Saturday, April 3, 2010

കൃഷ്ണായനം 2010

ബാലഗോകുലം
അന്തര്‍ദേശീയ ബാലമഹാ സമ്മേളനം
ഏപ്രില്‍ 3 - 4- 2010
ദ്വാരകാപുരി
തൃശ്ശിവപേരൂര്‍ വടക്കുന്നാഥ ക്ഷേത്ര
മൈതാനം



25000 കുട്ടികളുടെ മഹാസമ്മേളനം
ഇന്ന് അരങ്ങേറി.


അപ്രതീക്ഷിതമായി വന്ന മഴയാല്‍ പരിപാടികള്‍ യഥാസമയം നടന്നില്ലാ എന്നാണറിവ്.










Friday, February 26, 2010

ജ്യോതിര്‍ലിംഗദര്‍ശനം




ശ്രീ വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്തില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 3 വരെ.
തൃശ്ശിവപേരൂരിലെ ഈശ്വരസ്നേഹികള്‍ക്ക് ഒരു ദിവ്യോപഹാരം.

ഒരു പക്ഷേ ഒരു മനുഷ്യായുസ്സിന്റെ മുഴുവന്‍ തീര്‍ത്ഥാടനവും മതിയാകാത്ത, കാലചക്രത്തില്‍ ഒരിക്കല്‍ മാത്രം വന്നെത്തുന്ന അത്യപൂര്‍വ്വ മഹാസൌഭാഗ്യം.
ഏകേശ്വരനും, ലോകേശ്വരനും, സര്‍വ്വേശ്വരനും, വിശ്വേശ്വരനുമായ പരമപിതാ ശിവപരമാത്മാവിന്റ്റെ പ്രതികമായ 12 ശിവജ്യോതിര്‍ലിംഗങ്ങള്‍ [ദ്വാദശ ജ്യോതിര്‍ലിംഗങ്ങള്‍] ഒരേ സമയത്ത്, ഒരേ സ്ഥലത്ത്.
വിവരങ്ങള്‍ക്ക് കടപ്പാട് : പ്രജാപിതാ ബ്രഫ്മാകുമാരീസ് ഈശ്വരിയ വിശ്വവിദ്യാലയം, തൃശ്ശൂര്‍

കുളശ്ശേരി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം


അന്നദാനം മഹാദാനം.

ദാനത്തില്‍ വെച്ച് മഹത്തായതാണത്രേ ഒരു നേരത്തെ അന്നം കൊടുക്കുക. ഒരാളെ സന്തോഷിപ്പിക്കുവാന്‍ ഏറ്റവും ഉചിതമായ വഴി ഒരു നേരത്തെ ആഹാരം കൊടുക്കുക.
വയറു നിറഞ്ഞാല്‍ മതി എന്ന് പറയും.
പക്ഷെ അന്നത്തിന് പകരം മറ്റെന്തുകൊടുത്താലും ആരും മതിയെന്ന് പറയില്ലത്രെ. ധനമായാല്‍ പോലും. ഒരാള്‍ക്ക് ഒരു കിലോ സ്വര്‍ണ്ണം കൊടുത്തിട്ട് മതിയായോ എന്ന് ചോദിച്ചാല്‍ മതിയെന്ന് ആരാ പറയുക. ഇനി വേണോ എന്ന് ചോദിച്ചാല്‍ വേണ്ടാ എന്ന് പറയുമോ?
അന്നത്തിന്റെ കാര്യം അങ്ങിനെയല്ല. വയറുനിറഞ്ഞാല്‍ പിന്നെ എത്ര വിളമ്പിക്കൊടുത്താലും അതൃപ്തിയേ ഉണ്ടാകൂ.
തൃശ്ശൂര്‍ മാതൃഭൂമി പത്രത്തിന്റെ മുന്‍ വശത്താണ് കുളശ്ശേരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടെ ലക്ഷിനരസിംഹമൂര്‍ത്തിയാണ് പ്രതിഷ്ഠയെങ്കിലും ഹനുമാന്‍ സ്വാമിക്കാണ് ആരാധകര്‍ അധികവും.
ഹനുമാന്‍ സ്വാമിക്ക് എന്നും വെറ്റില മാലയും, വടമാലയും ചാര്‍ത്താം. പിന്നെ അവില്‍ നിവേദ്യം, പൂമൂടല്‍ മുതലായവ.
അവിടെ പാര്‍ത്ഥസാരഥിയും ഉണ്ട്. തൃശ്ശൂര്‍ KSRTC ആപ്പീസിന്നരികില്‍ കൂടിയും റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കൂടിയും അകത്ത് പ്രവേശിക്കാം.
വളരെ വിശേഷപ്പെട്ട ക്ഷേത്രമാണ് കുളശ്ശേരി. 18-03-2010 ലെ പ്രതിഷ്ഠാദിനത്തിന് പൊയ്കോളൂ - ഭഗവാനെ തൊഴാം, സദ്യയും കഴിക്കാം.
തൃശ്ശൂരില്‍ കൂര്‍ക്കഞ്ചേരി ശ്രീ മാഹാശ്വേരക്ഷേത്രത്തില്‍ എന്നും ഉച്ചക്ക് അന്നദാനം ഉണ്ട്. കൂര്‍ക്കഞ്ചേരി ശ്രീ അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ എല്ലാ തിരുവാതിര നാളിലും.

