
ചിലയിടങ്ങളില്‍ ക്ലിനിക്കില്‍ ഉപകരണങ്ങളുണ്ടായാലും ഡോക്ടേഴ്സ് അതു രോഗിയെ ടെസ്റ്റ് ചെയ്യാന്‍ മെനെക്കെടാറില്ല. അങ്ങിനെ ഞാന്‍ അവസാനം ഈ വിജയശ്രീയില്‍ എത്തിപ്പെട്ടു. അച്ചന്‍ തേവര്‍ എന്നെ ഇവിടെ കൊണ്ടാക്കി എന്ന് വേണമെങ്കില്‍ പറയാം.
ഇവിടെത്തെ ഡോക്ടര്‍മാരുടേയും, സഹപ്രവര്‍ത്തകരുടേയും പെരുമാറ്റം വളരെ സ്നേഹത്തോടെയാ. അതിനാല്‍ ഒരിക്കല്‍ പോയവര്‍ അവിടെ വീണ്ടും വീണ്ടും പോകുന്നു.
എന്നെ പരിചരിക്കുന്നത് ഡോക്ടര്‍ നന്ദിനി ദേവിയാണ്. കാര്യങ്ങളെല്ലാം വളരെ സാവധാനം ചോദിച്ചറിഞ്ഞ്, ഒട്ടും തിരക്കുകൂട്ടാതെ രോഗിയെ പരിചരിക്കുന്നു. ഒരു വയസ്സനായതിനാലും അല്പം ഗൌരവമേറിയ അസുഖമുള്ളതിനാലും എനിക്ക് എന്തോ കൂടുതല്‍ കെയര്‍ കിട്ടുന്ന പോലെ തോന്നി. ചിലപ്പോള്‍ ഡോക്ടറെ കാണാന്‍ ഒരു മണിക്കൂറൊക്കെ ഇരിക്കേണ്ടി വന്നാലും എനിക്ക് ഒട്ടും പ്രയാസം തോന്നാറില്ല. ഞാന്‍ അവിടെ ഇരുന്ന് ഉറക്കം തൂങ്ങും.
ഊരുചുറ്റുന്ന എനിക്ക് എവിടെ പോയാലും ഐ ക്ലിനിക്കില്‍ പോകുക എന്റെ പതിവാണ്. കോയമ്പത്തൂരിലെ അരവിന്ദ് ആശുപത്രിയിലും, അങ്കമാലിയിലെ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലും, ജര്‍മ്മനിയിലെ വീസ്ബാഡനിലെ ഡച്ച് ഡയഗ്നോസ്റ്റിക് ക്ലിനിക്കിലും, എലൈറ്റ് ആശുപത്രിയിലും, കിണര്‍ സ്റ്റോപ്പിലെ ഐവിഷനിലും ഒക്കെ ഞാന്‍ പോയിരുന്നു.
എല്ലാവരോടും എന്റെ കണ്ണുകളുടെ സ്ഥിതിയെപറ്റി പറയാറുണ്ട്. എന്റെ വേവലാതിയില്‍ എന്നോട് എല്ലാര്‍ക്കും സഹതാപവും ഉണ്ടാകാറുണ്ട്. കാഴ്ചയില്ലാത്ത അവസ്ഥയിലേ കണ്ണിന്റെ മഹത്വം നമുക്ക് മനസ്സിലാകുകയുള്ളൂ...
നമ്മള്‍ മരിക്കുന്ന സമയം കണ്ണ് ദാനം ചെയ്താല്‍ നന്നായിരിക്കും. മരിച്ച ആളുടെ ശവശരീരം ആര്‍ക്കെങ്കിലും ഉപകാരമാവട്ടെ എന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും. ഈ ലോകത്ത് എത്രയോ അന്ധന്മാരുണ്ട് എന്നോര്‍ത്താല്‍ നന്നായിരിക്കും. ഏത് സമയത്തും അന്ധത വരാവുന്ന അസുഖത്തിനുടമയാണ് ഞാന്‍.
