Sunday, March 20, 2011

എലഞ്ഞിപ്പൂമാല

പണ്ടത്തെ ഒരു ഓര്‍മ്മ ഇവിടെ വിരിയുന്നു.

ദാസേട്ടനെ ഞാന്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ വെച്ച് കാണുന്നത് ഏതാണ്ട് 30 വര്‍ഷത്തിന് ശേഷം ആണെന്ന് തോന്നുന്നു. പണ്ടൊക്കെ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തില്‍ പോകുമ്പോള്‍ ദാസേട്ടന്‍ അവിടെ സജീവമായിരുന്നു. ഇപ്പോള്‍ പ്രായാധീക്യം കാരണം വീട്ടില്‍ ഒതുങ്ങിക്കൂടിയിരിക്കയാണ്.

ഞങ്ങളുടെ ഞ്മനേങ്ങാട്ടുള്ള തറവാട്ടിന്റെ തെക്കോട്ട് മാറിയാണ് പണ്ട് അയിനിപ്പുള്ളി ദാസേട്ടന്‍ എന്ന ഹരിദാസേട്ടന്റെ വീട്. അന്നൊക്കെ തെക്കേ കുളക്കരയില്‍ കൂടിയോ, തെക്കേ പറമ്പിന്റെ അറ്റത്തുള്ള തോട് കടന്ന് തത്താത്തയിലെ പാത്തുട്ടിയുടെ വീടിന്റെ മുന്നിലുള്ള വരമ്പില്‍ കൂടെയോ ദാസേട്ടന്റെ അയിനിപ്പുള്ളി പറമ്പിലെത്താം.. അന്നൊക്കെ ഈ അയിനിപ്പുള്ളി പറമ്പിന്റെ കുറച്ച് ഭാഗം ഞങ്ങളുടെ പാട്ടഭൂമിയായിരുന്നു.

വലിയ ഒരു ചതുരക്കഷ്ണം ഭൂമിയായിരുന്നു. അതില്‍ ഒരു കുടികിടപ്പും പിന്നെ ഒരു പൊട്ടക്കുളവും ഉണ്ടായിരുന്നു. തെക്കേ അറ്റത്ത് തോട്ടിന്റെ കരയില്‍ ഒരു അയിനിയും ഉണ്ടായിരുന്നു. പണ്ട് ആ അയിനിയില്‍ നിന്ന് ധാരാളം അയിനിച്ചക്ക കിട്ടിയിരുന്നു.

എന്റെ ചെറുപ്പത്തില്‍ ഞാനും ഹേമയും ഉമയും ഒക്കെ കൂടി ദാസേട്ടന്റെ വീട്ടില്‍ എലഞ്ഞിപ്പൂവ് പെറുക്കാന്‍ പോകും. അന്ന് വളക്കാരി കല്യാണി ഏട്ടത്തിയുടെ വീടെന്നാ പറയുക. കല്യാണി ഏട്ടത്തിയുടെ മകനാണ് ദാസേട്ടനും സഹോദരങ്ങളായ സുധാകരനും സഹദേവനും.

ദാസേട്ടന്റെ കുടുംബക്ഷേത്രത്തിന്റെ തെക്കേ ഭിത്തിയോട് ചേര്‍ന്നായിരുന്നു പണ്ടത്തെ പാമ്പിന്‍ കാവും എലഞ്ഞി മരവും. ചെറുപ്രായത്തില്‍ എന്നെപ്പോലെ പല കുട്ടികളും എലഞ്ഞിപ്പൂ പെറുക്കാന്‍ അവിടെ എത്തിയിട്ടുണ്ടാകും. എലഞ്ഞിയുടെ പൂവ് ഏതാണ്ട് പാരിജാതപ്പൂ പോലെ വളരെ ചെറുതാണ്. ഏതാണ്ട് ഷര്‍ട്ടിന്റെ ബട്ടന്‍സിന്റെ വലുപ്പം മാത്രം. അതിനാല്‍ മരത്തില്‍ കയറി പറിക്കാനാവില്ല.

കാവില്‍ വീണുകിടക്കുന്ന പൂക്കള്‍ പെറുക്കിയെടുക്കുക ദുഷ്കരമായ പണിയായിരുന്നെങ്കിലും ഞങ്ങള്‍ കുട്ടികള്‍ ക്ഷമയോടെ ഒരു ചെറിയ വട്ടി പെറുക്കിയെടുക്കും. എന്നിട്ട് അത് വളരെ നൈസ് വാഴനാരില്‍ കോര്‍ത്ത് മാലപോലെയാക്കി കഴുത്തിടും. ചിലര്‍ കയ്യിന്മേല്‍ ചുറ്റും.