Monday, February 15, 2010

കപ്ലിയങ്ങാട് ഭരണി വേല


കപ്ലിയങ്ങാട് ഭരണി
എന്റെ ഗ്രാമത്തില്‍ [കുന്നംകുളം-ചെറുവത്താനി] പൂരം നാളെ തേവരുടെ അമ്പലത്തില്‍, പിന്നെ വെള്ളിയാഴ്ച കപ്ലിയങ്ങാട് ഭരണി വേല. ഭരണിക്ക് തിറയും, മൂക്കാന്‍ ചാത്തനും, കരിങ്കാളിയും എല്ലാം ഉണ്ട്. വരുമല്ലോ എല്ലാരും.

ഭരണിയുടെ മുന്നോടിയായി ഒരു മാസം മുന്‍പ് തന്നെ ചടങ്ങുകള്‍ ആരംഭിക്കും. ഞാന്‍ പത്തിരുപത് വര്‍ഷമായി തൃശ്ശൂരാണ് സ്ഥിരതാമസം. അതിനാല്‍ ഭരണി വേല അവസാന ദിവസം മാത്രമേ കാണാറുള്ളൂ.ഭരണിക്ക് അടപുഴുങ്ങള്‍ പ്രധാന ചടങ്ങാണ്.

പിന്നെ അതിന് തലേ ദിവസം പറയര് വേല, അതിന് തലേ ദിവസം നാട്ട് താലം. പണ്ടൊക്കെ എന്റെ തറവാട്ടില്‍ നിന്ന് ചുരുങ്ങിയത് 100 താലമെങ്കിലും ഉണ്ടാകും. ആ ദിവസം കന്യകമാര്‍ എന്റ് വീട്ടില്‍ വന്ന് താമസിക്കും. വരുന്നവര്‍ക്കൊക്കെ രാത്രി ആഹാരവും നല്‍കും

പുലര്‍ച്ചക്കാണ്, വാദ്യ മേളങ്ങളോട് കൂടി താലം പുറപ്പെടുക.ദേശത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് താലം ഏന്തി പെണ്‍കുട്ടികളും സ്ത്രീകളും ക്ഷേത്രത്തിന് മുന്നിലുള്ള പാടത്ത് നിറയും. മൂന്ന് നാലു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുള്ള നാട്ടിന്‍ പുറങ്ങളില്‍ നിന്ന് താലങ്ങള്‍ വന്ന് ചേരും.ഏതാണ് പുലര്‍ച്ച അഞ്ച് മണിക്കാണെന്ന് തോന്നുന്നു, വെളിച്ചപ്പാട് തുള്ളി വന്ന് അരിയെറിഞ്ഞ് താലങ്ങളെ ഉള്ളിലേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കും.