ഇത്രയും നാള്‍ കണ്ടും കേട്ടും ഈ ലോകത്ത് ജീവിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ജഗദീശ്വരനോട് നന്ദി പറയട്ടെ. ഇന്ന് ഞാന്‍ ഡോക്ടര്‍ നന്ദിനിയെ കണ്ടപ്പോള്‍ എന്റെ ചങ്കിടിക്കുകയായിരുന്നു. പെരിമെട്രി ടെസ്റ്റ് ചെയ്തുകഴിഞ്ഞ് റിപ്പോര്‍ട്ട് കണ്ടതിന് ശേഷം ഡോക്ടറുടെ പ്രതികരണം അറിയാന്‍.
നല്ല കാലത്തിന് കഴിഞ്ഞ രണ്ടു കൊല്ലമായി കണ്ണുകള്‍ അതേ കണ്ടീഷനിലാണ്. സര്‍ജറി ചെയ്ത കണ്ണിന്റെ സ്ഥിതി വേണമെങ്കില്‍ അല്പം മെച്ചപ്പെട്ട സ്ഥിതിയായിരുന്നു. പക്ഷെ മരുന്നുകള്‍ നിര്‍ത്താതെ ജീവിതകാലം മുഴുവനും ഒഴിക്കണം.
എന്റെ കണ്ണിലെ അസുഖം കണ്ടുപിടിച്ചത് ഡോ വില്ലിയംസ് ആണ്. അതും ഒരു നിമിത്തം ആയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രമതി ആശുപത്രിയില്‍ നേത്രരോഗ വിഭാഗം തുറന്നപ്പോള്‍ എന്റെ കുടുംബത്തിലെ എല്ലാ ആണുങ്ങളും അവിടെ വെറുതെ കണ്ണ് ടെസ്റ്റ് ചെയ്യാന്‍ പോയി. കൂട്ടത്തില്‍ ഞാനും പോയി. എല്ലാവരേയും കണ്ണുകള്‍ ടെസ്റ്റ് ചെയ്ത് പൊയ്കൊള്ളാന്‍ പറഞ്ഞു. എന്നെ മാത്രം അവിടെ പിടിച്ചിരുത്തി.
എന്റെ കണ്ണുകള്‍ക്ക് ഗ്ലോക്കോമ ബാധിച്ചിരുന്നതായി അദ്ദേഹം കണ്ടെത്തി. പാരമ്പര്യമായും ഈ അസുഖം വരാം. എന്റെ ഹിസ്റ്ററി നോക്കിയപ്പോള്‍ പാരമ്പര്യമല്ല. എനിക്ക് കുറച്ച് നാള്‍ മുന്‍പ് ഈ അസുഖം പിടിപ്പെട്ടിരിക്കാം എന്ന നിഗമനത്തിലെത്തി ഡോക്ടര്‍.
അടുത്ത ദിവസം തന്നെ വിദേശത്തേക്ക് തിരിക്കേണ്ടതിനാല്‍ അവിടുത്തെ ഡോക്ടര്‍ക്ക് വിദഗ്ദ പരിശോധ്നക്കും, ചികിത്സക്കുമുള്ള കത്ത് തന്നു. അങ്ങിനെ അന്ന് മുതല്‍ ഞാന്‍ നേത്രരോഗിയായി സ്ഥാപിച്ചു.
ഞാന്‍ ഓര്‍ക്കുകയാണ്... അന്ന് കുടുംബത്തിലെ ആളുകളുടെ കൂടെ പോയിരുന്നില്ലായിരുന്നെങ്കില്‍ കണ്ണിലെ കാഴ്ച നശിച്ചിട്ടേ എന്റെ രോഗത്തെ പറ്റി അറിയുമായിരുന്നുള്ളൂ.
ചിലര്‍ക്ക് വേദന വരും, ചിലര്‍ക്ക് അതുണ്ടാവില്ലത്രെ.
ഈ പോസ്റ്റ് വായിക്കുന്ന എല്ലാവരൊടും ഞാന്‍ പറയുന്നു ഇടക്കൊക്കെ നേത്രപരിശോധന ചെയ്യുന്നത് നന്നായിരിക്കും.