എലഞ്ഞിപ്പൂവിന്റെ പ്രത്യേക ആകര്‍ഷണം അതിന്റെ മണമാണ്. പൂവിന് ഭംഗി ഇല്ല. അല്പം എലഞ്ഞിപ്പൂവ് വീട്ടിലെവിടെയെങ്കിലും വിതറിയാല്‍ മതി. ഒരു പ്രത്യേക സുഗന്ധമാണ് പരത്തുക.

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഇന്ന് ദാസേട്ടന്റെ വീട്ടിലെത്തിയപ്പോള്‍ അവിടം ആകെ മാറിയിരിക്കുന്നു. ഞങ്ങളുടെ തറവാട്ടിലെ കുളമോ ഊട് വഴികളൊ ഒന്നും ഇല്ല. ഇപ്പോള്‍ ദാസേട്ടന്റെ വീട് വരെ റോഡുണ്ട്. സുഖമായി കാറില്‍ അവിടെ എത്താം.

ഞാന്‍ ഇന്ന് ഏതാണ്ട് അഞ്ചുമണിയോടെ ദാസേട്ടന്റെ അയിനിപ്പുള്ളി ഗൃഹത്തിലെത്തി. എന്നെക്കണ്ട് ദാസേട്ടന്‍ അത്ഭുതപ്പെട്ടു. ഒട്ടും പ്രതീ‍ക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു എന്റെ ആഗമനം. ദാസേട്ടന്റെ വീടും പരിസരവും കാവും, അമ്പലപ്പുരയും എല്ലാം മാറിയിരിക്കുന്നു.

അമ്പലം പുതുക്കിപ്പണിതിരിക്കുന്നു. എന്റെ സങ്കലപ്പത്തിലെ പണ്ടത്തെ എലഞ്ഞി അവിടെ തന്നെ നില്‍പ്പുണ്ട്. ആളിപ്പോള്‍ തടിച്ച് വീര്‍ത്ത് വയ്സ്സനായിരിക്കുന്നു ദാസേട്ടനേയും എന്നെയും പോലെ. ഞാന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ എലഞ്ഞിയെ പ്രദക്ഷിണം വെച്ചു. താഴെ കിടപ്പുള്ള് പൂക്കളൊക്കെ വാടിയിരുന്നു.

എന്നെ കണ്ടപ്പോള്‍ എലഞ്ഞി മുത്തശ്ശന്‍ ഒരു വാടാത്ത് പൂവ് എനിക്ക് വീഴ്ത്തിത്തന്നു. ദാസേട്ടന്‍ അത് പെറുക്കി എനിക്ക് തന്നു. അങ്ങിനെ ഞാന്‍ എന്റെ കളിക്കൂട്ടുകാരിയും മുറപ്പെണ്ണുമായ ഉമയേയും ഓര്‍ത്തു. ഹേമയും ഞാനും സമപ്രായക്കാരായിരുന്നു. ഉമ എന്നെക്കാളും നാലഞ്ച് വയസ്സ് എളപ്പ്മായിരുന്നു. ചുരുണ്ട തലമുടിയുള്ള ഉമയെ പറ്റി പിന്നീടൊരിക്കല്‍ പറയാം. ഉമയെ പറ്റി പറയുമ്പോള്‍ തറവാട്ടിലെ പലരേയും ഓര്‍ക്കണം.

ഒരു പാട് ഓര്‍ക്കാനുള്ളതാണ് ബാല്യം. “ബാല്യകാല സ്മരണകള്‍” അതാണ് എത്ര എഴുതിയാലും തീരാത്തത്. ഞാന്‍ ആ എലഞ്ഞിമരത്തിന്റെ ചുറ്റും നോക്കിയപ്പോള്‍ പണ്ടത്തെ വീടുകളൊന്നും കാണാനായില്ല. പകരം കോണ്‍ക്രീറ്റ് സൌധങ്ങള്‍ നിറഞ്ഞിരിക്കുന്നു. പണ്ടത്തെ ഒരു ഗ്രാമീണാന്തരീക്ഷം ആസ്വദിക്കാനായില്ല.

