല്ലോ. അവന്‍ പറഞ്ഞു എന്നോട് പാറേട്ടനെ പോയി കാണാന്‍. അദ്ദേഹം കിടപ്പാണ്. വയസ്സേറെയായി. അസുഖങ്ങള്‍ പലതും. പാറേട്ടന്‍ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ സജീവ പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ പൊന്നിന്‍ ചെരുപ്പ് വേലായിയേട്ടന്‍, പിന്നെ ഞങ്ങളുടേ അയല്‍ വാസി കൃഷ്ണേട്ടന്‍ എന്നിവരൊക്കെ എന്റെ അഛന്‍ പരലോകം പ്രാപിച്ച് വളരെ നാള്‍ കഴിഞ്ഞേ പോയുള്ളൂ...




ഞാന്‍ ജനിച്ച് വളര്‍ന്ന ഞമനേങ്ങാട് - വട്ടം പാടത്തെ തറവാട് വീട് ഇന്നില്ല. പാപ്പനാണ് ഭാഗത്തില്‍ തറവാട് സിദ്ധിച്ചത്. അദ്ദേഹത്തിന്റെ മക്കള്‍ അതൊക്കെ പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിച്ചു.




വേറെ ഒരാള്‍ പുരാതനമായുണ്ടായിരുന്ന അമ്പലപ്പുരയും, രക്ഷസ്സ് ,പാമ്പിന്‍ കാവ് എന്നിവയെല്ലാം തകര്‍ത്ത് തരിപ്പണമാക്കി. എല്ലാ ദേവതെകളേയും എങ്ങോട്ടോ കൊണ്ട് പാര്‍പ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ആയതിനാല്‍ തറവാട് എന്ന സ്വപ്നം ഇപ്പോള്‍ ഇല്ല.




ഞാന്‍ ഇന്ന് വന്നിരിക്കുന്ന കുന്നംകുളം - ചെറുവത്താനിയിലെ തറവാട് എന്റെ അഛന്‍ പിന്നിട് പണിതുയര്‍ത്തിയ സാമ്രാജ്യമാണ്. ഇവിടെ ഇപ്പോള്‍ എന്റെ സഹോദരന്‍ വി കെ ശ്രീരാമന്‍ കുടുംബസമേതം ജീവിക്കുന്നു. ഞാന്‍ വല്ലപ്പോഴും വരും.




[ശേഷം ഭാഗങ്ങള്‍ താമസിയാതെ തുടരും]


ഞാന്‍ ഉറങ്ങുകയായിരുന്നു. ഇവിടെ ഇന്ന് ചുക്കി [ശ്രീരാമന്റെ മൂത്ത മകള്‍] കൊല്ലത്ത് നിന്ന് അവധിക്ക് വന്നിട്ടുണ്ട്. അവള്‍ക്ക് പെട്ടെന്ന് ബേങ്കില്‍ പണി ചെയ്യണമെന്ന് തോന്നി. യെം കോം പഠിച്ചിട്ടുണ്ടെങ്കിലും ഒരു കോഴ്സ് ചെയ്താലെ ബേങ്കിലെ ജോലിക്ക് പ്രാപ്തയാകൂ എന്നതിനാലാണ് ഈ കോഴ്സ് . പല തരം ജോലിക്കും ഒരു തുടക്കം കിട്ടാന്‍ ഈ കോഴ്സ് ഉപകരിക്കുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.


ചുക്കി എന്ന ലക്ഷ്മി രണ്ട് സിനിമകളുടെ അസ്സിസ്റ്റന്റ് ഡയറക്ടറായിരുന്നു. തിരക്കഥയും, സാഗര്‍ ജാക്കി എലിയാസ്. പിന്നെ ശ്രീരാമന്റെ “വേറിട്ട കാഴ്ചകളുടെ” കോ ഒറ്ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്. ചുക്കിക്ക് ഒരു ഇളയ സഹോദരനുണ്ട്. “കിട്ടന്‍” എന്ന ഹരിക്ര്ഷ്ണന്‍.


കിട്ടന് സിനിമാലോകത്തേക്ക് അഛനെ പോലെ പോകണമെന്നോ ആകണമെന്നോ ആഗ്രഹമില്ലാ. വാഹനങ്ങളോടും, ലേറ്റസ്റ്റ് മൊബൈല്‍ ഫോണുകളോടും കമ്പം. 10 വയസ്സ് തൊട്ട് കാറോട്ടം തുടങ്ങി. ഇന്നലെ അവന്റെ അഛനായ ശ്രീരാമന്‍ പറയുന്നത് കേട്ടു മൂപ്പര്‍ക്ക് കുക്കിങ്ങിലും നല്ല വാസനയും പരിജ്ഞാനവും ഉണ്ടെന്ന്. പെട്ടെന്ന് അടുക്കളയില്‍ കയറലും പാട്ടുപാടലും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളുണ്ടാക്കലും മറ്റും. അവ രുചിയുള്ളതും, കഴിക്കാന്‍ രുചിയുള്ളതുമാകുമത്രെ.