ഞങ്ങളുടെ [വെട്ടിയാട്ടില്‍] കുടുംബത്തിലെ താലമായിരുന്നു പണ്ടൊക്കെ ആദ്യം ക്ഷേത്രമുറ്റത്തേക്ക് കയറ്റുക.പിന്നെയും പല ചടങ്ങുകളുണ്ട്. അമ്പലത്തിന്റെ തെക്കും വടക്കും മുറ്റങ്ങളില്‍ തട്ടിന്മേല്‍ കളി ഉണ്ടായിരിക്കും. അതില്‍ ഒരു തട്ട് ഞങ്ങളുടെ കുടുംബത്തിലേതായിരുന്നു. തെങ്ങിന്‍ തൂണില്‍ മാവിന്‍ പലക വെച്ചാണ് തട്ട് നിര്‍മ്മിക്കുക. തട്ട് താലക്കാലികമായിരിക്കണം. ആണി, കമ്പി മുതലായവ തട്ടിന് ഉപയോഗിക്കാന്‍ പാടില്ല.

സന്ധ്യക്ക് മുന്‍പ് തട്ടിന്മേല്‍ ഒരു നിലവിളക്ക് കൊളുത്തി വെച്ച് പഴമക്കാര്‍ പാട്ട് പാടി തട്ടിന്‍മേല്‍ കളി തുടങ്ങും.സ്വത്ത് ഭാഗിക്കുന്ന സമയം എല്ലാം നോക്കി നടത്തിയിരുന്ന എന്റെ പിതാവിന് തറവാട് ലഭിച്ചില്ല. പകരം പാപ്പന് കിട്ടി തറവാട്. അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ദൈവീക കാര്യങ്ങളിലോ, ക്ഷേത്രാചാരങ്ങളിലോ താല്പര്യം കുറയുകയും കപ്ലിയങ്ങാട് ക്ഷേത്രത്തെ അവര്‍ അവഗണിക്കുകയും ചെയ്തു.

അങ്ങിനെ ഞങ്ങളുടെ കുടുംബത്തിനുള്ള അവകാശങ്ങളും മറ്റും ഇല്ലാതെയായി ന്നാണ് എന്റെ ധാരണ.പണ്ടൊക്കെ പാടത്തുകൂടി നടന്ന് വേണം അമ്പലത്തിലെത്താന്‍. എന്റെ പിതാവാണ് ആദ്യമായി തെക്കേ പാടത്തേക്ക് കല്ലുകൊണ്ട് ഒരു പടി കെട്ടിച്ചത്. അത് ഇന്നും നില കൊള്ളുന്നു.ഓലപ്പുരയായിരുന്ന ക്ഷേത്രം ഇപ്പോള്‍ കോണ്‍ക്രീറ്റ് കെട്ടിടമായി. പല പരിഷ്കാരങ്ങളും കാലത്തിനൊത്ത് വന്ന് ചേര്‍ന്നു. ക്ഷേത്രത്തിന് കൂടുതല്‍ പ്രശസ്തിയും വന്ന് ചേര്‍ന്നു.

കഴിഞ്ഞ വര്‍ഷം എനിക്ക് ഭരണി വേല കാണാനായി. ഈ വര്‍ഷവും ഭഗവതി അനുഗ്രഹിച്ചാല്‍ എനിക്ക് പോകാനാകും. ശാരീരികാസ്വാസ്ഥ്യങ്ങളാണ് എന്റെ പ്രധാന പ്രശ്നം.

വേലക്ക് ഒരു മാസം മുന്‍പ് തന്നെ തെക്കേ പാടത്ത് കച്ചവടങ്ങള്‍ ആരംഭിക്കും. റെസ്റ്റോറണ്ടുകളും, പെണ്ണുങ്ങള്‍ക്കുള്ള വളയും മാലയും മറ്റും, പിന്നെ യന്ത് ഊഞ്ഞാല്‍ തുടങ്ങിയ വിനോദ ഉപകരണങ്ങളും, പിന്നെ പൊരി, ഉഴുന്നാട, ഈത്തപ്പഴം, ഹല്‍ വ തുടങ്ങിയ പൂരം വിഭവങ്ങളും.

ഭരണി വേലക്ക് പോയാല്‍ ഞാന്‍ ഫോട്ടോസും, കുറച്ചും കൂടി വിശേഷങ്ങളും ഇവിടെ എഴുതാം. ഫോട്ടോ എടുത്തത് [20-02-2010] ഇവിടെ സ്ഥപിക്കുന്നു. വിശേഷങ്ങള്‍ പിന്നീടെഴുതാം.

