Sunday, March 20, 2011

എലഞ്ഞിപ്പൂമാല

പണ്ടത്തെ ഒരു ഓര്‍മ്മ ഇവിടെ വിരിയുന്നു.

ദാസേട്ടനെ ഞാന്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ വെച്ച് കാണുന്നത് ഏതാണ്ട് 30 വര്‍ഷത്തിന് ശേഷം ആണെന്ന് തോന്നുന്നു. പണ്ടൊക്കെ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തില്‍ പോകുമ്പോള്‍ ദാസേട്ടന്‍ അവിടെ സജീവമായിരുന്നു. ഇപ്പോള്‍ പ്രായാധീക്യം കാരണം വീട്ടില്‍ ഒതുങ്ങിക്കൂടിയിരിക്കയാണ്.

ഞങ്ങളുടെ ഞ്മനേങ്ങാട്ടുള്ള തറവാട്ടിന്റെ തെക്കോട്ട് മാറിയാണ് പണ്ട് അയിനിപ്പുള്ളി ദാസേട്ടന്‍ എന്ന ഹരിദാസേട്ടന്റെ വീട്. അന്നൊക്കെ തെക്കേ കുളക്കരയില്‍ കൂടിയോ, തെക്കേ പറമ്പിന്റെ അറ്റത്തുള്ള തോട് കടന്ന് തത്താത്തയിലെ പാത്തുട്ടിയുടെ വീടിന്റെ മുന്നിലുള്ള വരമ്പില്‍ കൂടെയോ ദാസേട്ടന്റെ അയിനിപ്പുള്ളി പറമ്പിലെത്താം.. അന്നൊക്കെ ഈ അയിനിപ്പുള്ളി പറമ്പിന്റെ കുറച്ച് ഭാഗം ഞങ്ങളുടെ പാട്ടഭൂമിയായിരുന്നു.

വലിയ ഒരു ചതുരക്കഷ്ണം ഭൂമിയായിരുന്നു. അതില്‍ ഒരു കുടികിടപ്പും പിന്നെ ഒരു പൊട്ടക്കുളവും ഉണ്ടായിരുന്നു. തെക്കേ അറ്റത്ത് തോട്ടിന്റെ കരയില്‍ ഒരു അയിനിയും ഉണ്ടായിരുന്നു. പണ്ട് ആ അയിനിയില്‍ നിന്ന് ധാരാളം അയിനിച്ചക്ക കിട്ടിയിരുന്നു.

എന്റെ ചെറുപ്പത്തില്‍ ഞാനും ഹേമയും ഉമയും ഒക്കെ കൂടി ദാസേട്ടന്റെ വീട്ടില്‍ എലഞ്ഞിപ്പൂവ് പെറുക്കാന്‍ പോകും. അന്ന് വളക്കാരി കല്യാണി ഏട്ടത്തിയുടെ വീടെന്നാ പറയുക. കല്യാണി ഏട്ടത്തിയുടെ മകനാണ് ദാസേട്ടനും സഹോദരങ്ങളായ സുധാകരനും സഹദേവനും.

ദാസേട്ടന്റെ കുടുംബക്ഷേത്രത്തിന്റെ തെക്കേ ഭിത്തിയോട് ചേര്‍ന്നായിരുന്നു പണ്ടത്തെ പാമ്പിന്‍ കാവും എലഞ്ഞി മരവും. ചെറുപ്രായത്തില്‍ എന്നെപ്പോലെ പല കുട്ടികളും എലഞ്ഞിപ്പൂ പെറുക്കാന്‍ അവിടെ എത്തിയിട്ടുണ്ടാകും. എലഞ്ഞിയുടെ പൂവ് ഏതാണ്ട് പാരിജാതപ്പൂ പോലെ വളരെ ചെറുതാണ്. ഏതാണ്ട് ഷര്‍ട്ടിന്റെ ബട്ടന്‍സിന്റെ വലുപ്പം മാത്രം. അതിനാല്‍ മരത്തില്‍ കയറി പറിക്കാനാവില്ല.

കാവില്‍ വീണുകിടക്കുന്ന പൂക്കള്‍ പെറുക്കിയെടുക്കുക ദുഷ്കരമായ പണിയായിരുന്നെങ്കിലും ഞങ്ങള്‍ കുട്ടികള്‍ ക്ഷമയോടെ ഒരു ചെറിയ വട്ടി പെറുക്കിയെടുക്കും. എന്നിട്ട് അത് വളരെ നൈസ് വാഴനാരില്‍ കോര്‍ത്ത് മാലപോലെയാക്കി കഴുത്തിടും. ചിലര്‍ കയ്യിന്മേല്‍ ചുറ്റും.

