Thursday, December 9, 2010

യോഗ

ഞാന്‍ യോഗ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. എന്റ് പ്രായത്തിലുള്ളവര്‍ക്ക് കൈകാലുകള്‍ പെട്ടെന്ന് വഴങ്ങിക്കിട്ടില്ല. എന്നിരുന്നാലും ഒരു മണിക്കൂറിന്റെ സെഷനിലെ 60 ശതമാനം ആസനങ്ങളും മൂന്ന് മാസത്തിന്നുള്ളില്‍ അഭ്യസിച്ചു.

പുതിയ കുട്ടികളെല്ലാം ചോദിക്കും “ഇവിടുത്തെ യോഗാസന ക്രമങ്ങളുടെ പുസ്തകം കിട്ടുകയാണെങ്കില്‍ നോക്കി മനസ്സിലാക്കാമല്ലോ?“ പക്ഷെ ഇത് വരെ ആരും ഈ “ബ്രഹ്മയോഗ” പ്രസ്ഥാനത്തില്‍ [കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്ര സന്നിധിയിലുള്ളത്] ഇത്തരം പ്രസിദ്ധീ‍രണങ്ങള്‍ ഇറക്കിയിട്ടില്ല എന്നാണെന്റെ അറിവ്.

യോഗയെപ്പറ്റി യൂട്യൂബിലും മറ്റുമായി വിഡിയോ ക്ലിപ്പുകളും ടെക്സ്റ്റ് മെസ്സേജുകളും ലഭ്യമാണെങ്കില്‍ കൂടി അതത് യോഗാ സെന്ററുകളില്‍ ഒരു മണിക്കൂറിലെ സെഷന്‍ ചില പ്രത്യേക ഇനങ്ങളില്‍ ക്രമപ്പെടുത്തിയിരിക്കുന്നു.

പിന്നെ ചിലര്‍ക്ക് ഒരു ധാരണ ഉണ്ട്. യോഗ ആര്‍ക്കും ചെയ്യാം എല്ലാ രോഗ നിവാരണങ്ങള്ക്കും യോഗ അത്യുത്തമമാണ്. പക്ഷെ എല്ലാ യോഗാസനങ്ങളും എല്ലാവര്‍ക്കും അനുയോജ്യമല്ലാ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.

ഉദാഹരണത്തിന് കണ്ണിലെ ഞരമ്പുകള്‍ക്ക് അസുഖവും ബ്ലഡ് പ്രഷറും ഉള്ള രോഗികള്‍ ശീര്‍ഷാസനം ചെയ്യാന്‍ പാടില്ല. പിന്നെ കഴുത്ത് വേദനയുള്ളവര്‍ സര്‍വ്വാംഗാസനം, മത്സ്യാസനം മുതലാ‍യവ ചെയ്താല്‍ ആ അസുഖം കൂടുകയും മറ്റു പല പ്രശ്നങ്ങള്‍ക്ക് വഴി തെളിയിക്കുകയും ചെയ്യും. സ്പോണ്ഡിലോസിസ് അസുഖക്കാരനായ എനിക്ക് ചില ആസനങ്ങളില്‍ കൂടി ചില കഷ്ടപ്പാടുകളുണ്ടായി. ദിവസത്തില്‍ 8 മണിക്കൂറിലധികം കഴിഞ്ഞ 25 കൊല്ലമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച എനിക്ക് ഇന്ന് കഴുത്തും തോളും വേദനയാണ്.

എന്തൊക്കെ യോഗാസനങ്ങള്‍ വിപരീത ഫലം സൃഷ്ടിച്ചേക്കാം അല്ലെങ്കില്‍ ഏതൊക്കെ അസുഖങ്ങള്‍ക്ക് ഏത് ആസനങ്ങള്‍ ഉപയോഗപ്രദമാകും എന്നൊക്കെ അറിയുന്നവര്‍ ഈ വേദി പങ്കിടാന്‍ ഞാന്‍ ക്ഷണിക്കുന്നു।. മേല് പറഞ്ഞ ഉദാഹരണങ്ങള്‍ ആണ് ഞാന്‍ പറയുന്നതിന്റെ ആധാരം.

പ്രമേഹ രോഗികള്‍ക്ക് അത്യുത്തമമായ യോഗാസനമുറകള്‍ ഉണ്ടെന്ന് ഞാന്‍ ഈയിടെ മനസ്സിലാക്കി. അത് ഏതാണെന്നും അറിയാന്‍ ആഗ്രഹം ഉണ്ട്.