Wednesday, February 10, 2010

വടക്കുന്നാഥന്‍ ശ്രീമൂലസ്ഥാനത്ത് വീണ്ടും


വടക്കുന്നാഥന്‍ ശ്രീമൂലസ്ഥാനത്ത് വീണ്ടും - ഇന്ന് 2010, ഫെബ്രുവരി 10ന് കലാമണ്ഡലം ഗോപിയും കൂട്ടരും ചേര്‍ന്ന കഥകളി.

Tuesday, February 9, 2010

ശിവരാത്രി - 2010



ഈ വര്‍ഷം 2010 ഫെബ്രുവരി 3 മുതല്‍ ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് ശിവരാത്രി ആഘോഷങ്ങള്‍ തുടങ്ങി.



കൂടുതല്‍ വിശേഷങ്ങളും ഫോട്ടോകളും താമസിയാതെ ഇവിടെ നോക്കുക.

>>>>>>>>>>>>>






Monday, January 25, 2010

അങ്ങിനെയായാല്‍ മതിയോ മാഷേ ?

ഇവിടെ കുറച്ച് നാളായി ഒന്നും എഴുതാറില്ല.
അങ്ങിനെയായാല്‍ മതിയോ മാഷേ ?
എന്നാരും ചോദിച്ചില്ല.

ഇനി അഥവാ ചോദിച്ചുവെന്നിരിക്കുക - എന്നാല്‍ ഞാന്‍ ഇങ്ങിനെ എഴുതാം - ഞാന്‍ കഴിഞ്ഞ ആഴ്ച എന്റെ ഗ്രാമത്തില്‍ പോയ കഥ എഴുതാം.

എനിക്ക് ചിലപ്പോള്‍ തോന്നും എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ പോയി രണ്ട് ദിവസം തറവാട്ടില്‍ പോയി താമസിക്കാന്‍. കാലത്ത് കുളിയും തേവാരവുമെല്ലാം നേരത്തെ തന്നെ കഴിച്ചു. ആനന്ദവല്ലി നേരത്തെ തന്നെ പ്രാതല്‍ തയ്യാറാക്കിത്തന്നു. ആണൊരുത്തനെ കാലത്തെത്തന്നെ എങ്ങോട്ടെങ്കിലും പറഞ്ഞയച്ചാല്‍ അവള്‍ക്ക് അന്ന് സ്വര്‍ഗ്ഗമാണ്.

ഞാന്‍ 3 ദിവസത്തെക്കുള്ള വസ്ത്രങ്ങളുമെല്ലാം വണ്ടിയില്‍ കയറ്റി. മരുന്നും മറ്റു സാധനങ്ങളും, വീട്ടിന്നകത്ത് ഇടാനുള്ള ചെരിപ്പും എല്ലാം ശരിയാക്കി വീട്ടില്‍ നിന്ന് 8 മണിയോടുകൂടി ഇറങ്ങി. ആനന്ദവല്ലിക്കറിയില്ല എന്റെ പോക്ക് എങ്ങോട്ടാണെന്ന്. ഞാന്‍ സാധാരണയായി വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ എങ്ങോട്ടാ പോകുക എന്ന് പറയാറില്ല. മുണ്ട് ഉടുത്തിട്ടാണ്‍ സവാരി എങ്കില്‍ അവള്‍ മനസ്സിലാക്കും നാട്ടിലേക്ക് എന്ന്. ഞാന്‍ ചിലപ്പോള്‍ ഗുരുവായൂര്‍, തൃപ്രയാര്‍ എന്നിവിടങ്ങളിലേക്കും മുണ്ട് ഉടുത്ത് പോകാറുണ്ട്. അപ്പോളും അവള്‍ വിചാരിക്കും ഞാന്‍ പോയത് എന്റെ നാട്ടിന്‍ പുറത്തേക്കാണെന്ന്.

സാധാരണ ഞാന്‍ ചെറുവത്താനിയില്‍ പോകുമ്പോള്‍ എന്റെ നാട്ടിലെ കുട്ട്യോള്‍ക്ക് മിഠായിയും ചോക്കലേറ്റും വാങ്ങിക്കൊണ്ടോകുക പതിവാണ്. ഇക്കുറി ഒന്നും കൊണ്ടോയില്ല. കാരണം ബാലേട്ടന്റെ കടയില്‍ ഇതൊക്കെ വാങ്ങാന്‍ പോയാല്‍ എനിക്ക് ചിലപ്പോള്‍ പോക്കിന്റെ ഗതി മാറ്റേണ്ടി വരും.

