Sunday, August 30, 2009

തൃശ്ശിവപേരൂരില്‍ ഓണം വരവായി

ഇന്ന് പൂരാടം 1185 ചിങ്ങം 15 - ആഗസ്ത് 31 - 2009. ഞങ്ങളുടെ നാട്ടിലെ ഓണം വിശേഷങ്ങള്‍.

കാലത്ത് പാറമേക്കാവ് അമ്മയെ വണങ്ങി. കാലിലെ വാതരോഗത്തിന് അല്പം സമാധാനമുണ്ട്. തണുത്ത പ്രതലത്തില്‍ കാല്‍ വെക്കരുതെന്ന് വൈദ്യര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഈ ഓണക്കാലത്ത് അമ്പലത്തില്‍ പോകാതിരിക്കാന്‍ പറ്റില്ല.

അമ്മയെ തൊഴുത് പാറമേക്കാവിലെ പൂക്കളം കണ്ടു. പിന്നെ മഞ്ഞള്‍ പറ. മേല്‍ക്കാവിലും കീഴ്ക്കാവിലും എല്ലാം തൊഴുത് വേഗം തന്നെ വടക്കുന്നാഥനെ ദൂരെ നിന്ന് വണങ്ങി.

വടക്കുന്നാഥന്റെ തിരുമുറ്റത്തുള്ള പൂ വിപണി സന്ദര്‍ശിച്ചു.

പൂക്കള്‍ വില്പനക്കാരോട് കുശലം പറഞ്ഞു. പൂക്കള്‍ വീട്ടില്‍ ധാരാളം ഉണ്ടെങ്കിലും ഒരു ഇരുനൂറ് രൂപക്ക് പൂക്കള്‍ പല കച്ചവടക്കാരില്‍ നിന്ന് വാങ്ങി. അവര്‍ക്ക് ഈ ഓണക്കാലത്തെ കൊയ്യാന്‍ പറ്റൂ. നമ്മള്‍ ഒന്നും വാങ്ങാതെ പോകുന്നത് ശരിയല്ലല്ലോ.

അവിടെ വാടാത്ത പൂക്കള്‍
വില്‍ക്കുന്ന കണിമംഗലത്തെ ഒരു കുട്ടിയെ പരിചയപ്പെട്ടു. അവന്റെ കൈയില്‍ നിന്നും കുറച്ച് പൂക്കള്‍ വാങ്ങി. അങ്ങിനെ എല്ലാ കച്ചവടക്കാരെയും സന്തോഷപ്പെടുത്തി.

പിന്നീട് നേരെ അച്ചന്‍ തേവര്‍ ക്ഷേത്രത്തിലെത്തി. തേവരെ തൊഴുതു. ഇന്നെലെ ഗണപതി ഹോമം, പഞ്ചാമൃതം, പാല്‍ പായസം മുതലായ ശീട്ടാക്കിയിരുന്നു. അതിന്റെ പ്രസാദമെല്ലാം പിന്നീട് വാങ്ങാന്‍ വരാമെന്ന് പറഞ്ഞ് നേരെ വീട്ടിലെത്തി.

ബീനാമ്മയുടെ വിരല്‍ മു
റിഞ്ഞ് അടുക്കള പണി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. വന്നയുടന്‍ നേരെ അടുക്കളയില്‍ കയറി. അവിയല്‍, കാളന്‍, ഇഞ്ചിമ്പുളി, ഓലന്‍, സാമ്പാര്‍ മുതലായവ ഞാന്‍ ഉണ്ടാക്കി. ബീനാമ്മക്ക് ഓണത്തിനും മീന്‍ കുട്ടാന്‍ വേണം. ഇന്നത്തെക്ക് ഞാന്‍ കൂട്ടിക്കോളാന്‍ പറഞ്ഞു. അവള്‍ക്ക് വേണ്ടി ഞാന്‍ മസ്കറ്റ് സ്പെഷല്‍ സുറുമാ കറി വെച്ചുകൊടുത്തു. നാട്ടിലെ അര്‍ക്ക്യക്ക് അവിടെ സുറുമാ എന്നാ പറയുക.