എലഞ്ഞിപ്പൂവിന്റെ പ്രത്യേക ആകര്‍ഷണം അതിന്റെ മണമാണ്. പൂവിന് ഭംഗി ഇല്ല. അല്പം എലഞ്ഞിപ്പൂവ് വീട്ടിലെവിടെയെങ്കിലും വിതറിയാല്‍ മതി. ഒരു പ്രത്യേക സുഗന്ധമാണ് പരത്തുക.

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഇന്ന് ദാസേട്ടന്റെ വീട്ടിലെത്തിയപ്പോള്‍ അവിടം ആകെ മാറിയിരിക്കുന്നു. ഞങ്ങളുടെ തറവാട്ടിലെ കുളമോ ഊട് വഴികളൊ ഒന്നും ഇല്ല. ഇപ്പോള്‍ ദാസേട്ടന്റെ വീട് വരെ റോഡുണ്ട്. സുഖമായി കാറില്‍ അവിടെ എത്താം.

ഞാന്‍ ഇന്ന് ഏതാണ്ട് അഞ്ചുമണിയോടെ ദാസേട്ടന്റെ അയിനിപ്പുള്ളി ഗൃഹത്തിലെത്തി. എന്നെക്കണ്ട് ദാസേട്ടന്‍ അത്ഭുതപ്പെട്ടു. ഒട്ടും പ്രതീ‍ക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു എന്റെ ആഗമനം. ദാസേട്ടന്റെ വീടും പരിസരവും കാവും, അമ്പലപ്പുരയും എല്ലാം മാറിയിരിക്കുന്നു.

അമ്പലം പുതുക്കിപ്പണിതിരിക്കുന്നു. എന്റെ സങ്കലപ്പത്തിലെ പണ്ടത്തെ എലഞ്ഞി അവിടെ തന്നെ നില്‍പ്പുണ്ട്. ആളിപ്പോള്‍ തടിച്ച് വീര്‍ത്ത് വയ്സ്സനായിരിക്കുന്നു ദാസേട്ടനേയും എന്നെയും പോലെ. ഞാന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ എലഞ്ഞിയെ പ്രദക്ഷിണം വെച്ചു. താഴെ കിടപ്പുള്ള് പൂക്കളൊക്കെ വാടിയിരുന്നു.

എന്നെ കണ്ടപ്പോള്‍ എലഞ്ഞി മുത്തശ്ശന്‍ ഒരു വാടാത്ത് പൂവ് എനിക്ക് വീഴ്ത്തിത്തന്നു. ദാസേട്ടന്‍ അത് പെറുക്കി എനിക്ക് തന്നു. അങ്ങിനെ ഞാന്‍ എന്റെ കളിക്കൂട്ടുകാരിയും മുറപ്പെണ്ണുമായ ഉമയേയും ഓര്‍ത്തു. ഹേമയും ഞാനും സമപ്രായക്കാരായിരുന്നു. ഉമ എന്നെക്കാളും നാലഞ്ച് വയസ്സ് എളപ്പ്മായിരുന്നു. ചുരുണ്ട തലമുടിയുള്ള ഉമയെ പറ്റി പിന്നീടൊരിക്കല്‍ പറയാം. ഉമയെ പറ്റി പറയുമ്പോള്‍ തറവാട്ടിലെ പലരേയും ഓര്‍ക്കണം.

ഒരു പാട് ഓര്‍ക്കാനുള്ളതാണ് ബാല്യം. “ബാല്യകാല സ്മരണകള്‍” അതാണ് എത്ര എഴുതിയാലും തീരാത്തത്. ഞാന്‍ ആ എലഞ്ഞിമരത്തിന്റെ ചുറ്റും നോക്കിയപ്പോള്‍ പണ്ടത്തെ വീടുകളൊന്നും കാണാനായില്ല. പകരം കോണ്‍ക്രീറ്റ് സൌധങ്ങള്‍ നിറഞ്ഞിരിക്കുന്നു. പണ്ടത്തെ ഒരു ഗ്രാമീണാന്തരീക്ഷം ആസ്വദിക്കാനായില്ല.

ഇനി ഒരു ദിവസം കാലത്ത് പോകണം ദാസേട്ടറ്റ്നെ വീട്ടില്‍. അപ്പോള്‍ ഒരു മാല കോര്‍ക്കാനുള്ള എലഞ്ഞിപ്പൂവ് കിട്ടും. പിന്നെ ദാസേട്ടനുമായി ഒന്ന് രണ്ട് മണിക്കൂറ് വര്‍ത്തമാനം പറഞ്ഞിരിക്കുകയും ആകാം.

