ബ്ലോഗെഴുത്തുകാർക്ക് സാഹിത്യ അക്കാദമിയിലേക്ക് സ്വാഗതം!
പ്രിയമുള്ള ബ്ലോഗെഴുത്തുകാരേ,
ലോക മാതൃഭാഷാ ദിനമായ ഇന്ന് വളരെ സന്തോഷമുള്ള ഒരു വർത്തമാനം നിങ്ങളുമായി പങ്കു വയ്ക്കട്ടെ.
തൃശൂർ വച്ച് 2013 ഫെബ്രുവരി അവസാനവാരം മുതൽ മാർച്ച് ആദ്യവാരം വരെ നീണ്ടുനിൽക്കുന്ന ദേശീയ പുസ്തകപ്രദർശനത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി ബ്ലോഗെഴുത്തുകാർക്ക് മുഖ്യധാരാ എഴുത്തുകാരുമായി ഒരു വേദിയിൽ സംഗമിക്കാനും സംവദിക്കാനും അവസരമൊരുക്കുന്നു.
മാർച്ച് മാസം 3 ന് രാവിലെ 10 മണി മുതൽ 3 മണി വരെ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ചാണ് ഇത് സംഘടിപ്പിക്കുന്നത്.
ദേശാന്തരങ്ങൾ കടന്ന് മലയാളം എഴുത്തും വായനയും പടർത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും നിസ്തുലമായ പങ്കു വഹിക്കുന്ന ബ്ലോഗ് പ്രസ്ഥാനത്തെ കേരള സാഹിത്യ അക്കാദമി വളരെ ഗൌരവത്തോടെ കാണുന്ന ഈ അവസരത്തിൽ കഴിയുന്നത്ര ബ്ലോഗർ സുഹൃത്തുക്കൾ പ്രസ്തുത ദിവസം തൃശൂർ കേരള സാഹിത്യ അക്കാദമിഹാളിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
പെട്ടെന്നറിഞ്ഞ സംഭവമായതിനാൽ വളരെ ചുരുങ്ങിയ മുന്നൊരുക്കങ്ങൾക്കേ സമയമുള്ളൂ എങ്കിലും ഭാഷാസ്നേഹികളും മലയാളം ബ്ലോഗെഴുത്തിനെ ഗൌരവമായി കാണുന്നവരുമായ മുഴുവൻ ബ്ലോഗെഴുത്തുകാരും ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന ആഗ്രഹം ഉള്ളതിനാലാണ് 2013 ഏപ്രിൽ മാസം തിരൂർ തുഞ്ചൻപറമ്പിൽ വച്ച് വിശാലമായ ഒരു ബ്ലോഗർ സംഗമം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഈ സംരംഭത്തിൽ പങ്കാളിയാകാം എന്ന് തീരുമാനിച്ചത്.
മലയാളം ബ്ലോഗ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രണേതാക്കളിൽ ഒരാളായ വിശ്വപ്രഭ മാഷാണ് ഇതെക്കുറിച്ച് അറിയിക്കുകയും, വേണ്ടതു ചെയ്യണം എന്നഭ്യർത്ഥിക്കുകയും ചെയ്തത്. ഈ വിവരം നിരക്ഷരൻ, സാബു കൊട്ടോട്ടി എന്നിവരോടും പങ്കു വച്ചിട്ടുണ്ട്.
തിരൂർ എത്താൻ കഴിയാത്ത ബ്ലോഗർമാർക്ക് ഒത്തുകൂടാൻ ഒരു സുവർണാവസരം കൂടിയാണ് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ഒരുങ്ങുന്നത് എന്നതിനാൽ ഭൂമിമലയാളത്തിലുള്ള എല്ലാ ബൂലോഗവാസികളും ഇതിലെവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമാറാകട്ടെ!
മലയാളം പറയുകയും എഴുതുകയും വായിക്കുകയും, മലയാളത്തിൽ ചിന്തിക്കുകയും ചെയ്യുന്ന ഒരു ജനത ഈ മണ്ണിൽ നിലനിൽക്കാനും വംശവർദ്ധന നടത്താനും ഇടവരട്ടെ എന്ന് ഈ ലോക മാതൃഭാഷാദിനത്തിൽ പ്രത്യശിച്ചുകൊണ്ട് നിങ്ങളെ ഏവരെയും മാർച്ച് മൂന്നാം തീയതി ഞായറാഴ്ച തൃശൂരേക്ക് സ്വാഗതം ചെയ്യുന്നു!
കടപ്പാട് : ജയന്‍ ദാമോദരന്‍ [ബ്ലോഗര്‍]