ഇനി ഒരു ദിവസം കാലത്ത് പോകണം ദാസേട്ടറ്റ്നെ വീട്ടില്‍. അപ്പോള്‍ ഒരു മാല കോര്‍ക്കാനുള്ള എലഞ്ഞിപ്പൂവ് കിട്ടും. പിന്നെ ദാസേട്ടനുമായി ഒന്ന് രണ്ട് മണിക്കൂറ് വര്‍ത്തമാനം പറഞ്ഞിരിക്കുകയും ആകാം.

ദാസേട്ടന് വയസ്സായപ്പോള്‍ കണ്ണിന്റെ കാഴ്ച കുറഞ്ഞു. തടി അല്പം കൂടി. പിന്നെ വര്‍ത്തമാനവും ചിരിയും എല്ലാം പണ്ടത്തെ പോലെത്തന്നെ.

ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തിലെ എലഞ്ഞിത്തറ മേളം ആസ്വ്ദിക്കാന്‍ പോകുമ്പോള്‍ ഞാന്‍ ദാസേട്ടന്റെ വീട്ടുമുറ്റത്തെ എലഞ്ഞിയെപ്പറ്റി ഓര്‍ക്കാറുണ്ട്.







Thursday, January 20, 2011

കൂര്‍ക്കഞ്ചേരി തൈപ്പൂയം 2011 ജനുവരി 20

തൃശ്ശിവപേരൂര്‍ കൂര്‍ക്കന്‍ഞ്ചേരി തൈപ്പൂയം ഇന്നെലെ [2011 ജനുവരി 20 ന്] കൊണ്ടാടി. രാവിലെ 10.30 മണി തൊട്ട് പകല്‍ കാവടികള്‍ ക്ഷേത്രപറമ്പിലേക്ക് പ്രവേശിച്ചു.

അത് കഴിഞ്ഞ് 12 മണിക്ക് ആനകള്‍ക്ക് തിടമ്പ് ഏറ്റി. 12.30 മണി മുതല്‍ കണ്ണംകുളങ്ങര, കണിമംഗലം, വെളിയന്നൂര്‍ ഭാഗത്തുനിന്നുള്ള ആനപ്പൂരം മേളക്കൊഴുപ്പോട് കൂടി അവരുടെ തട്ടകത്ത് നിന്ന് 4 മണിയോട് കൂടി ക്ഷേത്രപരിസരത്തെത്തി അവരവരുടെ പന്തലില്‍ സ്ഥാനം ഉറപ്പിച്ചു. 4 മുതല്‍ 4.30 മണി വരെ കുടമാറ്റം ആയിരുന്നു.

വൈകിട്ട് 5.30 മണിയോട് കൂടി കൂട്ട എഴുന്നള്ളിപ്പും, 7 മണി വരെ മേള കലാരത്നം കലാമണ്ഡലം ശിവദാസ് & പാറ്ട്ടിയുടെ അകത്തെ മേളവും ഉണ്ടായിരുന്നു. മേളത്തിനു ശേഷം 7 മണിക്ക് വെടിക്കെട്ടോട് കൂടി പകല്‍ പൂരം അവസാനിച്ചു.

പിന്നീട് ഭസ്മക്കാവടി ആയിരുന്നു. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 2

മണി വരെ ഭസ്മക്കാവടികള്‍ അരങ്ങേറി. ഇന്ന് [21-01-11] പുലര്‍ച്ച 5 മണിയോടടുത്ത് വീണ്ടും വെടിക്കെട്ടോട് കൂടി അമ്പലപ്പറമ്പില്‍ തിരക്കൊഴിഞ്ഞു.

ചടങ്ങുകള്‍ തീര്‍ന്നില്ല.

രാവിലെ 6 മുതല്‍ 10.30 വരെ വീണ്ടും കൂട്ടി എഴുന്നള്ളിപ്പും സമ്മാനദാനവും. പിന്നീട് വൈകിട്ട് 8 മണിക്ക് പള്ളിവേട്ടയും കഴിഞ്ഞ് 22-01-11 നു രാവിലെ 7.30 മണിക്കുള്ള ആറോട്ടോട് കൂടി

പൂയം കൊടിയിറങ്ങും.