ഒരിക്കല്‍ ചെറുവത്താനിയിലേക്കെന്നും വിചാരിച്ച് വീട്ടില്‍ നിന്ന് പുറപ്പെട്ട് എത്തിയത് പാലക്കാട്ട്. അത്രയെയുള്ളൂ എന്റെ കാര്യങ്ങളെല്ലാം. പിന്നെ ഞാന്‍ ആരോടും പറയാറില്ല ആരുടേയും വീട്ടില്‍ പോകുമ്പോളോ ആരെയും കാണാന്‍ പോകുമ്പോളൊ.

ഇനി എന്തെങ്കിലും കാരണവശാല്‍ എനിക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ആര്‍ക്കും ഒരു പരിഭവം ഉണ്ടാകുകയില്ലല്ലോ. ഇനി അഥവാ ഒരാളെ അങ്ങിനെ അറിയിക്കാതെ കാണാന്‍ പോയാല്‍ ആ ആള്‍ അവിടെ കണ്ടില്ലാ എന്ന് വെച്ചല്‍ എനിക്കൊരു പരിഭവും ഉണ്ടാകില്ല താനും. പിന്നെ നമ്മള്‍ പോകുന്ന നാട്ടിലെല്ലാം വേറെയും ആളുകളുണ്ടാകുമല്ലോ. അവിടെ ആരെങ്കിലും കണ്ട്, വിസായവും പറഞ്ഞ് അങ്ങിനെ മോന്ത്യാകും വരെ എവിടെയെങ്കിലും അലഞ്ഞ് തിരിഞ്ഞ് നേരെ വൈകുന്നേരമാകുമ്പോളെക്കും എന്റെ കുടീലെത്തും.

പോക്ക് കുന്നംകുളം റൂട്ടിലാണെങ്കില്‍ ആരെയും മനസ്സിന് പിടിക്കുന്നവരെ കണ്ടില്ലെങ്കില്‍ ഗുരുവായൂരപ്പനെ കണ്ട് അവിടെ കൂടും, പിറ്റേന്ന് നിര്‍മ്മാല്യവും തൊഴുത് നേരെ തൃശ്ശൂര്‍ക്ക് വെച്ച് പിടിക്കും. എന്നെ രാത്രി 10 മണി വരെ കണ്ടില്ലെങ്കില്‍ ആനന്ദവല്ലി വിളിക്കും. ചിലപ്പോള്‍ വിളിച്ചില്ലാ എന്നും വരും.
ചിലരൊക്കെ പറയും ഒരു വഴിക്ക് പോകുമ്പോള്‍ ആരുടെയെങ്കിലും അടുത്ത് പറഞ്ഞ് പോകേണ്ടേ എന്ന്. ഞാന്‍ എന്റെ വീട്ടുകാരിയോട് പറഞ്ഞില്ലെങ്കിലും ഞാന്‍ ചിലരോടൊക്കെ പറയും തൃശ്ശൂരില്‍ നിന്ന് ഇറങ്ങുമ്പോള്‍. എന്റെ ഒന്ന് രണ്ട് ഉറ്റ സുഹൃത്തുക്കളുണ്ട് തൃശ്ശൂരില്‍ അവരോട് പറയും. എന്ന രാത്രിക്ക് കണ്ടില്ലെങ്കില്‍ ആനന്ദവല്ലിക്കറിയാം എന്നെ തിരക്കേണ്ട സ്ഥലങ്ങള്‍.

ചിലപ്പോള്‍ ഞാന്‍ ആനന്ദവല്ലിയോടെ പറയാതെ രാക്കമ്മയോട് പറയും. അവള്‍ ചിലപ്പോള്‍ ആനന്ദവല്ലിക്ക് മെസ്സേജ് നല്‍കും. അപൂര്‍വ്വം ചില കേസ്സുകളില്‍ , ഞാന്‍ ആനന്ദവല്ലിയോട് തല്ലുകൊടുമ്പോള്‍ നേരെ കോയമ്പത്തൂരില്‍ പോയി മോന്റെ കൂടെ താമസിക്കും രണ്ട് ദിവസം..