എന്താണ് ഈ ഗ്ലോക്കോമ എന്ന് ഞാന്‍ പിന്നീടെഴുതാം. വളരെ ദീര്‍ഘമായ ഒരു പോസ്റ്റായിരിക്കും അത്. അതിനാല്‍ ഇവിടെ എഴുതുന്നില്ല. എന്നാലും ചുരുക്കത്തില്‍ രണ്ട് വരിയില്‍ പറയാം.
കണ്മണിയുടെ ഉള്ളിലെ അധിക ജലാംശം പുറത്തേക്ക് പോകുന്ന ഞരമ്പിന് ആഘാതം വരികയും തന്മൂലം കണ്ണിനുള്ളില്‍ പ്രഷര്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന അസുഖമാണ് ഗ്ലോക്കോമ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.
നേരത്തെ കണ്ടുപിടിച്ചാല്‍ ഇതിന് ചികിത്സ ഉണ്ട്. വൈകിയാണെങ്കില്‍ ഉള്ള അവസ്ഥ മനസ്സിലാക്കാമല്ലോ. സാധാരണ പ്രായമായവരിലാണത്രെ ഇത് കാണാറ്. പക്ഷെ എന്നെ ചെറുപ്പത്തില്‍ തന്നെ ഈ രോഗം കീഴടക്കി. ഇത് പകര്‍ച്ച വ്യാധിയല്ല.

ആശുപത്രി പരിസരത്ത് ചിലപ്പോള്‍ ഞാന്‍ പാലമരത്തണലില്‍ ഇരുന്ന് കാറ്റ് കൊള്ളാറുണ്ട്. ഇന്ന് ആ പാല ആരോ മുറിച്ചിരിക്കുന്നത് കണ്ട് എനിക്ക് സങ്കടമായി. ലോക പരിസ്ഥിതി ദിനം ഇതാ കഴിഞ്ഞേ ഉള്ളൂ.. പൊതുജന ജീവിതത്തെ ബാധിക്കുന്ന ഏതെങ്കിലും വിഷയത്താലായിരിക്കാം ആ മരത്തിനെ കഷ്ടിച്ച് ഒരാള്‍ ഉയരത്തില്‍ വെച്ച് മുറിച്ച് മാറ്റിയത്. സമീപത്തെ റെയില്‍ ട്രാക്കിന് എന്തെങ്കിലും പ്രശ്നമാകുന്ന രീതിയില്‍ കൊമ്പുകളുടെ വളര്‍ച്ചയോ മറ്റാകാം അതിനെ ഇങ്ങിനെ ചെയ്തത്. ഏതായാലും മൊത്തം വെട്ടി മാറ്റിയില്ലല്ലോ.
എന്റെ അനുഭവ കഥ [കാഴ്ചയെപ്പറ്റി] കുറച്ചധികം എഴുതാനുണ്ട്.
ബ്ലോഗ്ഗിങ്ങിന് നല്ല കണ്ണുകള്‍ വേണം. എന്റെ മലയാളം ബ്ലോഗ് നോവല്‍ കൂടെ കൂടെ എനിക്കുണ്ടാകുന്ന തലവേദന മൂലം തല്‍ക്കാലം 28 അദ്ധ്യായത്തോട് കൂടി നിര്‍ത്തി വെച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചാറ്റിങ്ങില്‍ കൂടി കണ്ടെത്തിയ ഫൌസിയ എന്ന പെണ്‍കുട്ടി ഗ്രാഫിക് ആറ്ട്ടിസ്റ്റാണെന്നും ഡിറ്റിപ്പിയില്‍ വിജ്ഞാനമുള്ള ആളാണെന്നും പറഞ്ഞിരുന്നു. എന്റെ നോവല്‍ പൂര്‍ത്തീകരിക്കാന്‍ എന്നെ സഹായിക്കുമോ എന്ന് എനിക്ക് ചോദിക്കണം.
തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു.....