ഇക്കൊല്ലം ഈ ബ്ലൊഗ് പോസ്റ്റ് എഴുതുന്നവരെ എനിക്ക് പൂരപ്പറമ്പി

ല്‍ നില്‍ക്കാനുള്ള ഊറ്ജ്ജം തന്നത് കൊക്കാലയിലെ ഹോമിയോ ഡോക്ടറായ ജോസഫ് ഏട്ടനാണ്. കഴിഞ്ഞ 4 വര്‍ഷമായി അലോപ്പതിയും ആയുര്‍വ്വേദവും മാറി മാറി പരീക്ഷിച്ചിട്ടും കാര്യമായ ഫലം കണ്ടില്ല എന്റെ കാലിലെ വാതത്തിന്.

ഇപ്പോള്‍ ഹോമിയോ ചികിത്സയിലൂടെ ഫലം ക്ണ്ടു തുടങ്ങിയിരിക്കുന്നു. പിന്നെ വയസ്സായില്ലേ മരുന്നുകളൊന്നും ശരിക്ക് ഏശിയെന്നും വരില്ല. 10 കിലോമിറ്ററിന്നുള്ളില്‍ ആനയുടെ ചൂരുകേട്ടാല്‍ എനിക്കുറക്കം വരില്ല. ആനയും മേളവും എന്റെ ഒരു ദുര്‍ബ്ബലത ആണ്.

ഇനി ഇതാ വരുന്നു ഏപ്രില്‍ മാസത്തില്‍ തൃശ്ശൂര്‍ പൂരം. ഞാന്‍ പൂര്‍വ്വാധികം ആരോഗ്യവാനായി കാണാന്‍ ജോസഫേട്ടനോട് പ്രാര്‍ഥിക്കുന്നു. തന്നെ

യുമല്ല എന്നെ ചികിത്സിക്കുന്ന ജോസഫേട്ടന്‍ ആരോഗ്യവാനായി ഇരിക്കാന്‍ ഞാന്‍ പൂയം കാണാന്‍ പോയപ്പോള്‍ പ്രാര്‍ഥിച്ചിരുന്നു.

ഈ പൂയം ആഘോഷപരിപാടികളുടെ പോസ്റ്റ് ഞാന്‍ ജോസഫേട്ടന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു.+++++++

++++++++++++++++++++++++++++


Saturday, January 15, 2011

കൂര്‍ക്കഞ്ചേരി തൈപ്പൂയം കൊടിയേറ്റ്

തൃശ്ശിവപേരൂര്‍ – കൂര്‍ക്കഞ്ചേരി തൈപ്പൂയം കൊടിയേറി ഇന്നെലെ 15-01-2011.

ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. പൂയം ഈ മാസം ജനുവരി 20ന്. [20-01-2011]

Thursday, January 13, 2011

വേല കാണാന്‍ പോയപ്പോള്‍

വേല കാണാന്‍ പോയപ്പോള്‍ കൃഷ്ണനെ അലങ്കരിച്ച് നിര്‍ത്തിയിരിക്കുന്നു. കൃഷ്ണനെ കണ്‍കുളിര്‍ക്കെ കണ്ട്, വേലയും കണ്ട്, ആനകളേയും, ആളുകളേയും ഒക്കെ കണ്ട് അമ്പലത്തിന് പുറത്ത് തായമ്പകയും ആസ്വദിച്ചു. അങ്ങിനെ ഒരു ദിവസം പോയി. എവിടെയായിരുന്നു വേല എന്നെഴുതിയില്ല അല്ലേ? അത് മനസ്സിലായില്ലെങ്കില്‍ ഞാനെഴുതാം.

Thursday, December 9, 2010

യോഗ

ഞാന്‍ യോഗ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. എന്റ് പ്രായത്തിലുള്ളവര്‍ക്ക് കൈകാലുകള്‍ പെട്ടെന്ന് വഴങ്ങിക്കിട്ടില്ല. എന്നിരുന്നാലും ഒരു മണിക്കൂറിന്റെ സെഷനിലെ 60 ശതമാനം ആസനങ്ങളും മൂന്ന് മാസത്തിന്നുള്ളില്‍ അഭ്യസിച്ചു.