എന്റെ അനുഭവങ്ങളും സുഹൃത്തുക്കളുടെ കാഴ്ചപ്പാടും ചേര്‍ത്ത് എന്റെ ബ്ലോഗില്‍ യോഗയെക്കുറിച്ചുള്ള ഒരു ഫീച്ചര്‍ താമസിയാതെ തുടങ്ങുന്നതായിരിക്കും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതാണ്.

എന്റെ പോസ്റ്റില്‍ ഒരു മണിക്കൂര്‍ കൊണ്ട് ചെയ്യാവുന്ന ഒരു സെഷനെപ്പറ്റി പറയുന്നതാണ്. അതില്‍ പടങ്ങളും താമസിയാതെ വിഡിയോ ക്ലിപ്പും ഉണ്ടായിരിക്കും.

വായനക്കാരുടെ പ്രതികരണം പ്രതീ‍ക്ഷിക്കുന്നു.

Friday, December 3, 2010

ഈ ചണ്ടിയൊന്ന് നീക്കിത്തരാമോ ?

ശബരി മല വൃതം മിക്കവര്‍ക്കും ഈ കാലത്താണ്.. ഈ കുളത്തിലെ ചണ്ടിയൊന്ന് നീക്കിക്കിട്ടിയാല്‍ നീന്തിക്കുളിക്കാമായിരുന്നു. തൃശ്ശൂര്‍ കീഴ്തൃക്കോവില്‍ ക്ഷേത്രത്തിലെ കുളം ആണിത്. ഇത്രയും വലിയ കുളത്തിന്റെ കരയില്‍ കൂടി ഞാന്‍ പ്രഭാതത്തില്‍ പോകാറുണ്ട്.

ചണ്ടിയുണ്ടെങ്കിലും ചാടി നീന്തിയാലോ എന്നാലോചിച്ചു ഒരു ദിവസം. അപ്പോള്‍ അവിടെ ഒരു ബോര്‍ഡ് കണ്ടതായി ഓര്‍ക്കുന്നു ഈ കുളത്തില്‍ കുളിക്കാന്‍ പാടില്ല എന്ന്.

ആരെങ്കിലു ഈ കുളമൊന്ന് ശുദ്ധികലശം ചെയ്ത് തന്നാല്‍ എന്നെപ്പോലുള്ളവര്‍ക്ക് കുളിക്കാമായിരുന്നു. ഇനി തിരുവാതിര മുതലായ ഉത്സവങ്ങള്‍ വരുന്നു.

അല്ലെങ്കിലും ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിക്കുവാന്‍ ഒരു രസം തന്നെയാണ്. ഞാന്‍ ഈ വയസ്സിലും ഗുരുവായൂര്‍ പോകുമ്പോള്‍ അവിടുത്തെ ക്ഷേത്രക്കുളത്തില്‍ നീന്തിക്കുളിക്കാറുണ്ട്.

ഒരു ദിവസം തെക്കേമഠം പടിഞ്ഞാറെ ചിറയിലും കുളിച്ചു. ഇനി വടക്കേ ചിറയില്‍ ചാടി കുളിക്കണമെന്നുണ്ട്. അടി കിട്ടുമോ എന്ന് പേടിച്ച് ഇത് വരെ അവിടെ ഇറങ്ങിയിട്ടില്ല.

ചെറുവത്താനിയിലെ എരുകുളത്തില്‍ പോത്തുങ്ങളോടൊപ്പം പണ്ട് കുളിക്കുന്നത് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നു.

ഒരു വലിയ കഥയായി ഇത് പിന്നിടെഴുതാം. ഉച്ചക്ക് കുട്ടാപ്പുവിനേയും കുട്ടിമാളുവിനേയും കാണാന്‍ പോകണം.
ആരാണീ കുട്ടാപ്പുവും കുട്ടിമാളുവും എന്നറിയണമോ?
കുട്ടാപ്പുവിന്റെ ഒരു ഫോട്ടോ ഇവിടെ കാണണം. നോക്കട്ടെ. കുട്ടിമാളുവിന് ഫോട്ടോ എടുക്കാന്‍ ചെന്നാല്‍ നാണമാ. അവളുടെ ഒരു ഫോട്ടോ ഇന്നെടുക്കുന്നുണ്ട്. പിന്നിട് ഇടാം.
+പടങ്ങളൊന്നും കാണാനില്ല. പിന്നീട് ഇടാം