ആള് ഏതാണ്ട് ആറടി നാലിഞ്ച് ഉയരവും, അതിനൊത്തെ തടിയും ഉണ്ട്. പക്ഷെ വയസ്സ് ഇരുപത്തി രണ്ടേ ആയിട്ടുള്ളൂ എന്നാ തോന്നണത്. അടുത്ത് തന്നെ വിദേശത്തേക്ക് ജോലി സംബന്ധിച്ച് യാത്രയാകുകയാണ്.


പിന്നെ ഇന്ന് ഇവിടെ ഗിതയുടെ [ശ്രീരാമന്‍സ് സ്പൌസ്] അനിയത്തി രാധയും, രാധയുടെ മകന്‍ മോനുവും, ഞങ്ങളുടെ അയല്‍ വാസിയും എയര്‍പോര്‍ട്ട് ജീവനക്കാരിയായ “ചില്ലു” വെന്ന ലിസ്നയും ഗസ്റ്റ് ആയിട്ടിട്ടുണ്ട്. രാധക്ക് കുറ്റിപ്പുറത്തടുത്ത് തവനൂരിലാണ് ജോലി.


എനിക്ക് വയറ്റിലെ അസ്വാസ്ഥ്യം അങ്ങ്ട്ട് ശരിയാകാത്തതിനാല്‍ ഈവനിങ്ങ് ടീക്ക് പകരം ഗീത ചുക്കുകാപ്പി ഇട്ട് തന്നു.


കുവൈറ്റില്‍ ജോലിചെയ്യുന്ന എന്റ് ചാറ്റ് ഫ്രണ്ടും, പാടു ഏട്ടന്റെ മകനുമായ അനുവിന്റെ വീട്ടിലേക്ക് പോകണമെന്നുണ്ട്. പക്ഷെ ആരോഗ്യം ഇതെഴുതുന്ന വരെ സമ്മതിച്ചിട്ടില്ല. അനുവിന്റ്റെ മക്കള്‍ക്ക് ഇന്നും നാളെയും സ്കൂള്‍ അവധിയയതിനാല്‍ എപ്പോള്‍ വേണമെങ്കിലും അവിടേ സന്ദര്‍ശിക്കാവുന്നതും, പ്രത്യേകിച്ച് കുട്ടികളെ കാണാവുന്നതും ആണ്.


ഞാന്‍ ചെറുവത്താനി ആറാട്ട് കടവിലെ പൂരം ബ്ലോഗില്‍ പോസ്റ്റ് ചെയ്തത് കണ്ടാണ് ഞാനും അനുവും ചങ്ങാതിമാരായത്. പിന്നെ അദ്ദേഹം എന്റെ പഴയ സുഹൃത്ത് പാടുവേട്ടന്റെ മകനും ആണ് എന്നറിഞ്ഞത് മുതല്‍ ഞങ്ങള്‍ നിരന്തരം ചാറ്റ് ചെയ്യാറുണ്ട്.


ഇന്നെത്തെ കഥയിലെ കുട്ടികള്‍ തറവാട്ടിലെ തൊട്ട് വടക്കെ വീട്ടിലെ മണ്മറഞ്ഞ രാഘവേട്ടന്റെ പേരക്കുട്ടികളാണ്. രാഘവേട്ടന്റെ മക്കളായ ആനന്ദനെയും, അരുവിനെയുമാണ് എനിക്ക് ഓര്‍മ്മ. ഇപ്പോള്‍ അവിടെ അവരുടെ മറ്റു സഹോദരന്മാരും കുടുംബവും തൊട്ട് തൊട്ട് താമസിക്കുന്നു.


രാഘവേട്ടന്റെ ഒരു പേരക്കുട്ടിയായ “ചിടു” മിക്കപ്പോഴും ഇവിടെ ഉണ്ട്. നല്ല ഒരു മിടുക്കി കുറുമ്പുകാരി പെണ്‍കുട്ടിയാ ചിടു. കുറുമ്പില്ലെങ്കില്‍ പിന്നെ കുട്ടികളെ കാണാന്‍ എന്താ ഒരു സുഖം. കുട്ട്യോള് ഇന്ന് എന്റെ തോളത്തെല്ലാം കയറി മറിഞ്ഞപ്പോള്‍ എന്റെ അസുഖമെല്ലാം മറന്നു ഞാന്‍.