ദാസേട്ടന് വയസ്സായപ്പോള്‍ കണ്ണിന്റെ കാഴ്ച കുറഞ്ഞു. തടി അല്പം കൂടി. പിന്നെ വര്‍ത്തമാനവും ചിരിയും എല്ലാം പണ്ടത്തെ പോലെത്തന്നെ.

ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തിലെ എലഞ്ഞിത്തറ മേളം ആസ്വ്ദിക്കാന്‍ പോകുമ്പോള്‍ ഞാന്‍ ദാസേട്ടന്റെ വീട്ടുമുറ്റത്തെ എലഞ്ഞിയെപ്പറ്റി ഓര്‍ക്കാറുണ്ട്.







10 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്നെ കണ്ടപ്പോള്‍ എലഞ്ഞി മുത്തശ്ശന്‍ ഒരു വാടാത്ത് പൂവ് എനിക്ക് വീഴ്ത്തിത്തന്നു. ദാസേട്ടന്‍ അത് പെറുക്കി എനിക്ക് തന്നു. അങ്ങിനെ ഞാന്‍ എന്റെ കളിക്കൂട്ടുകാരിയും മുറപ്പെണ്ണുമായ ഉമയേയും ഓര്‍ത്തു. ഹേമയും ഞാനും സമപ്രായക്കാരായിരുന്നു. ഉമ എന്നെക്കാളും നാലഞ്ച് വയസ്സ് എളപ്പ്മായിരുന്നു. ചുരുണ്ട തലമുടിയുള്ള് ഉമയെ പറ്റി പിന്നീടൊരിക്കല്‍ പറയാം. ഉമയെ പറ്റി പറയുമ്പോള്‍ തറവാട്ടിലെ പലരേയും ഓര്‍ക്കണം.

Jazmikkutty said...

നല്ല അനുഭവങ്ങള്‍....നന്നായി എഴുതി..

ഒരു നുറുങ്ങ് said...

എഴുത്തിലുടനീളം നിര്‍മലമായ എലഞ്ഞിപ്പൂമണം അടിച്ചുവീശുന്നല്ലോ.
ആശംസകളോടെ,

Muralee Mukundan , ബിലാത്തിപട്ടണം said...

എലഞ്ഞി മുത്തശ്ശന്റെ കഥയും ദാസേട്ടന്റെ ചരിത്രവും ആസ്വദിച്ചു..
പിന്നാലെ ആ ഉമാചരിതവും പോരട്ടേ

ഇലഞ്ഞിപൂക്കള്‍ said...

ഇലഞ്ഞിപൂക്കളുടെ സുഗന്ധം,അത് ബാല്യകാലസ്മരണകള്‍പോലെ മധുരതരമാണ്, ഗൃഹാതുരത്വമുണര്‍ത്തുന്നതാണ്.. മനസ്സില്‍ നിന്നും മരണത്തിനും മായ്ക്കാനാവുമോ എന്തോ..

ഇലഞ്ഞിപൂക്കള്‍ said...

ഇലഞ്ഞിപൂക്കളുടെ സുഗന്ധം,അത് ബാല്യകാലസ്മരണകള്‍പോലെ മധുരതരമാണ്, ഗൃഹാതുരത്വമുണര്‍ത്തുന്നതാണ്.. മനസ്സില്‍ നിന്നും മരണത്തിനും മായ്ക്കാനാവുമോ എന്തോ..

jayanEvoor said...

എന്റെ തറവാട്ടിലുമുണ്ട് രണ്ടിലിലഞ്ഞിയും, നിറയെ ആഞ്ഞിലി(അയിനി)കളും!

അതൊക്കെ ഓർമ്മ വന്നു!
നന്ദി!

creative world of nirmalajames said...

ചെറുപ്പത്തില്‍ ഇലഞ്ഞിപ്പൂക്കള്‍ പെരുക്കുന്നതും മാല കൊരുക്കുന്നതും ഓര്‍ത്തുപോയി .ഇലഞ്ഞി പ്പൂക്കളുടെ മണംഇന്ന് എത്ര കുട്ടികള്‍ക്കറിയാം ?

സുജയ-Sujaya said...

ഇലഞ്ഞിപൂ മണം ഒഴുകി വരുന്നു, ഇന്ദ്രിയങ്ങളിൽ.....

നന്നായിട്ടുണ്ട് - വളരെ ഹൃദ്യം.

സുജയ-Sujaya said...

ഇലഞ്ഞി പൂമണം ഒഴുകി വരുന്നു, ഇന്ദ്രിയങ്ങളിൽ....

ഹൃദ്യം.