പണ്ടെനിക്കൊരു ഫുളി ഫര്‍ണീഷ്ഡ് സ്റ്റുഡിയോ ഫ്ലാറ്റ് ഉണ്ടായിരുന്നു. അവിടെ പോയി ഞാന്‍ നിര്‍വൃതികൊള്ളുമായിരുന്നു. അവിടെ എപ്പോഴും ചില്‍ഡ് ഫോസ്റ്റര്‍ ഒരു നാലെണ്ണം ഉണ്ടായിരിക്കും. പിന്നെ ഡീപ്പ് ഫ്രീസറില്‍ സോസേജും, ചപ്പാത്തിയും ഉണ്ടായിരിക്കും. ഈവനിങ്ങില്‍ ഫ്രൈഡ് ചിക്കനും മറ്റും ഓര്‍ഡര്‍ കൊടുത്താല്‍ വീട്ടില്‍ നല്ല ചൂടോടെ എത്തും. ഹാ!! എന്തൊരു സുഖമായിരുന്നു അവിടെയുള്ള വല്ലപ്പോളുള്ള ദിനങ്ങള്‍..

ഇന്ന് ആ സ്ഥലം ഉണ്ടായിരുന്നെങ്കില്‍ സ്വസ്ഥമായിരുന്ന് എന്തെങ്കിലും എഴുതാമായിരുന്നു. ഞാന്‍ കഴിഞ്ഞ ദിവസം കാസിനോ ഹോട്ടലില്‍ “പാര്‍പ്പിടം“ എക്സിബിഷന്‍ കാണാന്‍ പോയപ്പോള്‍ ഒരു നല്ല സ്റ്റുഡിയോ അപ്പാ‍ര്‍ട്ട് മെന്റ് അന്വേഷിച്ചിരുന്നു. നല്ലതൊന്നും തൃശ്ശൂരില്‍ കിട്ടാനില്ല. ഉണ്ടെങ്കില്‍ തന്നെ വിലയോ 2800/- sft ന്. ലോകത്തെങ്ങും മാന്ദ്യമായിട്ടും ഇവിടെ ഒരു വിലക്കുറവും ഇല്ല. അല്ലെങ്കില്‍ ഒന്ന് വാങ്ങാമായിരുന്നു എന്ന് ആശിച്ച് പോയി.

നമ്മളെന്തിനാ ഈ വയസ്സ് കാലത്ത് ഈ സ്വത്തെല്ലാം കെട്ടിപ്പിടിച്ചോണ്ടിരിക്കുന്നത്. ഇന്നെത്തെ കാലത്ത് പിള്ളേരൊന്നും, വയസ്സായിക്കഴിഞ്ഞാല്‍ നമ്മളെ നോക്കില്ല. നമ്മളുടെ മയ്യത്തും കാത്തിരിക്കുകയാവും അവര്‍. എല്ലാം വിറ്റ് ആര്‍ഭാടജീവിതം നയിക്കാന്‍.

അങ്ങിനെ അവര്‍ സുഖിക്കണ്ട. നമുക്ക് സ്റ്റുഡിയോ ഫ്ലാറ്റും, മെര്‍സീഡസ് ബെന്സും ഒക്കെ വാങ്ങാം. എനിക്കും ആനന്ദവല്ലിക്കും ഓരോ ഫ്ലാറ്റ് വാങ്ങാം. അപ്പോള്‍ കലഹിക്കുമ്പോള്‍ അവരവരുടെ സങ്കേതത്തില്‍ പോയി ഉള്ള കഞ്ഞീം കുടിച്ച് പാര്‍ക്കാമല്ലോ?>

[ചെറുവത്താനിയിലേക്കുള്ള പോസ്റ്റ് എഴുതി എവിടേയോ ഒക്കെ പോയി. ഇനി തോന്നുമ്പോളെഴുതാം ബാക്കി. ഇന്ന് ജനുവരി 26, 2010. എല്ലാ വായനക്കാര്‍ക്കും റിപ്പബ്ലിക്ക് ദിനം ആശംസകള്‍ ]