പിന്നെ അവിടെ അഭിരാമി, അമ്മു, ചിക്കുടു, സാരംഗ്, ഷെല്‍ജി മുതലായ മിടുക്കിക്കുട്ടികളും ഉണ്ട്. തൊട്ട വീട്ടിലെ ഈ കുട്ടികളാ എന്റെ നാട്ടിന്‍ പുറത്തെ കൂട്ടുകാര്‍. അവരൊത്തു കൂടിയാല്‍ പിന്നെ എല്ലാം മറക്കും.


മൂകാംബികയില്‍ പോയപ്പോള്‍ അവര്‍ക്ക് ബ്രയിസ്ലെറ്റും, ഫോട്ടോയും വാങ്ങിക്കൊണ്ട് വരാന്‍ മറന്നില്ല. ഇന്ന് ചോക്കലേറ്റും മറ്റും കൊടുത്തു.


ഇപ്പോ സമയം ആറ് കഴിഞ്ഞു. തല്‍ക്കാലം നിര്‍ത്തുന്നു. കുറച്ച് കൂടി ഫോട്ടോസ് അപ് ലോഡ് ചെയ്യാം.


നാളെ ആരോഗ്യമുണ്ടെങ്കില് തൃശ്ശൂര്‍ക്ക് യാത്രയാകണം. സജിത ഓഫീസില്‍ വരാത്ത കാരണം എന്നെ അന്വേഷിക്കാന്‍ ആരും ഇല്ല. തിങ്കളാഴ്ച തൊട്ട് സജിത വരും. സജിതയുടെ അഛന്‍ മരിച്ച് ഏതാണ്ട് രണ്ടാഴ്ച അവധിയായിരുന്നു സജിത.


അപ്പോള്‍ ഇവിടെ അവസാനിപ്പിക്കാം ഇല്ലേ?


++++++++++++++++++++


Monday, June 8, 2009

മാല പൊട്ടിക്കല്‍

എപ്പോ നോക്കിയാലും എവിടെ നോക്കിയാലും പെണ്ണുങ്ങളുടെ മാല പൊട്ടിച്ചു ഓടി എന്ന വാര്‍ത്തയാണ്. ഇന്നെത്തെ മാതൃഭൂമി പത്രത്തിലും കണ്ടു അങ്ങിനെ ഒന്ന്.
ഏഴും പത്തും മറ്റും പവനുള്ള മാല എന്തിനാണ് ഈ പെണ്ണുങ്ങള്‍ ഇട്ടോണ്ട് നടക്കുന്നത്. കഞ്ഞി കുടിക്കാന്‍ വകയില്ലെങ്കിലും ഈ തരം പ്രവര്‍ത്തികള്‍ക്ക് ഒരു അവസാനവും ഇല്ല.
എത്രയെത്രെ കഥകള്‍ പത്രത്തില്‍ വന്ന് കണ്ടിട്ടും പെണ്ണുങ്ങളുടെ ഈ ആനച്ചങ്ങല പോലെയുള്ള സ്വര്‍ണ്ണ മാല ധരിക്കല്‍ അവസാനിക്കുന്നില്ല. കള്ളന്മാര്‍ക്ക് നല്ല കാലം. അല്ലെങ്കിലിതിനെന്താ പറയുന്നത്.
കല്യാണത്തിന് ഓരോരുത്തര്‍ കെട്ടുന്ന താലിമാലയുടെ തൂക്കം കണ്ടാല്‍ ഞെട്ടും. എന്റെ മോളുടെ കല്യാണത്തിനും ഒരു ചങ്ങല കെട്ടിയിരുന്നു. ഞാന്‍ പിറ്റേ ദിവസം തന്നെ അത് കഴിച്ച് വെച്ച് പകരം ഒരു നൂലുപോലെയുള്ള ഒന്നാക്കി കൊടുത്തു.
ഈ തമിഴ് നാട്ടിലൊക്കെ കണ്ടിട്ടില്ലേ അവര്‍ ചരടിലാണ് താലി കെട്ടുക. പോയാല്‍ കൂടിയാല്‍ ഔര്‍ ഇരുനൂറ് രൂപ. അത്രയേ ഉള്ളൂ നഷ്ടം. ഏഴുപവനും പത്ത് പവനും മറ്റുമുള്ള താലി മാല പോയാല്‍ ഇന്നെത്തെ കാലത്ത് നഷ്ടം ഏറെയാ.
ഈ സ്വര്‍ണ്ണത്തിന് എന്തൊരു വിലയാ എന്റെ അപ്പോ?... സഹിക്കാന്‍ മേലാ...
പിന്നെ പെണ്ണുങ്ങള്‍ക്ക് അങ്ങിനെ ഇട്ടോണ്ട് വിലസിയാ‍ല്‍ മതിയല്ലോ. ആണുങ്ങള്‍ക്കല്ലെ അതിന്റെ നഷ്ടം.
ഈ മലയാള നാട്ടില്‍ മാത്രമെ കണ്ടിട്ടുള്ളൂ പെണ്ണുങ്ങള്‍ ഇത്രയും ഭാരമുള്ള സ്വര്‍ണ്ണ മാലകള്‍ കെട്ടി നടക്കുന്നത്. അത് കൊണ്ട് തന്നെയല്ലേ മിക്ക അന്യ സംസ്ഥാന കള്ളന്മാരെയും ഇങ്ങോട്ടാകര്‍ഷിക്കുന്നത്. അതുമല്ല ഇത്രയും സ്വര്‍ണ്ണക്കടയുള്ള മറ്റു ജില്ലകളോ സംസ്ഥാനങ്ങളോ ഭാരതത്തിലുണ്ടോ.
എന്റെ പെങ്ങന്മാരെ, അമ്മമാരെ ദയവായി ഇത്തരം ഭാരമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ഇട്ടോണ്ട് പൊതു സ്ഥലങ്ങളില്‍ നടക്കേണ്ട. അല്ലെങ്കില്‍ സ്വര്‍ണ്ണം പോലെ തോന്നുന്ന ഒരു ഗ്രാം കവര്‍ ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ ധാരാളം വിപണിയിലുണ്ടല്ലോ. അത് ധരിച്ചാല്‍ മതിയല്ലോ.
ബൈക്കില്‍ വന്ന് മാല പൊട്ടിക്കുമ്പോള്‍ കഴുത്തിന് മുറിവ് പറ്റുകയും സാധാരണയാണ്.
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.... അത്ര തന്നെ...............