മോനും മരോളും ഉച്ചക്കുണ്ണാന്‍ എത്തും. അവര്‍ക്ക് ഇനി ഫ്രൈഡ് റൈസും, ചില്ലി ചിക്കനും ഉണ്ടാക്കണം. പണ്ട് ഞാന്‍ ബെയ് റൂട്ടിലായിരുന്ന കാലത്താണ് ഫ്രൈഡ് റൈസ് ഉണ്ടാക്കാന്‍ പഠിച്ചത്. പിന്നെ ചില്ലി ചിക്കന്‍ പഠിപ്പിച്ച് തന്നത് റഷീദയും. ചിക്കന്‍ അടുപ്പത്ത് ഇട്ടിട്ട് വന്നിട്ടാ ഇവിടെ എഴുതാന്‍ ഇരുന്നത്.

ബീനാമ്മ അവിടെ ഇരുന്ന്
എന്നെ കൂകി വിളിക്കുന്നുണ്ട്. ഞാന്‍ അങ്ങോട്ട് പോകട്ടേ. നാളെ തിരുവോണത്തിന് വീണ്ടും കാണാം.

എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു.

മേളം ഇല്ലാതെ എന്ത് ഓണം തൃശ്ശൂര്‍ക്കാര്‍ക്ക്. ഇന്ന് വൈകുന്നേരം തേക്കിന്‍ കാട് മൈതാനത്ത് നടന്ന മേളത്തിന്റെ ചെറിയ വിഡിയോ ക്ലിപ്പ് ഇവിടെ പ്രദര്‍ശിപ്പിക്കാം.








Monday, August 17, 2009

പന്നിപ്പനി

പന്നിപ്പനിയെന്ന മഹാമാരി നമ്മുടെ രാജ്യത്ത്‌ കാട്ടുതീ പോലെ കത്തി പടരുകയാണ്.
H1N1 ലക്ഷണങ്ങള്‍ കാണിക്കുന്ന ഏതാണ്ട് 800ഇല്‍ അധികം രോഗികള്‍ ഇപ്പോള്‍ നിലവിലുന്ടെന്നാണ് വിദഗ്ഗ്ദാഭിപ്രായം.
ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള സര്‍ക്കാരുകള്‍ ഈ രോഗം തടയാനുള്ള ഉപാധികള്‍ അന്വേഷിച്ചു വരികയാണ്.

കഠിനമായ പനി,ശരീരഭാഗങ്ങളില്‍ വേദന,ചുമ,ശ്വാസ തടസ്സം,തലവേദന,ചര്ധി,വയറിളക്കം
എന്നീ ലക്ഷണങ്ങളോടു കൂടി പ്രത്യക്ഷപ്പെടുന്ന ഈ രോഗത്തെ ചെറുക്കന്‍ നമുക്കെന്തു കഴിയും?
ഇനി പറയാന്‍ പോകുന്ന പത്തു കല്പനകള്‍,സംയമനത്തോടും ,ശരിയായ രീതിയിലും ശീലിച്ചാല്‍
തീര്‍ച്ചയായും നമുക്ക് ഈ വ്യാധി പടരുന്നത് ഒരു പരിധി വരെ തടയാന്‍ സാധിയ്ക്കും.


1---കൈകള്‍ ഇടയ്ക്കിടെ കഴുകി ശുചിയാക്കുക.
അണു നാശിനികള്‍ അടങ്ങിയ സോപ്പ് ഉപയോഗിച്ച് കൈകള്‍ പതിനഞ്ച് സെകന്റോളം
തേച്ചു വൃത്തിയാക്കി ഒഴുകുന്ന വെള്ളത്തിന്‌ കീഴെ പിടിച്ചു ഇടയ്ക്കിടെ കഴുകുക.
(ബ്രാഞ്ച് മാനേജര്‍മാര്‍ തങ്ങളുടെ ഓഫീസ് ടോയിലറ്റില്‍ അണു നാശിനികള്‍
അടങ്ങിയ സോപ്പ് ഉണ്ടെന്നു ഉറപ്പു വരുത്തുക.)
2---കൃത്യ സമയത്തുള്ള സുഖകരമായ ഉറക്കം.
ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന്
ചുരുങ്ങിയത്‌
എട്ടു മണിക്കുരെങ്കിലും സുഖകരമായ ഉറക്കം ശീലിക്കുക.
എങ്കില്‍ മാത്രമേ ശരീരം രോഗപ്രതിരോധത്തിന് സജ്ജമാകുകയുള്ള്.
3---ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്തുക,ശുദ്ധവായു ലഭിക്കാന്‍ ആവശ്യമായ
വാതായനങ്ങള്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക.