പുതിയ കുട്ടികളെല്ലാം ചോദിക്കും “ഇവിടുത്തെ യോഗാസന ക്രമങ്ങളുടെ പുസ്തകം കിട്ടുകയാണെങ്കില്‍ നോക്കി മനസ്സിലാക്കാമല്ലോ?“ പക്ഷെ ഇത് വരെ ആരും ഈ “ബ്രഹ്മയോഗ” പ്രസ്ഥാനത്തില്‍ [കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്ര സന്നിധിയിലുള്ളത്] ഇത്തരം പ്രസിദ്ധീ‍രണങ്ങള്‍ ഇറക്കിയിട്ടില്ല എന്നാണെന്റെ അറിവ്.

യോഗയെപ്പറ്റി യൂട്യൂബിലും മറ്റുമായി വിഡിയോ ക്ലിപ്പുകളും ടെക്സ്റ്റ് മെസ്സേജുകളും ലഭ്യമാണെങ്കില്‍ കൂടി അതത് യോഗാ സെന്ററുകളില്‍ ഒരു മണിക്കൂറിലെ സെഷന്‍ ചില പ്രത്യേക ഇനങ്ങളില്‍ ക്രമപ്പെടുത്തിയിരിക്കുന്നു.

പിന്നെ ചിലര്‍ക്ക് ഒരു ധാരണ ഉണ്ട്. യോഗ ആര്‍ക്കും ചെയ്യാം എല്ലാ രോഗ നിവാരണങ്ങള്ക്കും യോഗ അത്യുത്തമമാണ്. പക്ഷെ എല്ലാ യോഗാസനങ്ങളും എല്ലാവര്‍ക്കും അനുയോജ്യമല്ലാ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.

ഉദാഹരണത്തിന് കണ്ണിലെ ഞരമ്പുകള്‍ക്ക് അസുഖവും ബ്ലഡ് പ്രഷറും ഉള്ള രോഗികള്‍ ശീര്‍ഷാസനം ചെയ്യാന്‍ പാടില്ല. പിന്നെ കഴുത്ത് വേദനയുള്ളവര്‍ സര്‍വ്വാംഗാസനം, മത്സ്യാസനം മുതലാ‍യവ ചെയ്താല്‍ ആ അസുഖം കൂടുകയും മറ്റു പല പ്രശ്നങ്ങള്‍ക്ക് വഴി തെളിയിക്കുകയും ചെയ്യും. സ്പോണ്ഡിലോസിസ് അസുഖക്കാരനായ എനിക്ക് ചില ആസനങ്ങളില്‍ കൂടി ചില കഷ്ടപ്പാടുകളുണ്ടായി. ദിവസത്തില്‍ 8 മണിക്കൂറിലധികം കഴിഞ്ഞ 25 കൊല്ലമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച എനിക്ക് ഇന്ന് കഴുത്തും തോളും വേദനയാണ്.

എന്തൊക്കെ യോഗാസനങ്ങള്‍ വിപരീത ഫലം സൃഷ്ടിച്ചേക്കാം അല്ലെങ്കില്‍ ഏതൊക്കെ അസുഖങ്ങള്‍ക്ക് ഏത് ആസനങ്ങള്‍ ഉപയോഗപ്രദമാകും എന്നൊക്കെ അറിയുന്നവര്‍ ഈ വേദി പങ്കിടാന്‍ ഞാന്‍ ക്ഷണിക്കുന്നു।. മേല് പറഞ്ഞ ഉദാഹരണങ്ങള്‍ ആണ് ഞാന്‍ പറയുന്നതിന്റെ ആധാരം.

പ്രമേഹ രോഗികള്‍ക്ക് അത്യുത്തമമായ യോഗാസനമുറകള്‍ ഉണ്ടെന്ന് ഞാന്‍ ഈയിടെ മനസ്സിലാക്കി. അത് ഏതാണെന്നും അറിയാന്‍ ആഗ്രഹം ഉണ്ട്.

എന്റെ അനുഭവങ്ങളും സുഹൃത്തുക്കളുടെ കാഴ്ചപ്പാടും ചേര്‍ത്ത് എന്റെ ബ്ലോഗില്‍ യോഗയെക്കുറിച്ചുള്ള ഒരു ഫീച്ചര്‍ താമസിയാതെ തുടങ്ങുന്നതായിരിക്കും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതാണ്.

എന്റെ പോസ്റ്റില്‍ ഒരു മണിക്കൂര്‍ കൊണ്ട് ചെയ്യാവുന്ന ഒരു സെഷനെപ്പറ്റി പറയുന്നതാണ്. അതില്‍ പടങ്ങളും താമസിയാതെ വിഡിയോ ക്ലിപ്പും ഉണ്ടായിരിക്കും.