എന്റെ കണ്ണുകള്‍

എന്റെ കണ്ണുകള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നു. [വിജയശ്രീ കണ്ണാശുപത്രി] കണ്ണിലെ അസുഖത്തെ തുടര്‍ന്ന് വിദേശവാസത്തിന്നിടയില്‍ അവിടെ വെച്ച് [ഗള്‍ഫില്‍] ഒരു കണ്ണിന് സര്‍ജറി ചെയ്യുകയുണ്ടായി. പിന്നീട് നാട്ടില്‍ വന്ന് അവ മെയിന്റയിന്‍ ചെയ്യണമല്ലോ. ഞാന്‍ പലയിടത്തും മെയിന്റനന്‍സിനായി പോയിരുന്നു.
ചിലയിടങ്ങളില്‍ ക്ലിനിക്കില്‍ ഉപകരണങ്ങളുണ്ടായാലും ഡോക്ടേഴ്സ് അതു രോഗിയെ ടെസ്റ്റ് ചെയ്യാന്‍ മെനെക്കെടാറില്ല. അങ്ങിനെ ഞാന്‍ അവസാനം ഈ വിജയശ്രീയില്‍ എത്തിപ്പെട്ടു. അച്ചന്‍ തേവര്‍ എന്നെ ഇവിടെ കൊണ്ടാക്കി എന്ന് വേണമെങ്കില്‍ പറയാം.
ഇവിടെത്തെ ഡോക്ടര്‍മാരുടേയും, സഹപ്രവര്‍ത്തകരുടേയും പെരുമാറ്റം വളരെ സ്നേഹത്തോടെയാ. അതിനാല്‍ ഒരിക്കല്‍ പോയവര്‍ അവിടെ വീണ്ടും വീണ്ടും പോകുന്നു.
എന്നെ പരിചരിക്കുന്നത് ഡോക്ടര്‍ നന്ദിനി ദേവിയാണ്. കാര്യങ്ങളെല്ലാം വളരെ സാവധാനം ചോദിച്ചറിഞ്ഞ്, ഒട്ടും തിരക്കുകൂട്ടാതെ രോഗിയെ പരിചരിക്കുന്നു. ഒരു വയസ്സനായതിനാലും അല്പം ഗൌരവമേറിയ അസുഖമുള്ളതിനാലും എനിക്ക് എന്തോ കൂടുതല്‍ കെയര്‍ കിട്ടുന്ന പോലെ തോന്നി. ചിലപ്പോള്‍ ഡോക്ടറെ കാണാന്‍ ഒരു മണിക്കൂറൊക്കെ ഇരിക്കേണ്ടി വന്നാലും എനിക്ക് ഒട്ടും പ്രയാസം തോന്നാറില്ല. ഞാന്‍ അവിടെ ഇരുന്ന് ഉറക്കം തൂങ്ങും.
ഊരുചുറ്റുന്ന എനിക്ക് എവിടെ പോയാലും ഐ ക്ലിനിക്കില്‍ പോകുക എന്റെ പതിവാണ്. കോയമ്പത്തൂരിലെ അരവിന്ദ് ആശുപത്രിയിലും, അങ്കമാലിയിലെ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലും, ജര്‍മ്മനിയിലെ വീസ്ബാഡനിലെ ഡച്ച് ഡയഗ്നോസ്റ്റിക് ക്ലിനിക്കിലും, എലൈറ്റ് ആശുപത്രിയിലും, കിണര്‍ സ്റ്റോപ്പിലെ ഐവിഷനിലും ഒക്കെ ഞാന്‍ പോയിരുന്നു.
എല്ലാവരോടും എന്റെ കണ്ണുകളുടെ സ്ഥിതിയെപറ്റി പറയാറുണ്ട്. എന്റെ വേവലാതിയില്‍ എന്നോട് എല്ലാര്‍ക്കും സഹതാപവും ഉണ്ടാകാറുണ്ട്. കാഴ്ചയില്ലാത്ത അവസ്ഥയിലേ കണ്ണിന്റെ മഹത്വം നമുക്ക് മനസ്സിലാകുകയുള്ളൂ...