ദിവസേന എട്ടു-പത്തു ഗ്ലാസ്സു വെള്ളം ശരീരത്തിന് ലഭിച്ചിരിക്കണം.
ശരീരത്തിലുള്ള വിഷാംശങ്ങളെ പുറംതള്ളാനും,ഈര്‍പ്പവും ശ്ലേഷ്മത്വവും
നിലനിര്‍ത്താനുംഅത് സഹായകമാണ്.എയര്‍ കണ്ടിഷനരുകള്‍
ഉപേക്ഷിക്കുന്നതിനോടൊപ്പം മുറിയില്‍ നല്ല
വായുസഞ്ചാരം സാധ്യമാക്കുകയും വേണം .
4---ശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തന സംവിധാനങ്ങള്‍ക്ക് ഉ‌ര്‍ജ്ജം പകരുക.
പനി തടയുന്നതിനാവശ്യമായ ശക്തി നല്‍കാനായി ,ശരീരത്തിന്
ആവശ്യമായ പോഷകാഹാരങ്ങള്‍ ലഭിക്കേണ്ടത് അത്യാവിശ്യമാണ്.
അതിനാല്‍,ധാന്യങ്ങള്‍,വിവിധ വര്‍ണങ്ങളിലുള്ള പച്ചക്കറികള്‍
വിറ്റാമിനുകള്‍ അടങ്ങിയ പഴങ്ങള്‍ എന്നിവ
ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
5---ഉത്ബോധന മാര്‍ഗങ്ങള്‍ കണ്ടെത്തുക.
ഈ പകര്‍ച്ച വ്യാധിയെ തടയാനും,ഇതിനെ കുറിച്ച് ജനങ്ങളെ
ബോധവാന്മാരാക്കുന്നതിനു കൈപുസ്തകങ്ങളും ലഖുലേഖകളും ഇറക്കാനും
ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. അറിവുകള്‍ അപ്പപ്പോള്‍
പുതുക്കുകയും , രോഗത്തെ സംയമനത്തോടെ നേരിടുകയും വേണം .
6---മദ്യം പുര്‍ണമായും ഉപേക്ഷിക്കുക.
മദ്യപാനം ശരീരത്തിന്റെ പ്രതിരോധ ശേഷിയെ കുറയ്ക്കുന്നു.
അതിനാല്‍ മദ്യപാനത്തില്‍ നിന്നും അകന്നു നിന്ന് പ്രതിരോധസംവിധാനം ശക്തമാക്കുക.
7---ഊര്ജ്ജസ്വലരായി ഇരിക്കുക.
മിതമായ വ്യായാമം രക്തസംക്രമണം വര്‍ദ്ധിപ്പിക്കുകയും
പ്രതിരോധസംവിധാനത്തെ ശക്തമാക്കുകയും ചെയ്യും.
ആഴ്ചയില്‍ മുന്ന് നാല് തവണയെങ്കിലും മുപ്പതു -നാല്‍പ്പതു മിനിട്ട് ദൈര്‍ഘ്യമുള്ള
ചെറു നടത്തങ്ങള്‍ ശീലമാക്കുക.

8---രോഗികളില്‍ നിന്നും അകന്നു നില്‍ക്കുക.
ചുമ,തുമ്മല്‍ എന്നിവയില്‍ കൂടി രോഗം എളുപ്പം പകരുന്നതിനാല്‍
രോഗിയില്‍ നിന്നും കൃത്യമായ അകലം പാലിക്കുക.സ്പര്‍ശനം കഴിവതും ഒഴിവാക്കുക.
9---സഹായം വേണ്ടത് എപ്പോഴെന്നു തിരിച്ചറിയുക .
ചുമയും പനിയുമുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ടു
നിര്‍ദേശങ്ങള്‍ പാലിക്കുക.മരുന്നുകളും മറ്റും കൃത്യ സമയത്ത് കഴിക്കുക.
10---ആള്‍ക്കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.
അനാവിശ്യമായ യാത്രകള്‍ കഴിവതും ഒഴിവാക്കുക.
സ്രവങ്ങളില്‍ കൂടി രോഗം വേഗം പകരുമെന്നതിനാല്‍,കണ്ണുകള്‍ മൂക്ക്‌
വായ എന്നിവ സ്പര്ശിക്കതിരിക്കുക

ഇത്തരം പോസ്റ്റുകളില്‍ കൂടുതല്‍ വിവരങ്ങള്‍ കൊടുക്കുവാന്‍ താല്പര്യമുള്ളവര്‍ ദയവായി അറിയിക്കുക.

