Showing posts with label ബലി. Show all posts
Showing posts with label ബലി. Show all posts

Tuesday, July 21, 2009

ഇന്ന് കര്‍ക്കിടക വാവ് - ബലി തര്‍പ്പണം




ഇന്ന് കര്‍ക്കിടക വാവ്. ബലി തര്‍പ്പണത്തിനുള്ള പുണ്യ ദിനം.
ഞാന്‍ ഇന്ന് വളരെ നേരത്തെ എണീറ്റ് കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര സന്നിധിയിലെത്തി.

ശ്രീ നാരായണഗുരു ദേവന്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ശിവ ക്ഷേത്രമാണ് ഈ പ്രസ്തുത സ്ഥലം. ഇവിടെ മുങ്ങിക്കുളിച്ച് വരാന്‍ പുഴയോ കായലോ ഒന്നുമില്ലെങ്കിലും പതിനായിരക്കണക്കിനാളുകള്‍ ഇന്ന് ഇവിടെയെത്തി കര്‍ക്കിടക വാവു ബലിയിട്ടു.

ഈ ബലിയെന്നാല്‍ എന്താണ്, അതും കര്‍ക്കിടകത്തിലെ വാവു ബലിക്കെന്താ പ്രാധാന്യം എന്നൊക്കെ അറിയുവാനും മന്ത്രം ചൊല്ലിക്കൊടുക്കുന്ന ഒരു ആചാര്യനെ സമീപിച്ചു. പക്ഷെ അദ്ദേഹം പറഞ്ഞു, എനിക്ക് ഇപ്പോ‍ള്‍ അ
ത് പറഞ്ഞ് തരാനാവില്ല - ഇവിടെ മേല്‍ ശാന്തിയുള്ളപ്പോള്‍ അദ്ദേഹത്തെ സമീപിക്കുന്നതായിരിക്കും ഉചിതം എന്ന് പറഞ്ഞു.

ഈ തിരക്കില്‍ മേല്‍ ശാന്തിയെ അന്വേഷിച്ച് ഒരു കീഴ്ശാന്തിയെ സമീപിച്ചപ്പോള്‍ മേല്‍ ശാന്തിയെ ഈ കര്‍മ്മങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പ് കാണാന്‍ പ്രയാസമാണെന്ന് അറിഞ്ഞു. പിന്നീട് ക്ഷേത്ര സന്നിധിയിലും യോഗം ഓഫീസിലും പലരോടും ചോദിച്ചുവെങ്കിലും എനിക്ക് ആ അറിവ് ലഭിക്കുവാനോ വായനക്കാര്‍ക്ക് പകര്‍ന്ന് കൊടുക്കുവാനോ കഴിഞ്ഞില്ല.

ഞാനും ബലിയിടാറുണ്ട്. പക്ഷെ അന്നൊന്നും ഈ വക കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കനുള്ള യോഗം ഉണ്ടായില്ല. കോഴിക്കോട് സ്കൂള്‍ ടീച്ചറായ എന്റെ ബ്ലൊഗര്‍ സുഹൃത്തിനേയും, കുന്നംകുളത്തുള്ള എന്റെ ഒരു ബന്ധുവായ ഞാന്‍ കുട്ടന്‍ നായരെന്ന് വിളിക്കുന്ന സജീവ് കുട്ടനേയും വിളിച്ചുവെങ്കിലും അവര്‍ക്കൊന്നും എനിക്ക് വേണ്ട സമയത്ത് വിവരങ്ങള്‍ തരാനായില്ല.
++ ഞാന്‍ ഉള്ള സമയം കൊണ്ട് കുറച്ച് ഫോട്ടോസ് എടുത്തു.

ബഹുമാനപ്പെട്ട വായനക്കാര്‍ക്ക് ആര്‍ക്കെങ്കിലും ആധികാരികമായി എന്താണ് ഈ കര്‍ക്കിട വാവിലെ ബലിതര്‍പ്പണം എന്നും എന്താണ് അതിന്റെ പിന്നിലെ സങ്കല്‍പ്പമെന്നും പറഞ്ഞ് തന്നാല്‍ ഇവിടെ പ്രസിദ്ധീകരിക്കാമായിരുന്നു.

ഞാന്‍ പണ്ട് ചരമമടഞ്ഞ എന്റെ അഛന്റെ അഛനും, അമ്മക്കും, വലിയഛനും ഒക്കെയായി ബലിയിടുമായിരുന്നു. അന്ന് ഞാനെന്റെ തറവാടായ ഞമനേങ്ങാട്ടായിരുന്നു വാസം. തറവാട്ട് ഭാഗം വെക്കുന്ന തിരക്കില്‍ പാപ്പന്‍ പറഞ്ഞു, കുഞ്ഞേട്ടന്‍ [എന്റെ അഛന്‍] ഈ വീട്ടില്‍ നിന്ന് ഇറങ്ങിത്തന്നാലേ ഞാന്‍ ഭാഗാധാരത്തില്‍ ഒപ്പിടുകയുള്ളൂവെന്ന്.