നമ്മള്‍ മരിക്കുന്ന സമയം കണ്ണ് ദാനം ചെയ്താല്‍ നന്നായിരിക്കും. മരിച്ച ആളുടെ ശവശരീരം ആര്‍ക്കെങ്കിലും ഉപകാരമാവട്ടെ എന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും. ഈ ലോകത്ത് എത്രയോ അന്ധന്മാരുണ്ട് എന്നോര്‍ത്താല്‍ നന്നായിരിക്കും. ഏത് സമയത്തും അന്ധത വരാവുന്ന അസുഖത്തിനുടമയാണ് ഞാന്‍.
ഇത്രയും നാള്‍ കണ്ടും കേട്ടും ഈ ലോകത്ത് ജീവിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ജഗദീശ്വരനോട് നന്ദി പറയട്ടെ. ഇന്ന് ഞാന്‍ ഡോക്ടര്‍ നന്ദിനിയെ കണ്ടപ്പോള്‍ എന്റെ ചങ്കിടിക്കുകയായിരുന്നു. പെരിമെട്രി ടെസ്റ്റ് ചെയ്തുകഴിഞ്ഞ് റിപ്പോര്‍ട്ട് കണ്ടതിന് ശേഷം ഡോക്ടറുടെ പ്രതികരണം അറിയാന്‍.
നല്ല കാലത്തിന് കഴിഞ്ഞ രണ്ടു കൊല്ലമായി കണ്ണുകള്‍ അതേ കണ്ടീഷനിലാണ്. സര്‍ജറി ചെയ്ത കണ്ണിന്റെ സ്ഥിതി വേണമെങ്കില്‍ അല്പം മെച്ചപ്പെട്ട സ്ഥിതിയായിരുന്നു. പക്ഷെ മരുന്നുകള്‍ നിര്‍ത്താതെ ജീവിതകാലം മുഴുവനും ഒഴിക്കണം.
എന്റെ കണ്ണിലെ അസുഖം കണ്ടുപിടിച്ചത് ഡോ വില്ലിയംസ് ആണ്. അതും ഒരു നിമിത്തം ആയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രമതി ആശുപത്രിയില്‍ നേത്രരോഗ വിഭാഗം തുറന്നപ്പോ‍ള്‍ എന്റെ കുടുംബത്തിലെ എല്ലാ ആണുങ്ങളും അവിടെ വെറുതെ കണ്ണ് ടെസ്റ്റ് ചെയ്യാന്‍ പോയി. കൂട്ടത്തില്‍ ഞാനും പോയി. എല്ലാവരേയും കണ്ണുകള്‍ ടെസ്റ്റ് ചെയ്ത് പൊയ്കൊള്ളാന്‍ പറഞ്ഞു. എന്നെ മാത്രം അവിടെ പിടിച്ചിരുത്തി.
എന്റെ കണ്ണുകള്‍ക്ക് ഗ്ലോക്കോമ ബാധിച്ചിരുന്നതായി അദ്ദേഹം കണ്ടെത്തി. പാരമ്പര്യമായും ഈ അസുഖം വരാം. എന്റെ ഹിസ്റ്ററി നോക്കിയപ്പോള്‍ പാരമ്പര്യമല്ല. എനിക്ക് കുറച്ച് നാള്‍ മുന്‍പ് ഈ അസുഖം പിടിപ്പെട്ടിരിക്കാം എന്ന നിഗമനത്തിലെത്തി ഡോക്ടര്‍.
അടുത്ത ദിവസം തന്നെ വിദേശത്തേക്ക് തിരിക്കേണ്ടതിനാല്‍ അവിടുത്തെ ഡോക്ടര്‍ക്ക് വിദഗ്ദ പരിശോധ്നക്കും, ചികിത്സക്കുമുള്ള കത്ത് തന്നു. അങ്ങിനെ അന്ന് മുതല്‍ ഞാന്‍ നേത്രരോഗിയായി സ്ഥാപിച്ചു.
ഞാന്‍ ഓര്‍ക്കുകയാണ്... അന്ന് കുടുംബത്തിലെ ആളുകളുടെ കൂടെ പോയിരുന്നില്ലായിരുന്നെങ്കില്‍ കണ്ണിലെ കാഴ്ച നശിച്ചിട്ടേ എന്റെ രോഗത്തെ പറ്റി അറിയുമായിരുന്നുള്ളൂ.
ചിലര്‍ക്ക് വേദന വരും, ചിലര്‍ക്ക് അതുണ്ടാവില്ലത്രെ.