എന്റെ സുഹൃത്ത് സി പി അബൂബക്കര്‍ ഇക്കാക്ക അയച്ച് തന്ന പോസ്റ്റിന്റെ മലയാള പരിഭാഷയാണിത്.
റേഡിയോവിലും, പത്രങ്ങളിലും മറ്റ് മാദ്ധ്യമങ്ങളിലും, നെറ്റില്‍ നിന്നും ലഭിച്ചിട്ടുള്ള അറിവുകള്‍ കോര്‍ത്തിണക്കി കൂടുതല്‍ മെച്ചപ്പെട്ട പോസ്റ്റ് താമസിയാതെ പ്രതീക്ഷിക്കുക.

കടപ്പാട്: സി പി അബൂബക്കര്‍

Tuesday, August 4, 2009

തൃശ്ശിവപേരൂരിന്റെ അഭിമാനം


പ്രത്യേകിച്ച് കൂര്‍ക്കഞ്ചേരിക്കാരുടെ അഭിമാനം. കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്ത പ്രവീണ്‍ അച്ചുതന്‍.



എന്റെ പ്രിയ സുഹൃത്ത് ജിനീഷിന്റെ [നാരായണ ഷോപ്പിങ്ങ് കോമ്പ്ലക്സ്, വെളിയന്നൂര്‍] അമ്മായിയുടെ മകനാണ് പ്രവീണ്‍ അച്ചുതന്‍.



പ്രവീണിനിന് സര്‍വ്വൈശ്വര്യങ്ങളും നേരുന്നു. ക്രിക്കറ്റില്‍ വലിയ ബഹുമതികള്‍ നേടട്ടെ !!

Saturday, August 1, 2009

അച്ചന്‍ തേവര്‍ അമ്പലത്തില്‍ ആനയൂട്ട്
























































ഇന്ന് [ആഗസ്റ്റ് 02-2009 <> 1184 കര്‍ക്കടകം 17] തൃശ്ശിവപേരൂര്‍ വില്ലേജ്, കൂര്‍ക്കഞ്ചേരി ദേശത്ത് അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തില്‍ മഹാഗണപതി ഹോമവും ആനയൂട്ടും.


പുലര്‍ച്ചെ അഞ്ചരമണിയോടു കൂടി മഹാഗണപതി ഹോമവും കാലത്ത് എട്ടര മണിക്ക് ആനയൂട്ടും നടന്നു. രണ്ട് വലിയ കൊമ്പന്മാരെയും രണ്ട് കുട്ടികളേയും ആണ് ഊട്ടിയത്. ധാരാളം ഭക്തജനങ്ങള്‍ പങ്കെടുത്തു. മഴയില്ലാത്ത കാരണം കാര്യങ്ങള്‍ ഒക്കെ ഭംഗിയായി തന്നെ നടന്നു.


കാലിലെ വാത രോഗത്തിന് വൈദ്യരന്തം ആശുപത്രിയിലെ കിഴി മുതലായ ചികില്‍ത്സ ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക് യാത്ര ചെയ്യാനോ, ദേഹം അനങ്ങിയുള്ള പണി ചെയ്യാനോ പാടില്ല. പക്ഷെ ഞാനിതെല്ലാം അവഗണിച്ച് ക്ഷേത്ര നടയില്‍ നേരത്തെ തന്നെ എത്തി. ക്ഷേത്രം പ്രസിഡണ്ടായ എനിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റില്ലല്ലോ. അമ്പലത്തില്‍ എത്തി പാദരക്ഷകള്‍ ഊരി നനഞ്ഞ സിമന്റ് തറയില്‍ കാല് വെച്ചത് മുതല്‍ തുടങ്ങി കാലിന് തരിപ്പും മറ്റും. തേവരോട് കേണപേക്ഷിച്ചു ആനയൂട്ടല്‍ കഴിയുന്നത് വരെ എന്നെ ആരോഗ്യവാനായി നിര്‍ത്തണമേ എന്ന്.