വായനക്കാരുടെ പ്രതികരണം പ്രതീ‍ക്ഷിക്കുന്നു.

Friday, December 3, 2010

ഈ ചണ്ടിയൊന്ന് നീക്കിത്തരാമോ ?

ശബരി മല വൃതം മിക്കവര്‍ക്കും ഈ കാലത്താണ്.. ഈ കുളത്തിലെ ചണ്ടിയൊന്ന് നീക്കിക്കിട്ടിയാല്‍ നീന്തിക്കുളിക്കാമായിരുന്നു. തൃശ്ശൂര്‍ കീഴ്തൃക്കോവില്‍ ക്ഷേത്രത്തിലെ കുളം ആണിത്. ഇത്രയും വലിയ കുളത്തിന്റെ കരയില്‍ കൂടി ഞാന്‍ പ്രഭാതത്തില്‍ പോകാറുണ്ട്.

ചണ്ടിയുണ്ടെങ്കിലും ചാടി നീന്തിയാലോ എന്നാലോചിച്ചു ഒരു ദിവസം. അപ്പോള്‍ അവിടെ ഒരു ബോര്‍ഡ് കണ്ടതായി ഓര്‍ക്കുന്നു ഈ കുളത്തില്‍ കുളിക്കാന്‍ പാടില്ല എന്ന്.

ആരെങ്കിലു ഈ കുളമൊന്ന് ശുദ്ധികലശം ചെയ്ത് തന്നാല്‍ എന്നെപ്പോലുള്ളവര്‍ക്ക് കുളിക്കാമായിരുന്നു. ഇനി തിരുവാതിര മുതലായ ഉത്സവങ്ങള്‍ വരുന്നു.

അല്ലെങ്കിലും ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിക്കുവാന്‍ ഒരു രസം തന്നെയാണ്. ഞാന്‍ ഈ വയസ്സിലും ഗുരുവായൂര്‍ പോകുമ്പോള്‍ അവിടുത്തെ ക്ഷേത്രക്കുളത്തില്‍ നീന്തിക്കുളിക്കാറുണ്ട്.

ഒരു ദിവസം തെക്കേമഠം പടിഞ്ഞാറെ ചിറയിലും കുളിച്ചു. ഇനി വടക്കേ ചിറയില്‍ ചാടി കുളിക്കണമെന്നുണ്ട്. അടി കിട്ടുമോ എന്ന് പേടിച്ച് ഇത് വരെ അവിടെ ഇറങ്ങിയിട്ടില്ല.

ചെറുവത്താനിയിലെ എരുകുളത്തില്‍ പോത്തുങ്ങളോടൊപ്പം പണ്ട് കുളിക്കുന്നത് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നു.

ഒരു വലിയ കഥയായി ഇത് പിന്നിടെഴുതാം. ഉച്ചക്ക് കുട്ടാപ്പുവിനേയും കുട്ടിമാളുവിനേയും കാണാന്‍ പോകണം.
ആരാണീ കുട്ടാപ്പുവും കുട്ടിമാളുവും എന്നറിയണമോ?
കുട്ടാപ്പുവിന്റെ ഒരു ഫോട്ടോ ഇവിടെ കാണണം. നോക്കട്ടെ. കുട്ടിമാളുവിന് ഫോട്ടോ എടുക്കാന്‍ ചെന്നാല്‍ നാണമാ. അവളുടെ ഒരു ഫോട്ടോ ഇന്നെടുക്കുന്നുണ്ട്. പിന്നിട് ഇടാം.
+പടങ്ങളൊന്നും കാണാനില്ല. പിന്നീട് ഇടാം

Thursday, November 25, 2010

രവീന്ദ്രനാഥ ടാഗോര്‍ നാട്യ ഗീതാഞ്ജലി

ഇന്നെലെ [25-11-2010] ടാഗോര്‍ ജയന്തിയുടെ ഭാഗമായി തൃശ്ശിവപേരൂര്‍ റീജിയണല്‍ തിയേറ്ററില്‍ നാട്യഗീതാഞ്ജലി അവസാന ദിവസമായിരുന്നു. എനിക്ക് ഇന്നെലെ മാത്രമാണ് അവിടെ പോകാന്‍ സാധിച്ചത്.