ഈ പോസ്റ്റ് വായിക്കുന്ന എല്ലാവരൊടും ഞാന്‍ പറയുന്നു ഇടക്കൊക്കെ നേത്രപരിശോധന ചെയ്യുന്നത് നന്നായിരിക്കും.
എന്താണ് ഈ ഗ്ലോക്കോമ എന്ന് ഞാന്‍ പിന്നീടെഴുതാം. വളരെ ദീര്‍ഘമായ ഒരു പോസ്റ്റായിരിക്കും അത്. അതിനാല്‍ ഇവിടെ എഴുതുന്നില്ല. എന്നാലും ചുരുക്കത്തില്‍ രണ്ട് വരിയില്‍ പറയാം.
കണ്മണിയുടെ ഉള്ളിലെ അധിക ജലാംശം പുറത്തേക്ക് പോകുന്ന ഞരമ്പിന് ആഘാതം വരികയും തന്മൂലം കണ്ണിനുള്ളില്‍ പ്രഷര്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന അസുഖമാണ് ഗ്ലോക്കോമ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.
നേരത്തെ കണ്ടുപിടിച്ചാല്‍ ഇതിന് ചികിത്സ ഉണ്ട്. വൈകിയാണെങ്കില്‍ ഉള്ള അവസ്ഥ മനസ്സിലാക്കാമല്ലോ. സാധാരണ പ്രായമായവരിലാണത്രെ ഇത് കാണാറ്. പക്ഷെ എന്നെ ചെറുപ്പത്തില്‍ തന്നെ ഈ രോഗം കീഴടക്കി. ഇത് പകര്‍ച്ച വ്യാധിയല്ല.
ആശുപത്രി പരിസരത്ത് ചിലപ്പോള്‍ ഞാന്‍ പാലമരത്തണലില്‍ ഇരുന്ന് കാറ്റ് കൊള്ളാറുണ്ട്. ഇന്ന് ആ പാല ആരോ മുറിച്ചിരിക്കുന്നത് കണ്ട് എനിക്ക് സങ്കടമായി. ലോക പരിസ്ഥിതി ദിനം ഇതാ കഴിഞ്ഞേ ഉള്ളൂ.. പൊതുജന ജീവിതത്തെ ബാധിക്കുന്ന ഏതെങ്കിലും വിഷയത്താലായിരിക്കാം ആ മരത്തിനെ കഷ്ടിച്ച് ഒരാള്‍ ഉയരത്തില്‍ വെച്ച് മുറിച്ച് മാറ്റിയത്. സമീപത്തെ റെയില്‍ ട്രാക്കിന് എന്തെങ്കിലും പ്രശ്നമാകുന്ന രീതിയില്‍ കൊമ്പുകളുടെ വളര്‍ച്ചയോ മറ്റാകാം അതിനെ ഇങ്ങിനെ ചെയ്തത്. ഏതായാലും മൊത്തം വെട്ടി മാറ്റിയില്ലല്ലോ.
എന്റെ അനുഭവ കഥ [കാഴ്ചയെപ്പറ്റി] കുറച്ചധികം എഴുതാനുണ്ട്.
ബ്ലോഗ്ഗിങ്ങിന് നല്ല കണ്ണുകള്‍ വേണം. എന്റെ മലയാളം ബ്ലോഗ് നോവല്‍ കൂടെ കൂടെ എനിക്കുണ്ടാകുന്ന തലവേദന മൂലം തല്‍ക്കാലം 28 അദ്ധ്യായത്തോട് കൂടി നിര്‍ത്തി വെച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചാറ്റിങ്ങില്‍ കൂടി കണ്ടെത്തിയ ഫൌസിയ എന്ന പെണ്‍കുട്ടി ഗ്രാഫിക് ആറ്ട്ടിസ്റ്റാണെന്നും ഡിറ്റിപ്പിയില്‍ വിജ്ഞാനമുള്ള ആളാണെന്നും പറഞ്ഞിരുന്നു. എന്റെ നോവല്‍ പൂര്‍ത്തീകരിക്കാന്‍ എന്നെ സഹായിക്കുമോ എന്ന് എനിക്ക് ചോദിക്കണം.
തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു.....