തറവാട്ടിനുവേണ്ടി അഹോരാത്രം പണിയെടുത്ത് പെങ്ങമ്മാരെയെല്ലാം കെട്ടിച്ചയച്ച്, ഓലമേഞ്ഞ തറവാടിന്റെ തട്ടിന്‍ പുറമെല്ലാം ഓടാക്കി. ആ നാട്ടില്‍ ഓരോ വര്‍ഷവും ഒരു കിണര്‍ കുത്തണം. ഒരു വര്‍ഷക്കാലം കഴിയുമ്പോള്‍ അത് ഇടിഞ്ഞ് വീഴും. അങ്ങിനെ എന്റെ പിതാവാണ് ആ നാട്ടില്‍ ആദ്യത്തെ കല്‍കിണര്‍ സ്ഥാപിച്ചത്. അതും ആ മ
ഹാത്മന്‍ ഞങ്ങളുടെ തറവാട്ട് മുറ്റത്ത് കിണര്‍ കുത്താതെ അയലത്തുകാര്‍ക്കു ഉപയോഗ്യമാക്കുന്ന രീതിയില്‍ ഞങ്ങളുടെ പറമ്പിന്റെ അതിര്‍ത്തിയിലാണ് കിണര്‍ സ്ഥാപിച്ചത്.

പാപ്പനാണെങ്കില്‍ തറവാട്ടിന് വേണ്ടി ഒന്നും ചെയ്യാത്ത ഒരു ക്രൂരന്‍ മാത്രമായി ഒതുങ്ങി. പാപ്പനു കൂട്ടായി അച്ചമ്മയും. എല്ലാം ചെയ്യുന്ന എന്റെ പിതാവി ഒരു രാത്രി കൊണ്ട് പുറത്തായി. ചട്ടിയും കലവുമെടുത്തെ ആ രാത്രി തന്നെ തറവാട്ട് പടിയിറങ്ങി.

++ അഛന്റെ കാല ശേഷം ബലിയിടുവാനൊന്നും ഞങ്ങളെ ഞങ്ങളുടെ മാതാവ് ഉപദേശിച്ചില്ല. അതിന്റെ ആവശ്യമില്ലെന്നും അത് ഒഴിവാക്കുവാനുള്ള എന്തോ കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

കാലങ്ങള്‍ കടന്ന് പോയി. അങ്ങിനെ ഒരു ദിവസം എന്റെ മാതാവും ഇഹലോക വാസം വെടിഞ്ഞു. ശേഷക്രിയകളും മറ്റും മൂത്ത മകനായ ഞാന്‍ ചെയ്തു. എന്റെ അഛന്‍ ഞമനേങ്ങാട്ടിലെ തറവാട്ടില്‍ നിന്ന് പടിയിറങ്ങിയത് മുതല്‍ ഞങ്ങള്‍ മാതാവിന്റെ ജന്മസ്ഥലമായ ചെറുവത്താനിയില്‍ വീട് വെച്ച് സ്ഥിരതാമസമാക്കി. അങ്ങിനെ ഇപ്പോള്‍ എന്റെ രണ്ടാമത്തെ തറവാട് ചെറുവത്താനിയാണ്.

മാതാവിന്റെ ശേഷ ക്രിയകളെല്ലാം കഴിഞ്ഞ് ഞാന്‍ എന്റെ വാസസ്ഥലമായ തൃശ്ശിവപേരൂര്‍ക്ക് പോകുന്ന അന്നാണ് ഞാന്‍ മനസ്സിലാക്കിയത് എന്റെ മാതാവ് എന്നോട് ചെയ്ത ക്രൂരത. സ്വത്തുക്കളെല്ലം എന്റെ സഹോദരന്റെ മകന്റെ പേര്‍ക്ക് എഴുതി വെച്ചു - മരണപത്രമായി.

അതായത് എനിക്ക് ഒന്നും തരാതെ, എന്റെ സഹോദരന്റെ മകന്. എനിക്കും മക്കള്‍ ഉണ്ട്. അവര്‍ക്കൊന്നും ഇല്ല. മരണപത്രത്തില്‍ ഒരു ഔദാര്യം കാട്ടാന്‍ മാതാവ് മറന്നില്ല. എനിക്ക് മരണം വരെ തറവാട്ടില്‍ താമസിക്കാനുള്ള അവകാശം നില നിര്‍ത്തി. വേണമെങ്കില്‍ പാടത്ത് കൃഷിയിറക്കാം. സ്വത്ത് ക്രയവിക്രയം ചെയ്യാനോ, ഉടമസ്ഥാവകാശം ചെയ്യാനോ പാടില്ല.

മാതാവിന്റെ ആദ്യത്തെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച്, ബലിയിടല്‍ മുതലായ കര്‍മ്മങ്ങള്‍ക്ക് എന്നെ ക്ഷണിച്ചുവെങ്കിലും, ഞാന്‍ അതില്‍ പങ്കുകൊള്ളാതെ എന്റെ പ്രതിഷേധം അറിയിച്ചു. അങ്ങിനെ ഇന്നും [21-07-09] ഞാന്‍ എന്റെ മാതാവിന് വേണ്ടി ബലിയിട്ടില്ല.

എന്നെ സ്നേഹിച്ചില്ലെങ്കിലും, സഹോദരന്റെ മകനെപ്പോലെ തന്നെയല്ലേ എന്റെ മക്കളും ആ മാതാവിന്.

ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് ഇന്നേ വരെ ബോധ്യമായിട്ടില്ല. ഓരോ കര്‍ക്കിടക വാവു വരുമ്പോളും എന്റെ സഹധര്‍മ്മിണി പറയാറുണ്ട് എല്ലാം മറന്ന് - മാതാവിന് ബലിയര്‍പ്പിക്കാന്‍.......








Posted by Picasa