ശ്രീമതി. അപൃദിത ബാനര്‍ജിയുടെ രവീന്ദ്ര സംഗീതം ഉണ്ടായിരുന്നു. അവസാനത്തെ ഒരു പാട്ട് മാത്രമാണ് എനിക്ക് കേള്‍ക്കാന്‍ സാധിച്ചത്. അത് കേട്ടപ്പോള്‍ മറ്റുള്ള പാട്ടുകള്‍ കേള്‍ക്കാന്‍ സാധിച്ചില്ലല്ലോ എന്ന മനപ്രയാസം ഉണ്ടായി. അത്രയും മനോഹരമായിരുന്നു അവരുടെ പാട്ട്.

ശ്രീമാന്‍ സന്തോഷിന്റെ ഒരു പാട്ടും കൂട്ടത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പാട്ട് മുഴുവന്‍ കേള്‍ക്കാന്‍ എനിക്ക് സാധിച്ചു. പക്ഷെ അപൃദിതയുടെതാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. റീജിയണല്‍ തിയേറ്ററിലെ പ്രോഗ്രാമുകള്‍ 23ന് ആരംഭിച്ചുവെങ്കിലും അന്നൊക്കെ ഇതേ കോമ്പ്ലെക്സില്‍ നടക്കുന്ന കളമെഴുത്ത് കാണാനായിരുന്നു എനിക്ക് കമ്പം. ഇന്നെലെ കളം പാട്ട് നേരെത്തെ അവസാനിച്ചതിനാലാണ് എനിക്ക് ഇവരുടെ പാട്ട് കേള്‍ക്കാനായത്.

ഞാന്‍ ലളിതകലാ അക്കാദമിയിലെ ഭരത് മുരളി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ മിക്ക ദിവസവും കളമെഴുത്ത് കാണാന്‍ പോകും. എന്റെ ബ്ലോഗുകളില്‍ കളമെഴുത്തും പാട്ടും വിഡിയോ ഉള്‍പ്പെടെ നിങ്ങള്‍ല്‍ കണ്ടിരിക്കുമെന്ന് കരുതുന്നു. ഡാറ്റ എണ്ട്രിയിലുള്ള പ്രാവീണ്യക്കുറവാണ്‍ കൂടുതല്‍ വാര്‍ത്തകള്‍ ചേര്‍ക്കാന്‍ സാധിക്കാതെ വരുന്നത്.

താ‍മസിയാതെ തൃശ്ശൂരും പരിസരത്തും ഉള്ള കലാസാംസ്കാരിക പരിപാടികളുടെ രന്തച്ചുരുക്കം എന്റെ ബ്ലോഗുകളില്‍ ദര്‍ശിക്കാനാകും. സാറ്റലൈറ്റ് ചാനലില്‍ വരുന്നതിന്‍ മുന്‍പ് എന്റെ ബ്ലോഗുകളില്‍ ദര്‍ശിക്കാനാകും. എന്നെ പ്രതിഫലമില്ലാതെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ബന്ധപ്പെടുവാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു. യാത്രാസൌകര്യവും എഡിറ്റിങ്ങ് സ്യൂട്ടും കേമറയും സ്വന്തമായുണ്ട്. ഇതൊക്കെ ഒരു ഹോബി എന്ന നിലക്കാണ് പ്രവര്‍ത്തനം.

ഞാന്‍ കഴിഞ്ഞ 7 വര്‍ഷത്തിന്നുള്ളില്‍ 100 ല്‍ പരം ഡിവോഷണല്‍ വിഡിയോ ആല്‍ബം ചെയ്തിട്ടുണ്ട്. പകഷെ അതെല്ലാം ഞാന്‍ ജോലി ചെയ്തിരുന്ന മീഡിയാ ചാനലില്‍ മാത്രമേ സം പ്രേക്ഷണം ചെയ്തിട്ടുള്ളൂ.. ഇനി കൂടുതല്‍ വിഡിയോ ആല്‍ബം ചെയ്യാനുള്ള ഒരുക്കത്തിലാണ്. പുറത്ത് വിലപനക്കോ സൌജന്യമായി സുഹൃത്തുക്കള്‍ക്ക് കൊടുക്കുവാനോ പറ്റും വിധം.