Posted by Picasa

Friday, June 5, 2009

ഹനുമാന്‍ സ്വാമി


ഹനുമാന്‍ സ്വാമിയുടെ കഥ അറിയുമോ ആര്‍ക്കെങ്കിലും. ഞാന്‍ ഒരിക്കല്‍ കുളശ്ശേരി അമ്പല നടയില്‍ താമസിക്കുന്ന ഉണ്ണിയേട്ടനോട് ചോദിച്ചിരുന്നു.
ഉണ്ണിയേട്ടന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഇപ്രകാരം എഴുതുന്നു.
ശ്രീ ഹനുമാന്‍ ശിവ പുത്രനും, വായു പുത്രനും, കേസരീ നന്ദനനുമാണന്ന് പറയപ്പെടുന്നു. അമ്മ അഞ്ജന എന്ന ശാപഗ്രസ്ഥയായ ഒരപ്സരസ്സത്രെ. ശ്രീ പരമേശ്വരന്റെ ബീജം കൊണ്ട് കുരങ്ങുരൂപത്തിലായ അഞ്ജനക്ക് ഒരു പുത്രനുണ്ടാവുന്നതോടെ ശാപ മോക്ഷവും കിട്ടിയിരുന്നു. അതിന്നായി ഭൂലോകത്തില്‍ എത്തിയ അഞ്ജനയെ കേസരി എന്ന കുരങ്ങ് ഭാര്യയാക്കിയിരുന്നു.
ശ്രീ പരമേശ്വരനും പാര്‍വ്വതിയും വനത്തില്‍ കുരങ്ങുരൂപത്തില്‍ ക്രീഡിക്കാനിടയായത് വിധിവിഹിതമെന്നല്ലാതെ എന്ത് പറയാന്‍. ശ്രീ പരമേശ്വര വീര്യം സ്രവിക്കുകയും കുരങ്ങ് രൂപത്തിലുള്ള ഒരു സന്തതിയുടെ മാതൃത്വം വേണ്ടെന്നും, ഗജരൂപത്തിലുളള ഗണപതി ഭഗവാന്റെ മാതൃത്വം തന്നെ തനിക്ക് മതിയായിരിക്കുമെന്ന് ആവലാതിപ്പെടുകയുണ്ടായത്രെ. വളരെ ശ്രേഷ്ടമായ പരമേശ്വരബീജം ഏതായാലും പാഴായിപോകരുതെന്ന് കരുതി സര്‍വ്വേശ്വരന്‍ വായു ഭഗവാനെ വരുത്തി. ആ വീര്യം ശ്രീ പരമേശ്വരബീജത്തിനായി കഠിനതപസ്സനുഷ്ടിക്കുന്ന അഞ്ജന എന്ന അപ്സരസ്സില്‍ നിക്ഷേപിക്കാന്‍ ഏല്പിച്ചു.

ആ നിയോഗമനുസരിച്ച് ശിവബീജം കുരങ്ങുരൂപത്തിലായിരിക്കുന്ന അഞ്ജനയില്‍ എത്തിച്ചുവത്രെ. ബീജം വളര്‍ന്ന് അഞ്ജന പ്രസിവിക്കുന്നതോടെ ശാപമോഷം കിട്ടിയ ആ അപ്സരസ്സ് പൂര്‍വ്വരൂപം കൈകൊണ്ട് സ്വര്‍ഗ്ഗലോകത്തിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയത് കണ്ട പുത്രന്‍ താനെന്താണ് ഭക്ഷിക്കേണ്ടതെന്താരാഞ്ഞു.

ചുവന്ന് തുടുത്ത പഴങ്ങളാണ് നിന്റെ ഭക്ഷണം എന്ന് കേട്ട അഞ്ജനാ സുതന്‍ ഉദയസൂര്യനെ കണ്ട് ഭകഷണമാണെന്ന് കരുതി പിടിച്ച് തിന്നാനായി മേല്‍പ്പോട്ടേക്ക് ചാടി.
ഇത് കണ്ട ദേവേന്ദ്രന്‍ തന്റെ വജ്രായുധം കൊണ്ട് കുരങ്ങനെ തടുക്കാനൊരുങ്ങി. അങ്ങിനെ താടിയെല്ലില്‍ വജ്രായുധത്താല്‍ ക്ഷതം പറ്റിയ കുരങ്ങനാണ്‍ ഹനുമാനായത്.
തന്റെ പുത്രനെ ക്ഷതമേല്പിച്ചത് കണ്ട വായു ഭഗവാന്‍, ആ കുട്ടിയേയുമെടുത്ത് പാതാള ലോകത്ത് പോയി ഒളിച്ചു.
ഭൂലോകത്തിലെ വായുസ്തംഭനം കൊണ്ട് പൊറുതി മുട്ടിയ തൃമൂര്‍ത്തികള്‍ വായു ഭഗവാനെ അന്‍വേഷിച്ച് കണ്ടെത്തി.
ശ്രീരാമ കാര്യത്തിനായി ജനിച്ചതാണ്‍ ഹനുമാന്‍ എന്നും അതിനാല്‍ സൂര്യ ഭഗവാന്‍ വിദ്യ അഭ്യസിപ്പിക്കുമെന്നും പറഞ്ഞ് പാതാളത്തില്‍ നിന്നും ഹനുമാനോട് കൂടിയ വായു ഭഗവാനെ പുറത്ത് കൊണ്ട് വന്നു. വിദ്യാഭ്യാസത്തിന്നായി സൂര്യനെ സമീപിച്ച ഹനുമാന്‍ ഒരു ദിവസം കൊണ്ട് തന്നെ എല്ലാ വിദ്യകളും അഭ്യസിച്ച് മാതംഗാശ്രമത്തില്‍ തിരിച്ചെത്തുന്നു.