ഞാന്‍ മുറ്റത്തിറങ്ങി പാദരക്ഷകള്‍ ധരിച്ചു. തേവര്‍ കഴിഞ്ഞാല്‍ ഞാന്‍ ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതുമായ ഒരു വ്യക്തി ഉണ്ടവിടെ. ശ്രീ ജി മഹാദേവന്‍. അദ്ദേഹത്തോട് എന്റെ നിസ്സഹയതാവസ്ഥ അറിയിച്ചു.

“ഞാന്‍ ചെരിപ്പ് ധരിച്ച് ഇവിടെ പുറത്ത് നില്‍ക്കുന്നുണ്ട്. എന്നോട് മറുത്ത് ഒന്നും പറയരുത്.” ക്ഷേത്രം പരിസരത്ത് പാദരക്ഷകള്‍ ഇടാന്‍ പാടില്ല എന്നാണ് നിയമം. യാതൊരു നിവൃത്തിയില്ലാത്തതിനാലാണ് ഞാനങ്ങിനെ ചെയ്തത്..

കാര്യങ്ങളെല്ലാം പത്ത് മണിക്ക് ഭംഗിയായി അവസാനിച്ചു. ആനകളെയെല്ലാം യാത്രയാക്കി. അനാരോഗ്യം മൂലം കൂടുതല്‍ ഫോട്ടോകള്‍ എടുക്കാന്‍ ഇക്കൊല്ലം സാധിച്ചില്ല.

ഞാന്‍ ഈയിടെയായി അമ്പലത്തില്‍ കാണാറുള്ള എന്റെ കൊച്ചുകൂട്ടുകാരന്‍ അതുല്‍ കൃഷ്ണയെയും, അവന്റെ അമ്മ സ്വപ്നയേയും, അഛന്‍ ദിലീപിനേയും ആനയൂട്ടിന് കണ്ടിരുന്നു. കുശലം എല്ലാം പറഞ്ഞു. അതുലിന്റെ ഒരു ഫോട്ടോ എടുത്തു. ഈ കൊച്ചുമിടുക്കന്റെ ഫോട്ടോ ഇവിടെ പ്രദര്‍ശിപ്പിക്കാം.
എന്താണ് അതുലിന്റെ പ്രത്യേകത എന്നറിയാമോ? ആരെക്കണ്ടാലും ഒറ്റയ്ടിക്ക് ആളെ നമുക്ക് പരിചയപ്പെടുത്തി തരും. അഛന്റെ ജോലി, അഛ‍ന്‍ എങ്ങിനെയാണ് ഓഫീസിലേക്ക് യാത്ര ചെയ്യുന്നത്, മാതാപിതാക്കന്മാരുടെ പേര്, താമസിക്കുന്ന വീട്, അതിലുള്ള മുറികള്‍ അങ്ങിനെ പലതും. എന്നെ കണ്ടാല്‍ എപ്പോഴും ഇത് പറയും.

കഴിഞ്ഞ ആഴ്ച വര്‍ക്കീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് കണ്ടപ്പോഴും ഇതെല്ലാം പറഞ്ഞിരുന്നു. സംശയമില്ല അച്ചന്‍ തേവര്‍ നടയില്‍ വരാന്‍ ഭാഗ്യമുള്ള അതുല്‍ വലിയവനായി വളരട്ടെ. നാട്ടുകാര്‍ക്കും, വീട്ടുകാര്‍ക്കും, സമൂഹത്തിനും, അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിനും അവനെകൊണ്ട് പലതും ചെയ്യാന്‍ സാധിക്കുമാറാകട്ടെ ഭാവിയില്‍!
കഴിഞ്ഞ കൊല്ലം ആനയൂട്ടിന് ശേഷം തയ്യാറാക്കിയ ഈ പ്രസ്തുത ക്ഷേത്രത്തിനെ പറ്റിയുള്ള ഒരു വിവരണം താഴെ കാണുന്ന ലിങ്കില്‍ കാണാവുന്നതാണ്.

ഓം നമ:ശ്ശിവായ