Friday, July 13, 2012

സമാന്തരങ്ങള്‍

എന്റെ കൂട്ടുകാരി ദീപ കേശവിന്റെ ഒരു കവിത

സമാന്തരങ്ങള്‍
==========
എന്റെയും, നിന്റെയും ആശങ്കകള്‍ സഞ്ചരിക്കുന്നത് ,
ഒരുമിച്ചുകെട്ടി ചുരുളഴിക്കാന്‍ ആകാത്തവിധം
അകലങ്ങളിലായ,
സമാന്തരപാതയിലൂടെയാണ് .
നമ്മുടെ ആശങ്കകളാകട്ടെ,
പരസ്പര വിശ്വാസമില്ലയ്മയില്‍ ജന്മമെടുത്തവയും..

സ്നേഹിക്കുമ്പോഴും, വിശ്വസിക്കാതിരിക്കുക ...!
പ്രണയിക്കുമ്പോഴും, വെറുക്കുക..!!
മാറോടു ചേര്‍ക്കുംപോഴും, മനസ്സകലെയാക്കുക..

അതെ, നമ്മുടെ പാത സമാന്തരം !!!
ഇവിടെ നിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍
എന്റെ ആവനാഴിയിലില്ല ..

നാമിവിടെ ബന്ധങ്ങളുടെ ബന്ധനങ്ങള്‍
കൊടിമരത്തില്‍ കെട്ടി നിര്‍ത്തി പതം പറഞ്ഞു പഴിചാരുമ്പോഴും...
സംശയം ഒന്ന് ബാക്കി..

ഭൂമുഖത്ത് നാം ഒരോര്‍മ്മയാകും കാലത്ത് ,
നിന്റെ ഈ ബന്ധങ്ങള്‍ ,
ചീയാതിരിക്കാന്‍ നമ്മെ-
ഭസ്മക്കൂമ്പാരത്തില്‍ പാര്‍പ്പിക്കുമോ,
അതോ ചെറുചാരമാക്കി,
നാടടക്കി അടിയന്തിരം ഘോഷിച്ചു,
പുഴയില്‍ കുളിപ്പിക്കുമോ?

ഉത്തരങ്ങള്‍ എന്നും കാലത്തിനു സ്വന്തം ..

എനിക്കറിയാം, നിനക്കവരെ ഉപേക്ഷിക്കവയ്യെന്നു
ഉപേക്ഷിക്കപ്പെടലൊരു പുതുമയല്ലാത്തതിനാല്‍
പിന്‍ നിരയിലെ ഈ ഒഴിഞ്ഞ ബഞ്ചില്‍ -
നിനക്ക് സമാന്തരമായി ഞാനിരുന്നുകൊള്ളാം.

Wednesday, July 11, 2012