മണ്മറഞ്ഞ ഒരു കവിയുടെ നാല് കവിതകള്‍ വിഡിയോ ആല്‍ബമായി പുറത്തിറക്കുവാനുള്ള അനുവാദം കിട്ടിയിട്ടുങ്കിലും ഇത് വരെ സാധിച്ചില്ല. നടീനടന്മാരും, ഗായകരും, പക്കമേളക്കാരും എല്ലാം സൌജന്യ സേവനത്തിന് തയ്യാറായി വന്നിട്ടുങ്കിലും ഇത് വരെ കാര്യം നടന്നിട്ടില്ല. എനിക്കൊരു സഹായിയെ ഇത് വരെ കണ്ടെത്താനായില്ല എന്നതാണ് പരമാര്‍ഥം.

ഞാന്‍ ഉദ്ദേശിക്കുന്ന ആള്‍ക്ക് മലയാളം ഡാറ്റാപ്രോസസ്സിങ്ങ് അറിഞ്ഞിരിക്കണം. പിന്നെ ഏതെങ്കിലും കലകളില്‍ പ്രാവീണ്യം. ഡ്രൈവിങ്ങ് അറിഞ്ഞാല്‍ വളരെ നല്ലത് [നിര്‍ബ്ബന്ധമില്ല] ആല്‍ബങ്ങളും ഡോക്യുമെന്ററിയും തൃശ്ശൂര്‍ പരിസരത്ത് മാത്രം.

സാമ്പത്തിക പരാധീനതയുള്ള ദേവാലയങ്ങള്‍ക്ക് [ജാതിഭേദമന്യേ] സൌജന്യമായി വെബ് സൈറ്റ് ചെയ്ത് കൊടുക്കുവാനുള്ള ഒരു പ്രോജക്റ്റിന് വിഭാവനം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങിനെ പല സംഗതികളും മനസ്സില്‍ വിടരുന്നു.

വാതരോഗിയാണ് ഞാന്‍. എന്റെ വേദനകള്‍ ഞാന്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ മറക്കുന്നു. എല്ലാതരം [ഹോമിയോ, അലോപ്പതി, ആയുര്‍വ്വേദം] ചികിത്സ്കള്‍ക്കും ഞാന്‍ വിധേയനായി. പക്ഷെ ഇത് വരെ എനിക്ക് രോഗ ശമനം പൂര്‍ണ്ണമായി ലഭിച്ചിട്ടില്ല.

എഴുത്തും ഫോട്ടോഗ്രാഫ്ഹിയും പ്രതിഫലമില്ലാതെയുള്ള സേവനങ്ങളും ആണ് എന്റെ വേദനകളില്‍ നിന്നെനിക്ക് മോചനവും താലക്കാലികാശ്വാസവും തരുന്നത്. ഇനി മരുന്ന് കഴിക്കാന്‍ വയ്യാ എന്ന ഒരു തോന്നലാണ്.

അലോപ്പതി ഫിസിഷ്യന്റെ ഒരു വര്‍ഷത്തെ ചികിസ്തക്ക് ശേഷം എന്നെ ഒരു ന്യൂറോ ഫിസിഷ്യന്‍ ഒരു വര്‍ഷം ചികിത്സിച്ചു. ഇപ്പോള്‍ ഒരു വര്‍ഷമായി ആയുര്‍വ്വേദത്തിലാണ്. ഉഴിച്ചിലും കിഴിയും പിഴിച്ചിലും വസ്തിയും എല്ലാം കിടത്തി ചികിത്സിക്കപ്പെട്ടു. രക്ഷയില്ല….

ഞാന്‍ ഇന്ന് ഒരു ഓര്‍ത്തോ സ്പെഷലിസ്റ്റിനെ കാണാന്‍ പോകുമ്പോള്‍ എന്റെ സഹപ്രവര്‍ത്തകനായ കുട്ടന്‍ മേനോന്‍ പറഞ്ഞു. “ഇതെല്ലാം എനിക്കുമുള്ള രോഗമാണ്. ഇനി പുതിയതായി ആരേയും കാണാന്‍ പോകേണ്ട. ഇപ്പോള്‍ ഉള്ള മരുന്നുകളും യോഗയും എല്ലാം മതി“

അങ്ങിനെ കുട്ടന്‍ മേനോന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഇന്ന് പുതിയ ഡോക്ടറെ കാണേണ്ട എന്ന് വെച്ചു. അങ്ങിനെ പോകുന്നു ഇവിടുത്തെ വിശേഷങ്ങള്‍……