താന്‍ രാമകാര്യത്തിന്നായി ശ്രീ പരമേശ്വര ബീജത്തില്‍ നിന്നും ജനിച്ചതാണറിഞ്ഞ ഹനുമാന്‍ പരാക്രമങ്ങള്‍ തുടങ്ങിയതോടെ സഹികെട്ട മാതംഗമുനി ഹനുമാന്റെ കഴിവുകള്‍ ഓര്‍മ്മയില്ലാതെ പോകട്ടെ എന്ന് ശപിക്കുന്നു. ആരെങ്കിലും ശ്രീരാമ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതോടെ തന്റെ ശക്തി മനസ്സിലാക്കി പ്രവര്‍ത്തിക്കാനും കഴിവുണ്ടാവട്ടെ എന്ന് മഹര്‍ഷി അനുഗ്രഹിച്ചു.

സ്ത്രീ വേഷധാരിയായി ദേവലോകത്ത് എത്തിയ അരുണന്റെ സൌന്ദര്യത്തില്‍ ആകൃഷ്ടരായ സൂര്യനും, ഇന്ദ്രനും ഓരോ സന്തതികളുണ്ടായത്രെ. ബാലീ സുഗ്രീവന്മാര്‍ തന്റെ ഗുരുവായ സൂര്യന്റെ നിര്‍ദ്ദേശമനുസരിച്ച് രാമകാര്യത്തില്‍ സഹായിക്കാനായി ഹനുമാന്‍ സുഗ്രീവന്‍ സമീപത്തെത്തിയെന്നും, ബാക്കി രാമായണ കഥകളും നമുക്കറിവുളളതാണല്ലോ.

ശ്രീരാമന്റെ മുദ്രമോതിരം ഏല്‍പ്പിച്ച് സീതാന്വേഷണത്തിനായി തെക്ക് ഭാഗത്തേക്ക് പുറപ്പെട്ട ഹനുമാനും സംഘവും ജാംബവാനില്‍ നിന്നും തന്റെ ജന്മ കാര്യങ്ങള്‍ മനസ്സിലാക്കുന്നതോടെ മുദ്ര മോതിരവുമായി ഒറ്റക്കുതിപ്പിന്‍ മഹേന്ദ്ര രൂപത്തിലും അവിടുന്ന് സീതാ ദേവിയെ പാര്‍പ്പിച്ചിരിക്കുന്ന ശ്രീ ലങ്കയിലെ അശോക വനികയിലും എത്തിയതായി ഏല്ലാവര്‍ക്കും അറിയാം. രാമായണ കഥകള്‍ വിവരിക്കുന്നില്ല.

ശ്രീ ഹനുമത് മഹത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹനുമാന്‍ ചാലീസയും, അത്ഭുത ശക്തികള്‍ ഒളിഞ്ഞു കിടക്കുന്ന അഷ്ടോത്തര നാമ ജപവും നമുക്ക് നിത്യവും ജപിക്കുക.

“മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം…. വാതോത്മജം വാനരയൂഥ മുഖ്യം, ശ്രീരാമദൂതം ശിരസ്സാ നമാമി”
അത് കൊണ്ട് “ബുദ്ധിര്‍ബലം യശോധൈര്യം നിര്‍ഭയത്വം അരോഗത അജാണ്ഠ്യം വാക്പഡുത്വം ച ഹനുമത് സ്മരണത് ഭവേത്”.

പവനസുത ഹനുമാന്‍ കീ ജയ്. സിയാവര്‍ രാമചന്ദ്ര കീ ജയ്. ബോലെ ഭായ് സബ് സന്തന്‍ കീ ജയ് ----------

<<<< ശുഭം >>>>
[ശേഷം ഭാഗങ്ങള്‍ നാളെ എഴുതാന്‍ ഹനുമാന്‍ സ്വാമി കടാക്ഷിക്കട്ടെ]